'നാടിന്റെ സംസ്കാരത്തിന് എതിര്'; പാശ്ചാത്യവേഷത്തിലുള്ള റാംപ് വോക്ക് തടസപ്പെടുത്തി ഹിന്ദുത്വ സംഘടന
പാശ്ചാത്യ വസ്ത്രം ധരിച്ചുള്ള റാംപ് വോക്ക് ഋഷികേശിന്റെ സംസ്കാരത്തിനും സനാതന മൂല്യങ്ങൾക്കും എതിരാണെന്ന് രാഘവേന്ദ്ര അഭിപ്രായപ്പെട്ടു.

Photo| Special Arrangement
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഋഷികേശിൽ മോഡലിങ് പരിപാടി തടസപ്പെടുത്തി ഹിന്ദുത്വ സംഘടന. യുവതികൾ പാശ്ചാത്യവേഷത്തിൽ റാംപ് വോക്ക് നടത്തുന്നതിനിടെ അതിക്രമിച്ചുകയറിയ ഹിന്ദുത്വ സംഘടനാ പ്രവർത്തകർ, പരിപാടി നാടിന്റെ സംസ്കാരത്തിന് എതിരാണെന്ന് ആരോപിച്ചാണ് തടഞ്ഞത്.
ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ലയൺസ് ക്ലബ് ഋഷികേശ് റോയൽ ശനിയാഴ്ചയാണ് നഗരത്തിലെ ഒരു ഹോട്ടലിൽ പരിപാടി നടത്തിയത്. യുവതികൾ ഫാഷൻ വോക്ക് റിഹേഴ്സൽ നടത്തുന്നതിനിടെ ഹിന്ദുത്വ സംഘടനയായ രാഷ്ട്രീയ ഹിന്ദു ശക്തി സംഗാതൻ സംസ്ഥാന പ്രസിഡന്റ് രാഘവേന്ദ്ര ഭതനഗറിന്റെ നേതൃത്വത്തിൽ ഒരു സംഘം സ്ഥലത്തെത്തുകയും പരിപാടി തടസപ്പെടുത്തുകയുമായിരുന്നു.
പാശ്ചാത്യ വസ്ത്രം ധരിച്ചുള്ള റാംപ് വോക്ക് ഋഷികേശിന്റെ സംസ്കാരത്തിനും സനാതന മൂല്യങ്ങൾക്കും എതിരാണെന്ന് രാഘവേന്ദ്ര അഭിപ്രായപ്പെട്ടു. 'സനാതന ധർമം സ്ത്രീകളെ മാന്യമായി വസ്ത്രം ധരിക്കാൻ പഠിപ്പിക്കുന്നു. ഇത്തരം സംഭവങ്ങൾ സാമൂഹികവും മതപരവുമായ വികാരങ്ങളെ വ്രണപ്പെടുത്തുന്നു'- രാഘവേന്ദ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംഭവം അറിഞ്ഞെത്തിയ ഹോട്ടൽ ഉടമയുടെ മകൻ അക്ഷത് ഗോയൽ ഹിന്ദുത്വ സംഘടനാ പ്രവർത്തകരെ ചോദ്യം ചെയ്തതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. ഇതോടെ നാട്ടുകാർ ഇടപെട്ട് രംഗം ശാന്തമാക്കി.
അതേസമയം, മിസ് ഋഷികേശിനെ തെരഞ്ഞെടുക്കുന്നതിനാണ് ഷോ നടത്തുന്നതെന്നും അവസരങ്ങൾ നേടാൻ യുവതികളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും ലയൺസ് ക്ലബ് പ്രസിഡന്റ് പങ്കജ് ചാന്ദാനി വ്യക്തമാക്കി. ആരുടെയും മതപരമോ സാംസ്കാരികമോ ആയ വിശ്വാസങ്ങളെ വ്രണപ്പെടുത്തുകയല്ല തങ്ങളുടെ ഉദ്ദേശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

