എന്തറിഞ്ഞിട്ടെന്താ, യോഗ അറിയില്ലെങ്കിൽ സർക്കാർ ജോലിക്ക് യോഗമില്ല; മത്സരപരീക്ഷകളിൽ യോഗ നിർബന്ധമാക്കി ഹരിയാന സർക്കാർ
ഈ അധ്യായന വർഷം എട്ടാം ക്ലാസിലും വരാനിരിക്കുന്ന അധ്യയന വർഷത്തിൽ മൂന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതിയിലും യോഗ ഔദ്യോഗികമായി ഉൾപ്പെടുത്തുമെന്നും നയാബ് സിങ് സൈനി പ്രഖ്യാപിച്ചു

- Updated:
2026-06-21 07:31:05

ചണ്ഡീഗഢ്: ഹരിയാനയിൽ സർക്കാർ ജോലിക്കായുള്ള മത്സരപരീക്ഷകളിൽ യോഗയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നിർബന്ധമാക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പഞ്ച്കുളയിൽ നടന്ന സംസ്ഥാനതല ചടങ്ങിൽ പങ്കെടുത്തുകൊണ്ട് ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനിയാണ് ഈ പ്രഖ്യാപനം നടത്തിയത്.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അനുസരിച്ച് ഹരിയാന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, ഹരിയാന പബ്ലിക് സർവീസ് കമ്മീഷൻ എന്നിവ നടത്തുന്ന എല്ലാ സർക്കാർ ജോലിക്കായുള്ള മത്സരപരീക്ഷകളിലും യോഗയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഇനി മുതൽ നിർബന്ധമായി ഉൾപ്പെടുത്തും. ഇതിനായി സംസ്ഥാനത്തിന്റെ പരീക്ഷാ നയത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൊഴിൽ പരീക്ഷകൾക്ക് പുറമെ, സ്കൂൾ വിദ്യാഭ്യാസത്തിലും യോഗ നിർബന്ധമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഈ അധ്യായന വർഷം എട്ടാം ക്ലാസിലും വരാനിരിക്കുന്ന അധ്യയന വർഷത്തിൽ മൂന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതിയിലും യോഗ ഔദ്യോഗികമായി ഉൾപ്പെടുത്തും. സ്കൂളുകളിൽ യോഗാഭ്യാസം സുഗമമാക്കുന്നതിന് കായികാധ്യാപകർക്ക് ആവശ്യമായ പരിശീലനം നൽകും. കൂടാതെ, സംസ്ഥാന സർക്കാരിന്റെ കായിക നയത്തിന് കീഴിൽ യോഗാസനത്തെ ഒരു കായിക ഇനമായി അംഗീകരിക്കുമെന്നും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്പോർട്സ് ഡിപ്പാർട്ട്മെന്റുകളെ 'ഡിപ്പാർട്ട്മെന്റ് ഓഫ് സ്പോർട്സ് ആൻഡ് യോഗ' എന്ന് പുനർനാമകരണം ചെയ്യുമെന്നും മുഖ്യമന്ത്രി നായബ് സിങ് സൈനി അറിയിച്ചു.
Adjust Story Font
16
