Quantcast

എംപിയുടെ ഭാര്യക്ക്​ ഐഎസ്‌ഐ ബന്ധമെന്ന്​ ഹിമന്ത ശർമയുടെ ആരോപണം; തെളിവ്​ ആവശ്യപ്പെട്ട്​ കോൺഗ്രസ്

എന്തുകൊണ്ടാണ്​ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതെന്ന്​ കോൺഗ്രസ്

MediaOne Logo

Web Desk

  • Published:

    17 Feb 2025 2:21 PM IST

Congress MP Gaurav Gogoi with wife Elizabeth Gogoi
X

ഗുവാഹത്തി: കോൺഗ്രസ് നേതാവും എംപിയുമായ ഗൗരവ് ഗൊഗോയിയുടെ ബ്രിട്ടീഷുകാരിയായ ഭാര്യ എലിസബത്തിന്​ പാകിസ്താനുമായും ചാരസംഘടനയായ ഐഎസ്‌ഐയുമായും ബന്ധമുണ്ടെന്ന്​ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ആരോപണം. എന്നാൽ, ആരോപണം നിഷേധിച്ച കോൺഗ്രസ് ഇതിന്​ തെളിവ്​ ഹാജരാക്കാനും ആവശ്യപ്പെട്ടു.

ഹിമന്ത ശർമയുടെ ആരോപണങ്ങൾക്ക് എന്ത് തെളിവാണുള്ളതെന്നും എന്തുകൊണ്ടാണ്​ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതെന്നും കോൺഗ്രസ് നേതാവ് റാഷിദ് ആൽവി ചോദിച്ചു. ‘ഏത് പാകിസ്താൻ പൗരന്‍റെ പേരാണ് അയാൾ ഉപയോഗിക്കുന്നതെന്ന് എനിക്കറിയില്ല. പക്ഷേ ഒന്നാമതായി, ഈ വിവരം എവിടെ നിന്നാണ് വന്നതെന്ന് മുഖ്യമന്ത്രി പറയണം? ഇതിന് എന്ത് തെളിവാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്? എന്തെങ്കിലും വിവരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തത്?’ -റാഷിദ്​ ചോദിച്ചു.

‘രാഷ്ട്രീയത്തിന്‍റെ നിലവാരം ഇത്രയധികം താഴാൻ പാടില്ല. എല്ലാത്തിനും ഒരു പരിധിയുണ്ട്. പ്രതിപക്ഷ നേതാക്കളെയും അവരുടെ കുടുംബങ്ങളെയും അപകീർത്തിപ്പെടുത്തുന്നത് ഉചിതമല്ല. അത്തരം പ്രസ്താവനകൾ നിർഭാഗ്യകരമാണ്’ -അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ ഭാര്യ എലിസബത്തുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന അലി ഷെയ്ഖ് എന്ന പാക്​ പൗരനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ അസം മന്ത്രിസഭ ഞായറാഴ്ച സംസ്ഥാന ​പൊലീസിനോട്​ നിർദേശിച്ചിരുന്നു. ഇവർ തമ്മിലെ ബന്ധത്തിന് രാജ്യത്തിന്‍റെ സുരക്ഷയിലും പരമാധികാരത്തിലും എന്തെങ്കിലും സ്വാധീനമുണ്ടോയെന്ന്​ അന്വേഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്​.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട്​ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ ലീഡ് പാകിസ്താന്‍റെ സ്ഥാപകനാണ് അലി തൗഖീർ ഷെയ്ഖ്. ഇസ്ലാമാബാദിലുണ്ടായിരുന്ന സമയത്ത് എലിസബത്ത് സംഘടനയുടെ അവിഭാജ്യ ഘടകമായിരുന്നുവെന്ന് ഹിമാന്ത ശർമ ആരോപിച്ചു. ഇന്ത്യയിലും പാകിസ്താനിലും പ്രവർത്തിക്കുന്ന ആഗോള കാലാവസ്ഥാ പ്രവർത്തന ഗ്രൂപ്പായ ക്ലൈമറ്റ് ആൻഡ് ഡെവലപ്‌മെന്‍റ്​ നോളജ് നെറ്റ്‌വർക്കിന്‍റെ (സിഡികെഎൻ) ഭാഗമായാണ് അലി ഷെയ്ക്കും എലിസബത്തും പ്രവർത്തിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ആരോപണങ്ങൾ തള്ളിക്കളഞ്ഞ ഗൗരവ് ഗൊഗോയ്, അസമിലെ ജനങ്ങളുടെ വിവേകത്തിൽ പൂർണ വിശ്വാസമുണ്ടെന്ന് പറഞ്ഞു. ‘ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിമാന്ത ശർമയുടെ പ്രസംഗങ്ങളെ അവിടത്തെ ജനങ്ങൾ വോട്ട് ചെയ്ത് പരാജയപ്പെടുത്തിയതുപോലെ, അസമീസ് ജനതയുടെ വിവേകവും വിജയിക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അവർ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിന് വോട്ട് ചെയ്യും’ -ഗൗരവ് ഗൊഗോയ് കൂട്ടിച്ചേർത്തു.

TAGS :

Next Story