പോക്‌സോ, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ; വ്യാജ കേസുകൾ ചുമത്തി വേട്ടയാടപ്പെടുന്ന ഹിന്ദു-മുസ്‌ലിം ദമ്പതികൾ
2000-ന്റെ തുടക്കകാലത്ത് ജാതി മാറിയുള്ള വിവാഹത്തിന്റെ പേരിൽ പഞ്ചാബ്, ഹരിയാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ദുരഭിമാനക്കൊലകൾ നിത്യസംഭവമായിരുന്നു. ഇപ്പോൾ ഈ അസഹിഷ്ണുത ഹിന്ദു-മുസ്‌ലിം വിവാഹങ്ങളിലേക്ക് മാറി. കൊലപാതകങ്ങളല്ല മറിച്ച് നിയമസംവിധാനങ്ങളെ ആയുധമാക്കിയാണ് മിശ്ര വിവാഹങ്ങളെ നേരിടുന്നത്.

ന്യൂഡൽഹി: നിയമബിരുദം നേടി മാസങ്ങൾക്കുള്ളിലാണ് ഖയ്യൂം ഖാൻ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിയമപോരാട്ടത്തിലേക്ക് നീങ്ങിയത്. അദ്ദേഹം തന്നെ പ്രതിയായ ഒരു പോക്‌സോ കേസ് ആയിരുന്നു അത്. എന്നാൽ ഒരു ഹിന്ദു യുവതിയെ വിവാഹം കഴിച്ചു എന്നതായിരുന്നു ഖാൻ ചെയ്ത യഥാർഥ കുറ്റം. അതിന്റെ പ്രത്യാഘാതമായിരുന്നു ഖാന് എതിരായ പോക്‌സോ കേസ്.
''മാറ്റം കൊണ്ടുവരുന്നതിനാണ് ഞാൻ നിയമം പഠിച്ചത്. എന്നാൽ അത് എനിക്കെതിരെ തന്നെ ഉപയോഗിക്കപ്പെടും എന്ന് കരുതിയിരുന്നില്ല. അതേവ്യവസ്ഥ എനിക്കെതിരെ തന്നെ ഉപയോഗിക്കപ്പെട്ടതോടെ ഞാൻ അതിനെ വെറുക്കാൻ പഠിച്ചു'' - ജയ്പൂർ സ്വദേശിയായ ഖാൻ പറയുന്നു. 2019 ജൂൺ 11ന് തന്റെ 28-ാം വയസ്സിൽ ഓഫീസിലേക്ക് പോകുന്ന വഴിയിലാണ് പെൺ സുഹൃത്തിന്റെ ഇളയ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കുറ്റത്തിന് ഖയ്യൂം ഖാൻ അറസ്റ്റിലാവുന്നത്.
''എന്റെ പെൺ സുഹൃത്തിന്റെ അമ്മായിയായ ഇന്ദിരാ ദേവിയാണ് ഞാൻ എങ്ങനെയാണ് ശ്വേതയെ ബ്രെയിൻ വാഷിങ് നടത്തിയതെന്ന് എന്നോട് ചോദിക്കുന്നത്. അപ്പോൾ എവിടെ നിന്നോ അങ്ങോട്ട് എത്തിയ ശ്വേതയുടെ ഇളയ സഹോദരി ഞാൻ അവളെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചുവെന്ന് പറഞ്ഞ് നിലവിളിക്കുകയായിരുന്നു''-ഖാൻ പറഞ്ഞു.
2019-ലാണ് ജാട്ട് സമുദായക്കാരിയായ സുഹൃത്ത് ശ്വേത ചൗധരിയെ ഖയ്യൂം ഖാൻ വിവാഹം കഴിക്കുന്നത്. അപ്പോഴേക്കും ലവ് ജിഹാദ് എന്ന പദം നാട്ടിൽ പ്രചാരം നേടിയിരുന്നു. മതേതര രാജ്യത്തെ ഒരു കോടതിയിൽ വിവാഹ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകുന്നത് നിയമസംവിധാനത്തെ മുഴുവൻ തങ്ങൾക്ക് എതിരാക്കുമെന്ന് ഖയ്യൂം ഖാനും ശ്വേതയും ചിന്തിച്ചിരുന്നില്ല.
