'ഹരിജൻ','ഗിരിജൻ' വാക്കുകൾ നിരോധിച്ച് ഹരിയാന
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ സൂചിപ്പിക്കാൻ ഇനി മുതൽ ഈ വാക്കുകൾ ഉപയോഗിക്കരുത് എന്നാണ് ചൊവ്വാഴ്ച ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്

ചണ്ഡീഗഡ്: ഹരിയാനയിൽ ഔദ്യോഗിക രേഖകളിൽ നിന്ന് 'ഹരിജൻ', 'ഗിരിജൻ' എന്നീ വാക്കുകൾ നിരോധിച്ചു. പകരം SC/ST , പട്ടികജാതി, പട്ടികവർഗം എന്നിങ്ങനെ രേഖപ്പെടുത്തും. നേരത്തെ ഉപയോഗിച്ചിരുന്ന വാക്കുകൾ അധിക്ഷേപകരമാണെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് സർക്കാർ നീക്കം.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ സൂചിപ്പിക്കാൻ ഇനി മുതൽ ഈ വാക്കുകൾ ഉപയോഗിക്കരുത് എന്നാണ് ചൊവ്വാഴ്ച ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
ഇന്ത്യൻ ഭരണഘടനയിൽ എവിടെയും ഈ വിഭാഗങ്ങളെ സൂചിപ്പിക്കാൻ ‘ഹരിജൻ’, ‘ഗിരിജൻ’ എന്നീ വാക്കുകൾ ഉപയോഗിച്ചിട്ടില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. പകരം ‘പട്ടികജാതി’, ‘പട്ടികവർഗ്ഗം’ എന്നീ ഔദ്യോഗിക നാമങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. കേന്ദ്ര സർക്കാരിന്റെ മുൻപുള്ള നിർദ്ദേശങ്ങൾ പല വകുപ്പുകളും കൃത്യമായി പാലിക്കുന്നില്ല എന്ന് കണ്ടതിനെത്തുടർന്നാണ് ഹരിയാന സർക്കാർ ഇപ്പോൾ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
മഹാത്മാഗാന്ധിയാണ് പട്ടികജാതി വിഭാഗക്കാരെ ‘ദൈവത്തിന്റെ മക്കൾ’ എന്ന അർത്ഥത്തിൽ ‘ഹരിജൻ’ എന്ന് വിളിച്ചിരുന്നത്. എന്നാൽ ഡോ ബി.ആർ അംബേദ്കർ ഈ പ്രയോഗത്തോട് വിയോജിച്ചിരുന്നു. ഇനി മുതൽ സർക്കാർ രേഖകളിലും കത്തുകളിലും സർവകലാശാലാ രേഖകളിലും ഈ വാക്കുകൾ പൂർണമായും ഒഴിവാക്കണമെന്ന് സർക്കാർ കർശനമായി നിർദേശിച്ചു.
Adjust Story Font
16

