Quantcast

കെജ്‌രിവാളിനെ നാളെ ചോദ്യം ചെയ്യും; സി.ബി.ഐ ആസ്ഥാനം വൻ സുരക്ഷാവലയത്തിൽ

അർദ്ധസൈനികരടക്കം ആയിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സി.ബി.ഐ ആസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    15 April 2023 2:11 PM GMT

Heavy Security To Be Deployed Outside CBI Office For Arvind Kejriwals Visit news
X

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ നാളെ സി.ബി.ഐ ചോദ്യം ചെയ്യും. അർദ്ധസൈനികരടക്കം ആയിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സി.ബി.ഐ ആസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. റോസ് അവന്യൂവിലെ ആം ആദ്മി പാർട്ടി ഓഫീസിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രവർത്തകർ തള്ളിക്കയറാൻ സാധ്യതയുള്ളതിനാൽ റോഡിൽ ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്.

''ഒരു മുഖ്യമന്ത്രിയായ അദ്ദേഹത്തിന് ആവശ്യമായ സുരക്ഷയൊരുക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ അർദ്ധസൈനികരടക്കം ആയിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ സി.ബി.ഐ ഓഫീസിന് പുറത്ത് വിന്യസിക്കും''- ഡൽഹി പൊലീസ് പറഞ്ഞു.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ സാക്ഷിയായി മൊഴി രേഖപ്പെടുത്താനാണ് കെജ്‌രിവാളിനെ സി.ബി.ഐ വിളിച്ചിരിക്കുന്നത്. നാളെ രാവിലെ 11 മണിക്ക് സി.ബി.ഐ ആസ്ഥാനത്ത് എത്താനാണ് നിർദേശം. ഇതേ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.

തങ്ങൾക്കെതിരായ കേന്ദ്ര സർക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് കേസെന്നാണ് എ.എ.പി നേതൃത്വത്തിന്റെ ആരോപണം. മനീഷ് സിസോദിയയെയും സമാനമായ രീതിയിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ലൈസൻസ് നൽകാൻ മദ്യവ്യാപാരികളിൽനിന്ന് എ.എ.പി സർക്കാർ കോഴ വാങ്ങിയെന്നാണ് സി.ബി.ഐ ആരോപണം.

TAGS :

Next Story