ദലിത് ഐപിഎസ് ഓഫീസറുടെ ആത്മഹത്യ; ഹരിയാന ഡിജിപിയെ നിര്‍ബന്ധിത അവധിയിൽ വിട്ടു
സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരമാണ് ശത്രുജീത് കപൂർ അവധിയില്‍ പോയത്

ഹരിയാന ഡിജിപി ശത്രുജീത് കപൂർ Photo| Google
ചണ്ഡിഗഡ്: ഐപിഎസ് ഓഫീസറുടെ ആത്മഹത്യയിൽ ഹരിയാന ഡിജിപിയെ അവധിയില്‍ വിട്ടു. സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരമാണ് ശത്രുജീത് കപൂർ അവധിയില്‍ പോയത് . പുരൺ കുമാറിന്‍റെ ആത്മഹത്യക്കുറിപ്പില്‍ ഡിജിപിക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു. കുമാറിന്‍റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളെ തുടർന്നാണ് നീക്കം.റോഹ്തക് പൊലീസ് സൂപ്രണ്ടായിരുന്ന നരേന്ദ്ര ബിജാർനിയയെ സ്ഥലംമാറ്റി ദിവസങ്ങൾക്ക് ശേഷമാണ് തീരുമാനം.
ഡിജിപി അവധിയിൽ പ്രവേശിച്ചതായി ഹരിയാന മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് രാജീവ് ജെയ്റ്റ്‌ലി സ്ഥിരീകരിച്ചു. ദലിത് ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ മേലുദ്യോഗസ്ഥര്‍ ജാതിയുടെ പേരിൽ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി.കപൂറിനെയും ബിജാർനിയയെയും എഫ്‌ഐആറിൽ ഉൾപ്പെടുത്തണമെന്ന് കുമാറിന്‍റെ ഭാര്യയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയുമായ അമ്നീത് പി. കുമാർ ആവശ്യപ്പെട്ടു. നടപടിയെടുക്കുന്നതുവരെ പോസ്റ്റ്‌മോർട്ടത്തിനും സംസ്‌കാരത്തിനും കുടുംബം സമ്മതം നൽകിയിട്ടില്ല.
2001 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസുമായ കുമാറിനെ(52) ഒക്ടോബർ 7 ന് ഛണ്ഡീഗഡിലെ വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഒൻപത് പേജുള്ള ആത്മഹത്യ കുറിപ്പിന്‍റെ അടിസ്ഥാനത്തിൽ കപൂർ, ബിജാർനിയ, മറ്റ് നിരവധി മുതിർന്ന പൊലീസ്, ഐഎഎസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ നിരവധി രാഷ്ട്രീയ നേതാക്കൾ ചണ്ഡീഗഡിലെ സെക്ടർ 24 ലെ കുടുംബത്തെ സന്ദർശിച്ചിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചൊവ്വാഴ്ച കുടുംബത്തെ സന്ദര്‍ശിച്ചേക്കും. തിങ്കളാഴ്ച കുമാറിന്‍റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ, കുറ്റക്കാരാണെന്ന് കണ്ടെത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി ഉറപ്പ് നൽകിയതായി അറിയിച്ചു.
തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക, റോഹ്തക്കിൽ നിന്നുള്ള കോൺഗ്രസ് എംപി ദീപേന്ദർ സിങ് ഹൂഡ, ഐഎൻഎൽഡി മേധാവി അഭയ് സിങ് ചൗട്ടാല, പഞ്ചാബ് ധനമന്ത്രിയും എഎപി നേതാവുമായ ഹർപാൽ സിംഗ് ചീമ എന്നിവരുൾപ്പെടെ പ്രതിപക്ഷ നേതാക്കളെല്ലാം കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16

