Quantcast

മുസ്‌ലിംകളും ക്രൈസ്തവരും രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പ്രത്യേക പ്രാർഥന നടത്തണം; അസം മുഖ്യമന്ത്രി

രാമക്ഷേത്രത്തിലെ മഹാഭിഷേക ചടങ്ങ് ഹിന്ദുക്കളുടെ മാത്രം വിജയമല്ല, ഇന്ത്യൻ നാഗരികതയുടെ വിജയമാണെന്നും ഹിമാന്ത അവകാശപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    21 Jan 2024 9:30 AM GMT

Himanta Sarmas Appeal To Prayer Muslims, Christians Ahead Of Ram Temple Event
X

​ഗുവാഹത്തി: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തയിടത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനമായ ജനുവരി 22ന് മുസ്‌ലിംകളും ക്രൈസ്തവരും പ്രത്യേക പ്രാർഥന നടത്തണമെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ. രാമക്ഷേത്രത്തിലെ മഹാഭിഷേക ചടങ്ങ് ഹിന്ദുക്കളുടെ മാത്രം വിജയമല്ല, ഇന്ത്യൻ നാഗരികതയുടെ വിജയമാണെന്നും ഹിമാന്ത അവകാശപ്പെട്ടു.

'എല്ലാ ജാതിയിലും സമുദായത്തിലുംപെട്ട ആളുകളും സമാധാനത്തോടെ ജീവിക്കാനായി രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് മുസ്‌ലിംകളോടും ക്രിസ്ത്യാനികളോടും പ്രത്യേക പ്രാർഥനകൾ സംഘടിപ്പിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. ഇത് ഹിന്ദുക്കളുടെ വിജയമല്ല, ഇന്ത്യൻ നാഗരികതയുടെ വിജയമാണ്'.

'ബാബർ ഒരു അക്രമി ആയിരുന്നു. അയാൾ ഹിന്ദുക്കളെ മാത്രമല്ല ആക്രമിച്ചത്. ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകളും ബാബറും തമ്മിൽ വ്യത്യാസമില്ല. ബാബർ ഒരു വിദേശ ശക്തിയായിരുന്നു'- ഹിമാന്ത ബിശ്വ ശർമ അഭിപ്രായപ്പെട്ടു.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് മുസ്‌ലിംകൾ പള്ളികളിലും ദർഗകളിലും മദ്രസകളിലും “ജയ് ശ്രീറാം, ജയ് റാം, ജയ് ജയ് റാം” എന്ന് വിളിക്കണമെന്ന ആവശ്യവുമായി നേരത്തെ ആർഎസ്എസ് നേതാവ് രം​ഗത്തെത്തിയിരുന്നു. ആർഎസ്എസ് ദേശീയ എക്സിക്യൂട്ടീവ് അംഗമായ ഇന്ദ്രേഷ് കുമാറാണ് ആഹ്വാനം നടത്തിയത്.

ജനുവരി 22ന് എല്ലാ ജനങ്ങളും സ്വന്തം വീടുകളില്‍ ദീപങ്ങള്‍ തെളിയിക്കണമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. ആ ദിവസം ഇന്ത്യയിലുടനീളം ദീപാവലി ആയിരിക്കണം എന്നും മോദി പറഞ്ഞിരുന്നു.

നേരത്തെ, അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി, രാജ്യത്തുടനീളമുള്ള 1,200 ദര്‍ഗകളിലും പള്ളികളിലും ദീപം തെളിയിക്കുമെന്ന് ബിജെപി ന്യൂനപക്ഷ മോർച്ച പറഞ്ഞിരുന്നു. ജനുവരി 12 മുതല്‍ 22 വരെയാണ് ദീപോത്സവ് എന്ന് പേരിട്ടിരിക്കുന്ന പരിപാടി സംഘടിപ്പിക്കുക. ബിജെപി ന്യൂനപക്ഷ വിഭാഗം കണ്‍വീനര്‍ യാസര്‍ ജിലാനിയാണ് ഇക്കാര്യം അറിയിച്ചത്.




TAGS :

Next Story