2000-ന്റെ തുടക്കകാലത്ത് ജാതി മാറിയുള്ള വിവാഹത്തിന്റെ പേരിൽ പഞ്ചാബ്, ഹരിയാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ദുരഭിമാനക്കൊലകൾ നിത്യസംഭവമായിരുന്നു. ഇപ്പോൾ ഈ അസഹിഷ്ണുത ഹിന്ദു-മുസ്‌ലിം വിവാഹങ്ങളിലേക്ക് മാറി. കൊലപാതകങ്ങളല്ല മറിച്ച് നിയമസംവിധാനങ്ങളെ ആയുധമാക്കിയാണ് മിശ്ര വിവാഹങ്ങളെ നേരിടുന്നത്. വ്യത്യസ്ത ജാതികളിൽപ്പെട്ടവരോ മതങ്ങളിൽപ്പെട്ടവരോ വിവാഹിതരായാൽ ബലാത്സംഗം, പോക്‌സോ, തട്ടിക്കൊണ്ടുപോകൽ മുതൽ മോഷണക്കുറ്റം വരെ ഇവരുടെ മേൽ ചാർത്തി ബന്ധം വേർപ്പെടുത്താൻ നിർബന്ധിതരാക്കുന്നതാണ് പുതിയ രീതി. പൊലീസും ഭരണകൂടവും ഇതിന് ഒത്താശ ചെയ്യുന്നു എന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന കാര്യം.
ആരെങ്കിലും ജാതി മാറിയോ മതം മാറിയോ പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്താൽ അവരുടെ കുടുംബം പൊലീസിൽ പരാതി നൽകും. ഇതോടെ പരസ്പര സമ്മതത്തോടെ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച രണ്ടുപേർ തട്ടിക്കൊണ്ടുപോകുന്നവരും ബലാത്സംഗികളും പോക്‌സോ കേസ് പ്രതികളുമാകുന്നു. സ്ത്രീകളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള നിയമങ്ങളാണ് ഇത്തരം കേസുകളിൽ ദുരുപയോഗം ചെയ്യപ്പെടുന്നത്.
ഖയ്യൂം ഖാനും ശ്വേത ചൗധരിയും ഏറെക്കാലം സുഹൃത്തുക്കളായിരുന്നു. ഈ സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറി. അതിനിടെ ശ്വേതയുടെ കുടുംബം ഇവരുടെ ബന്ധം കണ്ടുപിടിച്ചു. 2019 ജൂണിൽ ജാട്ട് സമുദായത്തിൽപ്പെട്ട ഒരു യുവാവുമായി അവളുടെ വിവാഹം നടത്താൻ കുടുംബം ശ്രമിച്ചു. ഇതിൽ നിന്ന് രക്ഷപ്പെടാൻ ശ്വേത വീട്ടിൽ നിന്ന് ഒളിച്ചോടി രാജസ്ഥാൻ സർവകലാശാലയുടെ കീഴിൽ സ്ത്രീകൾക്കായി പ്രവർത്തിക്കുന്ന ശക്തിസ്തംഭം എന്ന സ്ഥാപനത്തിൽ അഭയം തേടി.
നാല് ദിവസം കഴിഞ്ഞ് ജൂൺ 11-ന് ശ്വേതയുടെ കുടുംബം ഖാനെതിരെ പരാതി നൽകിയ. ശ്വേതയുടെ 17 വയസ്സുള്ള സഹോദരിയെ പീഡിപ്പിച്ചുവെന്ന കേസിൽ 40 ദിവസമാണ് ഖാൻ ജയിലിൽ കഴിഞ്ഞത്. ഖയ്യൂം അറസ്റ്റിലായ വിവരം ശ്വേത അറിഞ്ഞിരുന്നില്ല. മാധ്യമങ്ങളും വിഎച്ച്പി നേതാക്കളും തന്നെ വേട്ടയാടിയെന്ന് ശ്വേത പറഞ്ഞു. ബുർഖ ധരിക്കാനും ബീഫ് കഴിക്കാനും ഖയ്യൂം നിർബന്ധിക്കുമെന്ന് വിഎച്ച്പി നേതാക്കൾ തന്നോട് പറഞ്ഞു. തന്റെ കുടുംബത്തിലെ അംഗങ്ങൾ പോലും ബീഫ് കഴിക്കാറുണ്ടെന്നായിരുന്നു തന്റെ മറുപടിയെന്ന് ശ്വേത പറയുന്നു.
