Quantcast

'മതവികാരം വ്രണപ്പെടുത്തുന്നു'; അജയ് ദേവ്ഗണിന്റെ 'താങ്ക് ​ഗോഡ്' നിരോധിക്കണമെന്ന് ഹിന്ദു ജനജാ​ഗൃതി സമിതി

സെപ്തംബർ ഒമ്പതിനാണ് സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങിയത്.

MediaOne Logo

Web Desk

  • Updated:

    2022-09-16 10:31:31.0

Published:

16 Sep 2022 10:29 AM GMT

മതവികാരം വ്രണപ്പെടുത്തുന്നു; അജയ് ദേവ്ഗണിന്റെ താങ്ക് ​ഗോഡ് നിരോധിക്കണമെന്ന് ഹിന്ദു ജനജാ​ഗൃതി സമിതി
X

ബെം​ഗളൂരു: അജയ് ദേവ്​ഗൺ, സിദ്ധാർഥ് മൽഹോത്ര, രാഹുൽ പ്രീത് സിങ് തുടങ്ങിയവർ വേഷമിടുന്ന പുതിയ ചിത്രമായ 'താങ്ക് ​ഗോഡ്'നെതിരെ വാളെടുത്ത് തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ജനജാ​ഗൃതി സമിതി. സിനിമ നിരോധിക്കണം എന്നാവശ്യപ്പെട്ട ഇവർ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് സംവിധായകൻ ഇന്ദ്രകുമാറിനും താരങ്ങൾക്കുമെതിരെ പരാതി നൽകി.

സെപ്തംബർ ഒമ്പതിനാണ് സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങിയത്. മരണാനന്തരം എല്ലാവരുടെയും പാപങ്ങളും പുണ്യങ്ങളും എണ്ണി തിട്ടപ്പെടുത്തുന്ന ചിത്രഗുപ്തനെയും ഒരാളുടെ ആത്മാവിനെ പിടികൂടുന്ന യമനെയും ആധുനിക വേഷത്തിൽ അവതരിപ്പിച്ചിരിക്കുന്നത് ട്രെയ്ലറിൽ കാണാം. ഇതാണ് കർണാടകയിലെ ഹിന്ദു ജനജാഗൃതി സമിതിയെ ചൊടിപ്പിച്ചത്.

"അഭിനേതാക്കൾ ഹിന്ദു ദൈവങ്ങളെ പരിഹസിക്കുന്നതാണ് ട്രെയ്ലറിൽ കണ്ടത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഹിന്ദുമതത്തിലെ ചിത്രഗുപ്തനെയും യമദേവനെയും പരിഹസിക്കുന്നത് ഞങ്ങൾ ഒരിക്കലും സഹിക്കില്ല. ഈ ട്രെയ്ലർ പുറത്തിറങ്ങുന്നത് വരെ സെൻസർ ബോർഡ് ഉറങ്ങുകയായിരുന്നോ?"- ഹിന്ദു ജനജാഗൃതി സമിതി ദേശീയ വക്താവ് രമേഷ് ഷിൻഡെ ചോദിച്ചു.

സിനിമയ്ക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകരുതെന്ന് ഹിന്ദുത്വവാദ സംഘടന ആവശ്യപ്പെട്ടു. മതവികാരം വ്രണപ്പെടുത്തിയതിനാൽ സംസ്ഥാന- കേന്ദ്ര ആഭ്യന്തര മന്ത്രാലയങ്ങൾ ചിത്രം നിരോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇനി തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.

"ഹിന്ദു മത സങ്കൽപ്പങ്ങളെയും ദേവതകളെയും പരിഹസിച്ച് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന ചിത്രമാണിത്. ഈ സിനിമയുടെ ചില രംഗങ്ങളും സംഭാഷണങ്ങളുമാണ് മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. തത്സമയ ഡയലോഗുകളേക്കാൾ കൂടുതൽ ആക്ഷേപകരമായ സംഭാഷണങ്ങളാണ് സിനിമയിൽ ഉള്ളത്"- ഗൗഡ എന്ന നേതാവ് ആരോപിച്ചു. ഒക്ടോബർ 25നാണ് സിനിമ തിയേറ്ററുകളിലെത്തുക.

രൺബീർ കപൂർ നായകനും ആലിയ ഭട്ട് നായികയുമായ ബ്രഹ്മാസ്ത്രയ്ക്കെതിരെയും വിവിധ ഹിന്ദുത്വ സംഘടനകൾ രം​ഗത്തെത്തിയിരുന്നു. ചിത്രം ബഹിഷ്കരിക്കാനും ഇവർ രാജ്യവ്യാപമായി ആ​ഹ്വാനം ചെയ്തു. എന്നാൽ ചിത്രം ലോകത്തുടനീളമുള്ള തിയേറ്ററുകളിൽനിന്ന് ഒരാഴ്ച കൊണ്ട് വാരിക്കൂട്ടിയത് മുന്നൂറു കോടി രൂപയാണ്. സെപത്ംബർ ഒമ്പതിനാണ് ചിത്രം ലോകത്തുടനീളമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.

TAGS :

Next Story