Quantcast

ഹിമാചലില്‍ മഴക്കെടുതി രൂക്ഷം; മരണസംഖ്യ 60 ആയി

പലയിടത്തും വീടുകൾ ഒലിച്ചുപോയി. മണാലി ദേശീയ പാതയിൽ വലിയ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

MediaOne Logo

Web Desk

  • Updated:

    2023-08-16 02:27:40.0

Published:

16 Aug 2023 12:54 AM GMT

himachal pradesh rain death toll climbs to 60
X

ഷിംല: മഴക്കെടുതിയിൽ ഹിമാചൽ പ്രദേശിൽ മരിച്ചവരുടെ എണ്ണം 60 ആയി. സംസ്ഥാനത്തെ സാഹചര്യം ഉന്നതതല യോഗം ചേർന്ന് മുഖ്യമന്ത്രി സുഖ്‍വീന്ദര്‍ സിങ് സുഖു വിലയിരുത്തി.

ഹിമാലയൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. വിവിധയിടങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിനാൽ മരണ സംഖ്യ ഉയർന്നേക്കും. ഈ മാസം നാലിനാണ് കേദാർനാഥിലേക്ക് ഉള്ള പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. മൂന്ന് കടകൾ ഒലിച്ചുപോയ മണ്ണിടിച്ചിലിൽ അകപ്പെട്ട പെൺകുട്ടിയുടെ മൃതദേഹമാണ് ഒടുവിൽ കണ്ടെടുത്തത്.

ഹിമാചൽ പ്രദേശിലെ വിനോദ സഞ്ചാര കേന്ദ്രമായ ഷിംലയില്‍ മഴക്കെടുതി രൂക്ഷമാണ്. പലയിടത്തും വീടുകൾ ഒലിച്ചുപോയി. മണാലി ദേശീയ പാതയിൽ വലിയ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ കോർപറേഷൻ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. വീടുകളിൽ വിള്ളൽ കണ്ടെത്തിയാൽ ജനങ്ങൾ മാറിതാമസിക്കാൻ തയ്യാറാകണമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ഉന്നതതല യോഗത്തിന് ശേഷം അഭ്യർത്ഥിച്ചു.

വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ യമുനയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലേക്ക് ഉയർന്നിട്ടുണ്ട്. ഡൽഹി ഉൾപ്പെടെയുള്ള യമുനാ തീരങ്ങളിൽ പ്രളയ മുന്നറിയിപ്പാണ് കേന്ദ്ര ജല കമ്മീഷൻ പുറപ്പെടുവിച്ചിരിക്കുന്നത്. ഹരിയാന, ഡൽഹി സംസ്ഥാനങ്ങളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും അറിയിച്ചു.

TAGS :

Next Story