2019 നവംബറിൽ ഖയ്യൂം ശ്വേതയെ വിവാഹം കഴിച്ചു. ആറുവർഷങ്ങൾക്ക് ശേഷം ഇപ്പോൾ ദമ്പതികൾ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. അപ്പോഴും ഖാൻ പഴയ പോക്‌സോ കേസിൽ കോടതി കയറി ഇറങ്ങുകയാണ്. ചില സർക്കാർ ജോലികൾ ലഭിച്ചിരുന്നെങ്കിലും പൊലീസ് അന്വേഷണത്തിൽ പരാജയപ്പെട്ടതിനാൽ ജോലി ലഭിച്ചില്ല. ഇപ്പോൾ ഇരുവരും തങ്ങളുടെ വീടിനടത്ത് ഒരു ഫോട്ടോസ്റ്റാറ്റ് കട നടത്തുകയാണ്. തനിക്കെതിരെ ക്രിമിനൽ കേസ് നിലനിൽക്കുന്നതിനാൽ കടയിൽ ആളുകളെത്തുന്നത് കുറവാണെന്ന് ഖാൻ പറയുന്നു.
ഉത്തരാഖണ്ഡിലും സമാനമായ സ്ഥിതിയാണ് നിലവിലുള്ളത്. 2016-2023 കാലയളവിൽ പോക്‌സോ കേസിൽ നാലിരട്ടി വർധനയാണ് ഉണ്ടായിട്ടുള്ളത്. 2015-2023 കാലയളവിൽ ഡെറാഡൂൺ ജില്ലയിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസുകളിൽ നാലിൽ ഒരു കേസിലെ പ്രതി മുസ്‌ലിമാണ്.
ഡെറാഡൂണിൽ നിന്ന് 500 കിലോമീറ്റർ അകലെ 24 വയസ്സുള്ള ഓട്ടോമൊബൈൽ റിപ്പയർ മെക്കാനിക്ക് ഷബാനും സമാനമായ ഒരു പേടിസ്വപ്നം അനുഭവിക്കുകയാണ്. കുട്ടികളെ ദുരുപയോഗം ചെയ്യുന്നയാൾ എന്ന് മുദ്രകുത്തപ്പെട്ട അദ്ദേഹവും അദ്ദേഹത്തിന്റെ ഹിന്ദു പങ്കാളിയും ഇപ്പോഴും ഭയന്ന് ജീവിക്കുകയാണ്.
ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നിലവിൽ വന്നതിനാൽ ഒരുമിച്ച് താമസിക്കുന്ന ദമ്പതികൾ രജിസ്റ്റർ ചെയ്യുകയും വ്യക്തിഗത വിവരങ്ങൾ നൽകുകയും മാതാപിതാക്കളുടെയും മതപരമോ സമൂഹമോ ആയ തലവന്മാരുടെയും അംഗീകാരം നേടുകയും വേണം.
2023 മേയ് മാസത്തിലാണ് ഷബാനും അയൽവാസിയായ പെൺകുട്ടിയും വിവാഹിതരാവാൻ തീരുമാനിച്ചത്. അന്ന് ഷബാന് 21 വയസ്സും പെൺകുട്ടിക്കും 18 വയസ്സുമായിരുന്നു പ്രായം ഇരുവരും നിയമപരമായി പ്രായപൂർത്തിയായവർ. ഒന്നര വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.
