ഹല്‍ദ്വാനിയിലെ ശുദ്ധികലശത്തിനെതിരായ വിമര്‍ശനം; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്
രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് എഫ്‌ഐആര്‍

ഡെറാഡൂണ്‍: ഹല്‍ദ്വാനിയിലെ ശുദ്ധികലശത്തെ വിമർശിച്ചും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പിന്തുണച്ചും നടത്തിയ പരാമർശത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍. കോട്വാലി പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് എഫ്‌ഐആര്‍. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് നേരെയുള്ള അതിക്രമം തടയല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
ഹല്‍ദ്വാനിയില്‍ നടന്നത് ഒരു ആചാരമാണെന്നും ദലിതര്‍ക്കെതിരായ വിവേചനമല്ലെന്നും പരാതിക്കാരന്‍ പറയുന്നു. 'മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ജാതിയും വ്യക്തിത്വവും ലക്ഷ്യം വെച്ചല്ല ഈ ചടങ്ങ് നടത്തിയത്. ശുദ്ധികലശത്തില്‍ യാഗം നടത്തിയ സംഘാടകരില്‍ ഒരാളായ അങ്കിത് പാല്‍ ഒരു ദലിത് വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ്. ഞങ്ങള്‍ക്ക് ബിജെപിയുമായി യാതൊരു ബന്ധവുമില്ല,' എന്നും സംഘാടകര്‍ പറഞ്ഞു.
സംഭവത്തില്‍ കേസ് എടുക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആവശ്യം. ഹല്‍ദ്വാനിയിലെ ശുദ്ധികലശം അയിത്താചരണത്തിന് തുല്യമാണ്. ബിജെപി ഉത്തരാഖണ്ഡ് സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്ര ഭട്ടാകട്ടെ ഇതിനെ ന്യായീകരിക്കുകയാണ് ചെയ്തത്. ദലിത് ജനവിഭാഗങ്ങള്‍ സമൂഹത്തില്‍ മാന്യതയോടെ ജീവിക്കണമെന്ന് ബിജെപിയും ആര്‍എസ്എസും ആഗ്രഹിക്കുന്നില്ലെന്നതിന്റെ തെളിവാണ് ഈ സംഭവം.
ഉത്തരാഖണ്ഡില്‍ ഖാര്‍ഗെയ്ക്ക് നീതി ഉറപ്പാക്കേണ്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് സംഘാടകര്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
ആഗസ്റ്റ് എട്ടിനാണ് ഹല്‍ദ്വാനിയിലെ രാംലീലാ മൈതാനത്ത് ഖാര്‍ഗെ പങ്കെടുത്ത കോണ്‍ഗ്രസ് റാലി നടന്നത്. തുടര്‍ന്ന് ആഗസ്റ്റ് പത്തിന് വലതുപക്ഷ സംഘടനയായ ശ്രീറാം സേന അതേ വേദിയില്‍ ശുദ്ധികലശം നടത്തുകയായിരുന്നു.
Adjust Story Font
16

