ബിസിനസുകാരന്റെ കൊലപാതകം: ഹിന്ദു മഹാസഭ നേതാവ് പൂജ ശകുൻ പാണ്ഡെ അറസ്റ്റിൽ
പൂജയുടെ ഭർത്താവും അഖില ഭാരതീയ ഹിന്ദു മഹാസഭ വക്താവുമായ അശോക് പാണ്ഡെ നേരത്തെ അറസ്റ്റിലായിരുന്നു

Pooja Shakun Pandey | Photo | CJP
ലഖ്‌നൗ: ഉത്തർപ്രദേശിലെ അലിഗഢിൽ ബിസിനസുകാരൻ കൊല്ലപ്പെട്ട കേസിൽ ഹിന്ദു മഹാസഭ നേതാവ് പൂജ ശകുൻ പാണ്ഡെ അറസ്റ്റിൽ. സെപ്റ്റംബർ 26നാണ് ബൈക്ക് ഷോറൂം ഉടമയായ അഭിഷേക് ഗുപ്തയാണ് ഹാഥ്‌റസിലേക്കുള്ള ബസിൽ കയറുന്നതിനിടെ വെടിയേറ്റു കൊല്ലപ്പെട്ടത്. പൂജയുടെയും ഭർത്താവും അഖില ഭാരതീയ ഹിന്ദു മഹാസഭ വക്താവുമായ അശോക് പാണ്ഡെയുടെയും നിർദേശപ്രകാരം വാടക കൊലയാളികളായ മുഹമ്മദ് ഫസൽ, ആസിഫ് എന്നിവർ അഭിഷേക് ഗുപ്തയെ കൊലപ്പെടുത്തിയെന്നാണ് ആരോപണം.
പൂജക്കും ഭർത്താവിനുമെതിരെ റൊറാവർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. രാജസ്ഥാനിലെ ഭരത്പൂരിൽ നിന്ന് വെള്ളിയാഴ്ച രാത്രിയാണ് പൂജ അറസ്റ്റിലായത്. പൂജ ഏറെക്കാലമായി അഭിഷേകിനെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്നും ബന്ധം അവസാനിപ്പിച്ചതിലെ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് അഭിഷേകിന്റെ കുടുംബം ആരോപിക്കുന്നത്.
എന്നാൽ ബിസിനസുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. പൂജ ശകുൻ പാണ്ഡെയുടെ ഭർത്താവ് അശോക് പാണ്ഡെയും രണ്ട് ഷൂട്ടർമാരും നേരത്തെ തന്നെ അറസ്റ്റിലായിരുന്നു. ഇവർ ജയിലിലാണ്.
'മഹാമണ്ഡലേശ്വർ' എന്ന മതപരമായ പദവി വഹിക്കുന്ന അന്നപൂർണ മാ എന്നറിയപ്പെടുന്ന പൂജ ശകുൻ പാണ്ഡെ കൊലപാതകം നടന്ന രാത്രി മുതൽ ഒളിവിലായിരുന്നു. അവരെ അറസ്റ്റ് ചെയ്യുന്നവർക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥൂറാം ഗോഡ്‌സെയെ പരസ്യമായി പ്രശംസിച്ചതിന് പൂജ നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
കൊലയാളികളായ ഷൂട്ടർമാർക്ക് പൂജയെയും ഭർത്താവിനെയും 7-8 വർഷമായി പരിചയമുണ്ടൈന്ന് പൊലീസ് പറഞ്ഞു. ഒരു മാസം മുമ്പ് ഇവരുടെ വീട്ടിൽ വെൽഡിങ് ജോലിക്ക് വന്നപ്പോഴാണ് അഭിഷേക് ഗുപ്തയെ കൊലപ്പെടുത്താൻ കൊട്ടേഷൻ നൽകിയത്. അഞ്ച് ലക്ഷം രൂപയാണ് ഷൂട്ടർമാർ ആവശ്യപ്പെട്ട്. ഒടുവിൽ മൂന്ന് ലക്ഷം രൂപക്ക് കരാറിലെത്തുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. ഒരു ലക്ഷം രൂപ അഡ്വാൻസായി നൽകുകയും ചെയ്തിരുന്നു.
Adjust Story Font
16

