'കര്‍ക്കശ നടപടിക്ക് ഇന്ദിര ശഠിച്ചു, സഞ്ജയ് ഗാന്ധി നടത്തിയത് കൊടും ക്രൂരത'; കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി തരൂരിന്‍റെ ലേഖനം
തടങ്കലിലെ പീഡനവും വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറം ലോകം അറിഞ്ഞില്ലെന്നും തരൂരിന്‍റെ വിമർശനം

ഡൽഹി: കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി ശശി തരൂർ എം.പി. അടിയന്തരാവസ്ഥയിൽ ഇന്ദിരാ ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി തരൂരിന്‍റെ ലേഖനം. രാജ്യത്ത് അച്ചടക്കം കൊണ്ടുവരാൻ അടിയന്തരാവസ്ഥയ്ക്കേ കഴിയൂയെന്ന് ഇന്ദിര ശഠിച്ചു. സഞ്ജയ് ഗാന്ധിയുടെ ചെയ്തികൾ കൊടും ക്രൂരതയുടേതായി. തടങ്കലിലെ പീഡനവും വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറം ലോകം അറിഞ്ഞില്ലെന്നും തരൂരിന്‍റെ വിമർശനം. പ്രൊജക്ട് സിൻഡിക്കേറ്റ് എന്ന ഇംഗ്ലീഷ് മാധ്യമത്തിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തടങ്കലിലെ പീഡനവും വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറം ലോകം അറിഞ്ഞില്ല. ജുഡീഷ്യറിയും മാധ്യമങ്ങളും പ്രതിപക്ഷവും തടവിലായിയെന്നും ലേഖനത്തിൽ പറയുന്നു. ഇന്ദിരയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ ചെയ്തികൾ കൊടും ക്രൂരതയുടേതായി. ഗ്രാമപ്രദേശങ്ങളെയും ദരിദ്രരെയുമാണ് സഞ്ജയ് ഉന്നം വച്ചത്. അവിടെ ഏകപക്ഷീയമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ബലപ്രയോഗവും അക്രമവും ഉപയോഗിച്ചു. ന്യൂഡൽഹി പോലുള്ള നഗര കേന്ദ്രങ്ങളിൽ നടപ്പിലാക്കിയ ചേരി പൊളിക്കൽ ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കി. അന്നത്തെ സർക്കാർ ഈ നടപടികൾ ലഘൂകരിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയേയും അവരുടെ പാർട്ടിയേയും പുറത്താക്കി ജനം രോഷം പ്രകടിപ്പിച്ചു. ഇന്നത്തേത് ജനാധിപത്യ ഇന്ത്യയാണെന്നും കൂടുതൽ ആത്മവിശ്വാസവും അഭിവൃദ്ധിയും നേടിയിരിക്കുന്നുവെന്നും തരൂർ ലേഖനത്തിൽ പറയുന്നു.
'21 മാസത്തോളം മൗലികാവകാശങ്ങള്‍ റദ്ദാക്കപ്പെട്ടു. പത്രങ്ങളുടെ വായ് മൂടിക്കെട്ടി. രാഷ്ട്രീയ വിയോജിപ്പുകള്‍ ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാപരമായ വാഗ്ദാനങ്ങളുടെ സത്ത കടുത്ത പരീക്ഷണത്തിലായി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ശ്വാസമടക്കിപ്പിടിച്ചുനിന്നു. 50 വര്‍ഷങ്ങള്‍ക്കിപ്പുറവും ആ കാലഘട്ടം 'അടിയന്തരാവസ്ഥ'യായി ഇന്ത്യക്കാരുടെ ഓര്‍മകളില്‍ മായാതെ കിടക്കുന്നു' തരൂര്‍ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഞാൻ ഇന്ത്യയിലായിരുന്നു, എന്നാൽ താമസിയാതെ ഞാൻ അമേരിക്കയിൽ ബിരുദാനന്തര പഠനത്തിനായി പോയി, ബാക്കിയുള്ള കാര്യങ്ങൾ ദൂരെ നിന്ന് നിരീക്ഷിച്ചു. ചൂടേറിയ സംവാദങ്ങൾക്കും സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങൾക്കും പരിചിതമായ ഇന്ത്യൻ പൊതുജീവിതത്തിലെ ഊർജസ്വലമായ കോലാഹലങ്ങൾ ഒരു ഭയാനകമായ നിശബ്ദതയ്ക്ക് വഴിമാറി.ജനാധിപത്യ സ്ഥാപനങ്ങൾ എത്രത്തോളം ദുർബലമാകുമെന്നതിന്‍റെ വ്യക്തമായ ഒരു പ്രകടനമാണ് അടിയന്തരാവസ്ഥ നൽകിയത്, അവ ശക്തമായ ഒരു രാജ്യത്ത് പോലും. ഒരു സർക്കാരിന് അത് സേവിക്കാൻ ഉദ്ദേശിക്കുന്ന ജനങ്ങളോടുള്ള ധാർമിക ദിശാബോധവും ഉത്തരവാദിത്തബോധവും നഷ്ടപ്പെട്ടേക്കാമെന്ന് ഇത് നമ്മെ ഓർമ്മിപ്പിച്ചു.
ഇന്നത്തെ ഇന്ത്യ 1975 ലെ ഇന്ത്യയല്ല. നമ്മൾ കൂടുതൽ ആത്മവിശ്വാസമുള്ള, കൂടുതൽ സമ്പന്നമായ, പല തരത്തിൽ കൂടുതൽ കരുത്തുറ്റ ഒരു ജനാധിപത്യ രാജ്യമാണ്.എങ്കിലും അടിയന്തരാവസ്ഥ പകര്‍ന്നു തന്ന പാഠങ്ങൾ ആശങ്കാജനകമാംവിധം പ്രസക്തമാണെന്നും ലേഖനത്തിൽ പറയുന്നു.
അടിയന്തരാവസ്ഥക്ക് 50 വര്‍ഷം പിന്നിടുന്ന വേളയിലാണ് തരൂരിന്‍റെ ലേഖനം പുറത്തുവരുന്നത്. കോൺഗ്രസ് നേതൃത്വവുമായുള്ള ഭിന്നതക്കിടെ യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ താനാണെന്ന സര്‍വേ ഫലം തരൂര്‍ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. കേരളത്തില്‍ ശക്തമായ ഭരണവിരുദ്ധതരംഗമുണ്ടെന്നാണ് സര്‍വേയില്‍ പറയുന്നത്. എന്നാൽ തരൂരിന് അനുകൂലമായ സര്‍വേ ഭരണവിരുദ്ധ വോട്ടുകള്‍ ചിതറിക്കാനുള്ള ബിജെപി ശ്രമമാണെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. ജനപ്രീതി ഉണ്ടെന്ന് കാണിക്കാന്‍ ശശി തരൂര്‍ പോസ്റ്റ് ഷെയര്‍ ചെയ്തതെന്നും ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16