പ്രദേശത്തെ രജിസ്റ്റർ ഓഫീസിലെത്തി വിവാഹം രജിസ്റ്റർ ചെയ്യാൻ ശ്രമം തുടങ്ങിയപ്പോൾ ഇവരുടെ അഭിഭാഷകൻ തന്നെയാണ് വിഎച്ച്പി, ബജ്‌റംഗ് ദൾ നേതാക്കളെ വിവരമറിയിച്ചത്. പ്രായപൂർത്തിയാകുന്നതിന് മുമ്പ് വിവാഹത്തിന് നിർബന്ധിച്ചുവെന്ന് ആരോപിച്ച് ഷബാനെ അറസ്റ്റ് ചെയ്തു. നാല് മാസത്തിലധികമാണ് ഷബാൻ ജയിലിൽ കഴിഞ്ഞത്.
23 വയസ്സുള്ള പൂജക്കും 27 വയസ്സുള്ള ഫാറൂഖിനും കുടുംബത്തിൽ നിന്ന് നേരിട്ടത് മറ്റൊരു അനുഭവമായിരുന്നു. രാജസ്ഥാനിലെ ഹനുമാൻഗഡിൽ നിന്ന് ഡൽഹിയിലെ മയൂർ വിഹാറിലേക്ക് ഓളിച്ചോടിയ ഇവർക്കെതിരെ 11 ലക്ഷം രൂപയും മൂന്ന് കിലോ സ്വർണവും മോഷ്ടിച്ചെന്ന പരാതിയാണ് പൂജയുടെ കുടുംബം നൽകിയത്. ''ഈ വീട് നോക്കൂ, ഞങ്ങൾക്ക് അത്തരം പണമോ വസ്തുക്കളോ ഉണ്ടായിരുന്നതായി തോന്നുന്നുണ്ടോ?'' ഡൽഹി-നോയിഡ അതിർത്തിക്കടുത്തുള്ള തിരക്കേറിയ ഒരു പ്രദേശത്തുള്ള അവരുടെ ഒരു ബിഎച്ച്‌കെ ഫ്‌ളാറ്റിന് ചുറ്റും നോക്കിക്കൊണ്ട് പൂജ പറഞ്ഞു.
സയൻസ് ബിരുദധാരിയായ അവർ കോളജിലേക്കുള്ള യാത്രാമധ്യേ ഒരു ബസിൽ വെച്ചാണ് ഫാറൂഖിനെ ആദ്യമായി കണ്ടുമുട്ടിയത്. 2021 ആയപ്പോഴേക്കും അവൾ കോളജിൽ അവസാന വർഷത്തിൽ പഠിക്കുമ്പോൾ, അവളുടെ മാതാപിതാക്കൾ ഈ ബന്ധത്തെക്കുറിച്ച് അറിയുകയും ഉടൻ തന്നെ അതേ ജാതിയിൽ നിന്നുള്ള ഒരാളെ വിവാഹം കഴിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. കുടുംബത്തിന്റെ എതിർപ്പിൽ നിന്ന് രക്ഷപ്പെടാനാണ് ഇരുവരും ഡൽഹിയിലേക്ക് ഒളിച്ചോടിയത്. രണ്ട് ബാഗുകളും 2000 രൂപയുമാണ് ഇവരുടെ കയ്യിലുണ്ടായിരുന്നത്. അപ്പോഴാണ് വൻ തുക മോഷ്ടിച്ചെന്ന് ആരോപിച്ച് പൂജയുടെ കുടുംബം പരാതി നൽകിയ വിവരം ഇവർ അറിയുന്നത്.
ഖാനും ചൗധരിയും, പൂജയും ഫാറൂഖും, ഷബാനും പങ്കാളിയും വലിയ പ്രതിസന്ധികൾ നേരിട്ടെങ്കിലും അവർ ഭാഗ്യവാൻമാരാണ്. കാരണം അവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. രാജസ്ഥാനിലെ ദൗസ ജില്ലയിലെ റോഷൻ മഹാവാർ താൻ സ്‌നേഹിച്ച പെൺകുട്ടിയെക്കുറിച്ച് ഓർക്കാത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ല - പിങ്കി സൈനി. 2021 ൽ, അവന് 23 വയസ്സും അവൾക്ക് 19 വയസ്സും പ്രായമുള്ളപ്പോൾ, അവർ ഒളിച്ചോടാൻ തീരുമാനിച്ചു. സൈനി ഇന്റർ-കോളജിൽ (ഹൈസ്‌കൂളിൽ) പഠിക്കുമ്പോൾ പൂത്തുലഞ്ഞ ഒരു പ്രണയമായിരുന്നു അവരുടേത്, അവർ താമസിച്ചിരുന്ന ജബ്രാസ് ഗ്രാമത്തിലെ ഒരു ചെറിയ കടയിൽ നടന്ന രഹസ്യ കൂടിക്കാഴ്ചകളിലൂടെ അത് വളർന്നു.
