Quantcast

ഗ്യാൻവ്യാപി: മസ്ജിദ് കമ്മിറ്റിയുടെ വാദം കേൾക്കുക നാളെ

ഹരജി നിലനിൽക്കും എന്ന എതിർകക്ഷികളുടെ വാദമായിരുന്നു ഇന്ന് നടന്നത്

MediaOne Logo

Web Desk

  • Updated:

    2022-05-26 10:48:01.0

Published:

26 May 2022 10:44 AM GMT

ഗ്യാൻവ്യാപി: മസ്ജിദ് കമ്മിറ്റിയുടെ വാദം കേൾക്കുക നാളെ
X

ഗ്യാൻവ്യാപി: ഗ്യാൻവാപി കേസിൽ മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷയിൽ വാരാണസി ജില്ലാ കോടതി നാളെ ആദ്യം വാദം കേൾക്കും. സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യം വാദം കേൾക്കണമെന്നുള്ള ഹരജിയിലാണ് തീരുമാനം. നിത്യാരാധന ആവശ്യപ്പെട്ട് വിശ്വവേദിക് സനാതൻ സംഘ് നൽകിയ ഹരജി നിലനിൽക്കില്ലെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ വാദം. സർവേ റിപ്പോർട്ടിൽ ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം സമർപ്പിക്കാനും കക്ഷികൾക്ക് കോടതി നിർദേശം നൽകി.

ഹരജി നിലനിൽക്കും എന്ന എതിർകക്ഷികളുടെ വാദമായിരുന്നു ഇന്ന് നടന്നത്. ശിവലിംഗം കണ്ടെത്തിയെന്നത് അപവാദപ്രചാരമാണെന്ന വാദമാണ് മസ്ജിദ് കമ്മിറ്റി ഉയർത്തുന്നത്. ഹരജിയിൽ വാദം തുടരുകയാണ്. എന്നാൽ ആരാധനാലയങ്ങൾക്ക് സംരക്ഷണം നൽകുന്ന നിയമം ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ കൂടുതൽ ഹരജികൾ ഫയൽ ചെയ്തു. വാരാണസി സ്വദേശിയായ രുദ്ര വിക്രം സിങ് ആണ് ഹരജി നൽകിയത്. നിയമത്തിലെ വ്യവസ്ഥകൾ പുനപ്പരിശോധിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

കോടതിയിലെ നടപടിക്രമങ്ങൾ സംബന്ധിച്ച് ഒരു വിഭാഗത്തിന് മാത്രം അനുകൂലമായ തരത്തിലുള്ള വാർത്തകൾ പുറത്തുപോകുന്നുവെന്ന് കോടതി നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. കേസിന്റെ സങ്കീർണതയും വൈകാരികതയും പരിഗണിച്ചാണ് സുപ്രിംകോടതി ഹരജികൾ ജില്ലാ ജഡ്ജിക്ക് കൈമാറിയത്. കേസുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും ജില്ലാ ജഡ്ജിക്ക് കൈമാറിയതായി സർക്കാർ കൌൺസിൽ മഹേന്ദ്ര പ്രസാദ് പാണ്ഡെ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ജില്ലാ ജഡ്ജി തീർപ്പ് കൽപ്പിക്കുന്നത് വരെ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് തുടരും. ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന ഭാഗം സംരക്ഷിക്കണമെന്നും നിസ്‌കാരത്തിന് സൌകര്യമൊരുക്കണമെന്നുമാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

TAGS :

Next Story