Quantcast

ക്രിസ്മസ് ആഘോഷത്തിനിടെ ഛത്തീസ്ഗഢിൽ ഹിന്ദുത്വവാദികളുടെ ആക്രമണം; യുപിയിൽ പള്ളിക്ക് പുറത്ത് ഹനുമാൻ ചാലിസ

മാളിലേക്ക് അതിക്രമിച്ചുകയറിയ ഹിന്ദുത്വ സംഘം ക്രിസ്മസ് അലങ്കാരങ്ങളും സാന്താക്ലോസ് രൂപങ്ങളും അടിച്ച് തകർത്തു.

MediaOne Logo

Web Desk

  • Updated:

    2025-12-25 04:09:04.0

Published:

25 Dec 2025 9:33 AM IST

Hindutva workers attack on Christmas celebrations in Chhattisgarh Hanuman Chalisa outside church in UP
X

റായ്പൂർ/ ലഖ്നൗ: രാജ്യത്ത് ക്രിസ്മസ് ആ​ഘോഷങ്ങൾക്കു നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം തുടരുന്നു. ഛത്തീസ്ഗഢിൽ നിർബന്ധിത മതപരിവർത്തനത്തിന് എതിരായ ബന്ദിനിടെയാണ് ആക്രമണം ഉണ്ടായത്. റായ്പൂരിൽ മാളിലേക്ക് അതിക്രമിച്ചുകയറിയ ഹിന്ദുത്വ സംഘം ക്രിസ്മസ് അലങ്കാരങ്ങളും സാന്താക്ലോസ് രൂപങ്ങളും അടിച്ച് തകർത്തു.

നൂറോളം പേർ മാളിലേക്ക് അതിക്രമിച്ച് കയറിയാണ് അതിക്രമം നടത്തിയത്. 'സാന്താക്ലോസിനെ കാണാൻ ആഗ്രഹിക്കുന്നില്ല' എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു ആക്രമണം. സംഭവത്തിൽ 30 പേർക്കെതിരെ കേസെടുത്തെന്ന് റായ്പൂർ പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് കൂടുതൽ നടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

യുപിയിലെ ബറേലിയിൽ ക്രിസ്ത്യൻ പള്ളിക്ക് പുറത്ത് തീവ്ര ഹിന്ദു സംഘടനകൾ ഹനുമാൻ ചാലിസ ചൊല്ലി. ഇന്നലെ രാത്രിയാണ് സംഭവം. പൊലീസ് സാന്നിധ്യത്തിലായിരുന്നു സംഭവം. ഹനുമാൻ ചാലിസ ചൊല്ലുന്നത് മൊബൈലിൽ പകർത്തിയ പൊലീസ് സംഘം, ഇവരോട് പിരിഞ്ഞുപോകണം എന്ന് പോലും ആവശ്യപ്പെട്ടില്ല.

നേരത്തെ രണ്ട് മലയാളി കന്യാസ്ത്രീകളെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ തടഞ്ഞുവയ്ക്കുകയും പൊലീസിന് കൈമാറുകയും തുടർന്ന് അറസ്റ്റ് ചെയ്തതും ഇതേ റായ്പൂരിലായിരുന്നു. ജൂലൈയിൽ ദുർഗ് റെയിൽവേ സ്റ്റേഷനിൽവച്ചാണ് കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവരെ ഹിന്ദുത്വവാദികൾ തടഞ്ഞുവച്ചത്. പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് കൊണ്ടുപോവുകയാണെന്ന് ആരോപിച്ചായിരുന്നു ബജ്‌റംഗ്ദൾ പ്രവർത്തകരുടെ അതിക്രമം.

കഴിഞ്ഞദിവസം, മധ്യപ്രദേശിലെ ജബൽപൂരിൽ മതപരിവർത്തനം ആരോപിച്ച് അന്ധയായ യുവതിയെ ബിജെപി നേതാവ് മർദിച്ച സംഭവത്തിലും കേരളത്തിൽ പാലക്കാട് കുട്ടികളുടെ ക്രിസ്മസ് സംഘത്തെ ആർഎസ്എസ് പ്രവർത്തകൻ ആക്രമിച്ചതിലും പ്രതിഷേധം ശക്തമായിരിക്കെയാണ് പുതിയ സംഭവങ്ങൾ. ബിജെപി നേതാവ് അഞ്ജു ഭാർഗവയാണ് ജബൽപൂരിൽ യുവതിയെ മർദിച്ചത്.

ഇതിൽ വിമർശനവും പ്രതിഷേധവും അറിയിച്ച് ക്രിസ്തവ സഭകൾ രം​ഗത്തെത്തിയിരുന്നു. ഞെട്ടലുളവാക്കുന്നതാണെന്നും രാജ്യത്തെ ക്രിസ്മസ് ആഘോഷം ഭീഷണിയുടെ നിഴലിലാണെന്നും സിബിസിഐ പ്രതികരിച്ചിരുന്നു. ജബൽപൂരിൽ ആക്രമണത്തിന് നേതൃത്വം നൽകിയ അഞ്ജു ഭാർഗവയെ ബിജെപി പുറത്താക്കണമെന്നും അതിക്രമങ്ങൾ നടത്തുന്ന സംഘടനകൾക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story