എന്നാൽ ഇരുവരും വ്യത്യസ്ത ജാതികളിൽ പെട്ടവരായിരുന്നു: പിങ്കി സൈനി (ഒബിസി) ജാതിയിൽ നിന്നുള്ളയാളായിരുന്നു, മഹാവർ ഒരു ദലിതനായിരുന്നു. വാർത്ത പുറത്തുവന്നതോടെ, എതിർപ്പ് കടുത്ത ശത്രുതയായി മാറി. സൈനിയുടെ പിതാവ് ശങ്കർ ലാൽ 2021 ഫെബ്രുവരിയിൽ അവളെ വിവാഹം കഴിക്കാൻ ഏർപ്പാട് ചെയ്തു. അവൾ മഹാവറിനൊപ്പം ഒളിച്ചോടി. അവളെ തട്ടിക്കൊണ്ടുപോയതായി അവളുടെ കുടുംബം പറഞ്ഞു, പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. താൻ അവളുടെ തലയിൽ തോക്കുവെച്ച് ഭീഷണിപ്പെടുത്തിയാണ് വിവാഹത്തിന് സമ്മതിപ്പിച്ചത് എന്നായിരുന്നു കുടുംബം ആരോപിച്ചതെന്ന് മഹാവർ പറയുന്നു.
കുടുംബങ്ങളിൽ നിന്ന് അകന്ന് ജീവിതം കെട്ടിപ്പടുത്ത മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി, നിയമപരമായി വിവാഹിതരായ ശേഷം സൈനിയും മഹാവറും ദൗസയിലേക്ക് മടങ്ങി. കുടുംബത്തിൽ നിന്ന് സംരക്ഷണം തേടി അവർ രാജസ്ഥാൻ ഹൈക്കോടതിയുടെ ജയ്പൂർ ബെഞ്ചിനെ സമീപിച്ചിരുന്നു. പൊലീസിനോട് സംരക്ഷണം നൽകാൻ കോടതി നിർദേശിച്ചു, പക്ഷേ അവർ നടപടിയെടുക്കാൻ മന്ദഗതിയിലായിരുന്നു, ദമ്പതികൾ ദൗസയിലേക്ക് മടങ്ങിയപ്പോൾ അവരോടൊപ്പം പോയില്ല.
ദിവസങ്ങൾക്ക് ശേഷം, മഹാവർ ദമ്പതികളുടെ കുടുംബ വീട്ടിൽ നിന്ന് സൈനിയെ തട്ടിക്കൊണ്ടുപോയി. തൊട്ടുപിന്നാലെയാണ് അവരുടെ മൃതദേഹം കണ്ടെത്തിയത്. ''അവളെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ പദ്ധതിയിട്ടത് അവളുടെ അച്ഛനാണ്. പക്ഷേ ആ കേസ് മുന്നോട്ട് പോകുകയോ നീതി ലഭിക്കുകയോ ചെയ്യുന്നില്ല'' റോഷൻ മഹാവർ പറഞ്ഞു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി അവളുടെ പിതാവ് ശങ്കർ ലാൽ സമ്മതിച്ചു.
പൊലീസ് കൃത്യസമയത്ത് നടപടിയെടുത്തില്ല. അവളുടെ കുടുംബം അവളെ കൊന്നു. അതിനുശേഷം നാല് വർഷത്തിലേറെയായി, ഇന്നും തട്ടിക്കൊണ്ടുപോയവരെ കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അവരുടെ അഭിഭാഷകരും അവരുടെ ജാതിയിൽപ്പെട്ടവരാണ്. പ്രതീക്ഷ കൈവിട്ടു, എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടുവെന്നും മഹാവാർ പറയുന്നു.
Adjust Story Font
16

