Quantcast

'കുട്ടികളെയുമെടുത്ത് അറിയാവുന്ന വഴികളിലൂടെ അയാള്‍ ഓടി'; പഹല്‍ഗാമില്‍ ഛത്തീസ്ഗഢില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് രക്ഷകനായ നസാഖത്ത് ഷാക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

മുസ്ലിംകള്‍ എല്ലാം മോശക്കാരല്ലെന്നും ചിലയാളുകള്‍ കാരണമുണ്ടായ തെറ്റിദ്ധാരണയാണതെന്നും സായ് കൂട്ടിച്ചേര്‍ത്തു.

MediaOne Logo

Web Desk

  • Published:

    4 May 2025 10:01 PM IST

കുട്ടികളെയുമെടുത്ത് അറിയാവുന്ന വഴികളിലൂടെ അയാള്‍ ഓടി; പഹല്‍ഗാമില്‍ ഛത്തീസ്ഗഢില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് രക്ഷകനായ നസാഖത്ത് ഷാക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി
X

റായ്പൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനിടയില്‍ ചത്തീസ്ഗഢില്‍ നിന്നുള്ള ടൂറിസ്റ്റുകളെ രക്ഷിച്ച കശ്മീരി യുവാവിന് നന്ദി പറഞ്ഞ് ചത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്. ടൂറിസ്റ്റ് ഗൈഡ് ആയ നസാഖത്ത് ഷാ ആണ് മൂന്ന് കുട്ടികളും നാല് കുടുംബങ്ങളുമടങ്ങുന്ന ടൂറിസ്റ്റുകളെ രക്ഷിച്ചത്. മുസ്ലിംകള്‍ എല്ലാം മോശക്കാരല്ലെന്നും ചിലയാളുകള്‍ കാരണമുണ്ടായ തെറ്റിദ്ധാരണയാണതെന്നും സായ് കൂട്ടിച്ചേര്‍ത്തു.

ഛത്തീസ്ഗഢിലെ മാനേന്ദ്രഗഡ്-ചിര്‍മിരി- ഭരത്പൂര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് കുട്ടികളടങ്ങുന്ന പതിനൊന്നംഗ സംഘവുമായി നസാഖത്ത് ഷാ പഹല്‍ഗാമിലെ ബൈസരന്‍ വാലി ചുറ്റിക്കാണിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സംഘത്തിലെ രണ്ട് കുട്ടികളെയും കൈയ്യിലെടുത്ത് ഓടിയ ഷാ കൂടെയുള്ളവരെയും രക്ഷപ്പെടുത്തി. പ്രാദേശിക ബിജെപി നേതാക്കളായ അരവിന്ദ് എസ് അഗര്‍വാള്‍, കുല്‍ദീപ് സ്ഥാപക്, ശിവാന്‍ശ് ജെയ്ന്‍, ഹാപ്പി വാധവന്‍ എന്നിവരടങ്ങുന്ന സംഘത്തെയാണ് ഷാ രക്ഷപ്പെടുത്തിയത്.

ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്യുന്ന ഷാ ശൈത്യകാലങ്ങളില്‍ ഛത്തീസ്ഗഢിലെ ചിര്‍മിരിയില്‍ ഷാള്‍ വില്‍പന നടത്താറുണ്ട്. ഇതുവഴി യാത്രാ സംഘവുമായി ഷാക്ക് നേരത്തെ പരിചയമുണ്ട്.

പഹല്‍ഗാം ആക്രമണത്തെ മുഖ്യമന്ത്രി അപലപിച്ചു. ഏപ്രില്‍ 22ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ ഛത്തീസ്ഗഢ് സ്വദേശിയായ ദിനേശ് മിറാനിയ അടക്കം 26 ടൂറിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.

TAGS :

Next Story