Quantcast

തൗസന്‍ഡിന് പകരം 'Thursday' ,ചെക്ക് എഴുതിയതിൽ അക്ഷരത്തെറ്റ്; അധ്യാപകന് സസ്പെന്‍ഷൻ, ഉത്തരവിൽ അതിലേറെ തെറ്റ്

സിർമൗർ ജില്ലയിലെ റോൺഹട്ടിലുള്ള ഗവ. സീനിയർ സെക്കൻഡറി സ്കൂളിൽ നിയമിതനായ ചിത്രരചന അധ്യാപകൻ അട്ടര്‍ സിങ്ങിനെതിരെയായിരുന്നു നടപടി

MediaOne Logo

Web Desk

  • Published:

    11 Oct 2025 1:48 PM IST

തൗസന്‍ഡിന് പകരം Thursday ,ചെക്ക് എഴുതിയതിൽ അക്ഷരത്തെറ്റ്; അധ്യാപകന് സസ്പെന്‍ഷൻ, ഉത്തരവിൽ അതിലേറെ തെറ്റ്
X

Photo| Google

ഷിംല: ഹിമാചൽപ്രദേശിൽ അധ്യാപകൻ ബാങ്കിൽ നൽകിയ ചെക്കിൽ നിറയെ അക്ഷരത്തെറ്റ്. ചെക്ക് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തു. എന്നാൽ അധ്യാപകൻ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിൽ അതിലേറെ അക്ഷരത്തെറ്റായിരുന്നു.

സിർമൗർ ജില്ലയിലെ റോൺഹട്ടിലുള്ള ഗവ. സീനിയർ സെക്കൻഡറി സ്കൂളിൽ നിയമിതനായ ചിത്രരചന അധ്യാപകൻ അട്ടര്‍ സിങ്ങിനെതിരെയായിരുന്നു നടപടി. സിങ് സെപ്തംബര്‍ 25ന് നൽകിയ 7,616 രൂപയുടെ ചെക്കിലായിരുന്നു അക്ഷരത്തെറ്റുണ്ടായിരുന്നത്. അതിൽ seven thousand six hundred sixteen എന്ന് എഴുതുന്നതിന് പകരം ‘Saven Thursday six Harendra sixty rupees only’ എന്നായിരുന്നു എഴുതിയത്. സാധാരണയായി ഇത്തരം സംഭവങ്ങളെ ഗൗരവമായി എടുക്കാറില്ലെന്നും മുന്നറിയിപ്പ് നൽകുകയായിരുന്നു പതിവെന്നും എന്നാൽ അധ്യാപകന്‍റെ കാര്യത്തിൽ വാക്കുകൾ മാറ്റി ആയിരം എന്നത് വ്യാഴാഴ്ചയും നൂറ് എന്നത് ഹരേന്ദ്രയും ആക്കി മാറ്റി. അതുകൊണ്ടാണ് നടപടിയെന്ന് സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ച സ്കൂൾ വിദ്യാഭ്യാസ (എലിമെന്‍ററി) ഡെപ്യൂട്ടി ഡയറക്ടർ രാജീവ് താക്കൂർ, ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

എന്നാൽ രസകരമെന്ന് പറയട്ടെ അധ്യാപകന് ലഭിച്ച സസ്പെൻഷൻ ഉത്തരവിൽ അക്ഷരത്തെറ്റുകളുടെ കൂമ്പാരമായിരുന്നു. ‘Principal’ എന്നതിനു പകരം ‘Princpal’ എന്നും ‘Sirmaur’ എന്ന സ്ഥലപ്പേര് ‘Sirmour’ എന്നും ‘education’ എന്നത് ‘educatioin’ എന്നുമാണ് ഉത്തരവിലുണ്ടായിരുന്നത്. ഇത് കൂടാതെ നിരവിധ തെറ്റുകൾ വേറെയുമുണ്ടായിരുന്നു. "സമയപരിമിതി ഉണ്ടായിരുന്നു. ഞങ്ങൾ തിടുക്കത്തിൽ നോട്ടീസ് നൽകി. തെറ്റുകൾ സമ്മതിക്കുന്നു. തെറ്റുകൾ എങ്ങനെയാണ് കടന്നുവന്നതെന്ന് കണ്ടെത്തും," താക്കൂർ പറഞ്ഞു. കഴിഞ്ഞ സെപ്തംബര്‍ 8നാണ് ഹിമാചൽ പ്രദേശിനെ സമ്പൂര്‍ണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചത്.

TAGS :

Next Story