'ശ്രാവണ മാസത്തിൽ സസ്യാഹാരം മാത്രം വിളമ്പണം'; യുപിയിൽ കെഎഫ്‌സി ഔട്ട്‌ലറ്റിന് മുന്നിൽ ഹിന്ദു രക്ഷാ ദളിന്റെ പ്രതിഷേധം, ജീവനക്കാർക്ക് നേരെ കയ്യേറ്റം
പ്രതിഷേധക്കാർക്കെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്ന് ഡിസിപി

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള കെഎഫ്‍സി ഔട്ട്ലെറ്റിന് മുന്നിൽ ഹിന്ദു രക്ഷാ ദളിന്റെ പ്രതിഷേധ പ്രകടനം. ശ്രാവണ മാസത്തിൽ (സാവൻ) മാംസാഹാരത്തിന്റെ വിൽപ്പന നിരോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. യുപിയിലെ നസീർ എന്ന സ്ഥലത്തെ ഔട്ട്‌ലറ്റിന് മുന്നിലും പ്രതിഷേധ പ്രകടനം നടന്നു.
പ്രതിഷേധത്തെത്തുടർന്ന് രണ്ട് സ്ഥാപനങ്ങളുടെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ച് കടകളടച്ചെന്ന് ആജ് തക് റിപ്പോർട്ട് ചെയ്തു. പ്രതിഷേധ പ്രകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലും വൈറലായിട്ടുണ്ട്. കാവി പതാകകളുമായാണ് പ്രതിഷേധക്കാർ എത്തിയത്. ഗാസിയാബാദിലെ കെഎഫ്സി ഔട്ട്ലെറ്റിന്റെ ഷട്ടർ പ്രതിഷേധക്കാർ ബലമായി അടച്ചിടുന്നതും വീഡിയോയിലുണ്ട്.
മറ്റൊരു വിഡിയോയിൽ റെസ്റ്റോറന്റ് പരിസരത്ത് പ്രവേശിച്ച പ്രതിഷേധക്കാർ ജീവനക്കാരോട് തട്ടിക്കയറുന്നതും ഔട്ട്‌ലറ്റ് അടച്ചുപൂട്ടാൻ ആവശ്യപ്പെടുകയും ചെയ്യുന്നത് കാണാം. ശ്രാവൺ മാസത്തിൽ നോൺ-വെജ് ഇനങ്ങളെല്ലാം നിരോധിക്കണമെന്നും പ്രതിഷേധക്കാർ ആക്രോശിച്ചു.മതവികാരം വ്രണപ്പെടുത്തരുതെന്നും മാംസ വിൽപ്പന നിർത്തിവെക്കണമെന്നും ഹിന്ദു രക്ഷാ ദൾ ആവശ്യപ്പെട്ടു.
'ശ്രാവണ മാസത്തിൽ ഒന്നുകിൽ കട അടച്ചിടുകയോ അല്ലെങ്കിൽ സസ്യാഹാരം മാത്രം വിളമ്പുകയോ ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കൻവാർ യാത്ര നടക്കുന്ന സമയത്ത് എല്ലാം മാംസാഹാര ഭക്ഷണ ശാലകളും അത്തരം ഭക്ഷണം വിളമ്പുന്നത് ഒഴിവാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.നിങ്ങൾക്ക് കടകൾതുറന്ന് ബിസിനസ് ചെയ്യണമെന്നുണ്ടെങ്കിൽ സസ്യാഹാരം മാത്രം വിളമ്പണം'..; പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
അതേസമയം, പ്രതിഷേധക്കാർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഡിസിപി നിമിഷ് പാട്ടീൽ പറഞ്ഞു. ഭാരതീയ ന്യായ സൻഹിത (ബിഎൻഎസ്) സെക്ഷൻ 223 പ്രകാരം തിരിച്ചറിയാത്ത 10 വ്യക്തികൾക്കെതിരെ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്ന് പൊലീസെന്നും ഡിസിപി കൂട്ടിച്ചേർത്തു.
ഹിന്ദുമത വിശ്വാസപ്രകാരം പുണ്യമാസമാണ് ശ്രാവൺ. ഈ മാസത്തിൽ ശിവഭക്തർ ഉപവാസം അനുഷ്ഠിക്കുകയും മാംസം,മദ്യം,സവാള,വെളുത്തുള്ളി തുടങ്ങിയ കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യാറുണ്ട്. ശ്രാവണ മാസത്തിലെ മറ്റൊരു പ്രധാന തീർഥാടനമാണ് കൻവാർ യാത്ര. ആയിരക്കണക്കിന് ഭക്തരാണ് ശിവക്ഷേത്രങ്ങളിലേക്ക് കാൽനടയായി എത്തുക. കൻവാർ യാത്രക്ക് മുന്നോടിയായി ഉത്തർപ്രദേശ്,ഉത്തരാഖണ്ഡ്,ഡൽഹി സംസ്ഥാനങ്ങളിൽ തീർഥാടകർ കടന്നുപോകുന്ന വഴികളിൽ ഇറച്ചിക്കടകൾ അടച്ചിടണമെന്ന് പ്രാദേശിക ഭരണകൂടങ്ങൾ ഉത്തരവിടാറുണ്ട്.
Adjust Story Font
16

