'അക്ബറിന്‍റെയും ജോധയുടെയും വിവാഹം നുണയാണ്'; ഇന്ത്യൻ ചരിത്രത്തിൽ അപാകതകളുണ്ടെന്ന് രാജസ്ഥാൻ ഗവര്‍ണര്‍
ജോധയും അക്ബറും വിവാഹിതരായി എന്ന് പറയപ്പെടുന്നു, ഈ കഥയെക്കുറിച്ച് ഒരു സിനിമയും നിർമിച്ചു

ജയ്പൂര്‍: മുഗൾ ചക്രവർത്തിയായ അക്ബറും 'ജോധാ ബായി' എന്നറിയപ്പെടുന്ന രജപുത്ര രാജകുമാരിയും തമ്മിലുള്ള വിവാഹം കെട്ടിച്ചമച്ചതാണെന്നും ബ്രിട്ടീഷ് ചരിത്രകാരന്മാരുടെ ആദ്യകാല സ്വാധീനം മൂലം കൊണ്ടുവന്ന ഇന്ത്യൻ ചരിത്രത്തിൽ നിരവധി കൃത്യതയില്ലായ്മകളുണ്ടായിട്ടുണ്ടെന്നും രാജസ്ഥാൻ ഗവർണർ ഹരിഭാവു ബാഗഡെ. അക്ബറിന്റെ ഭരണകാലത്തെ ഔദ്യോഗിക ചരിത്രമായ അക്ബർനാമയിൽ ജോധയുടെയും അക്ബറിന്‍റെയും വിവാഹത്തെക്കുറിച്ച് പരാമർശമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദയ്പൂരിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു ബാഗഡെ.
"ജോധയും അക്ബറും വിവാഹിതരായി എന്ന് പറയപ്പെടുന്നു, ഈ കഥയെക്കുറിച്ച് ഒരു സിനിമയും നിർമിച്ചു. ചരിത്രപുസ്തകങ്ങളും ഇതേ കാര്യം പറയുന്നു, പക്ഷേ അത് ഒരു നുണയാണ്. ബർമൽ എന്നൊരു രാജാവുണ്ടായിരുന്നു, അദ്ദേഹം ഒരു വേലക്കാരിയുടെ മകളെ അക്ബറിനു വിവാഹം കഴിപ്പിച്ചു," ബഗാഡെ അവകാശപ്പെട്ടു.
1727-ൽ സവായ് ജയ് സിങ് രണ്ടാമൻ തലസ്ഥാനം ജയ്പൂരിലേക്ക് മാറ്റുന്നതുവരെ ഇന്നത്തെ ജയ്പൂരിനടുത്തുള്ള രജപുത്ര രാജ്യമായിരുന്നു ആമേർ അല്ലെങ്കിൽ അംബർ. കച്വ രജപുത്രരാണ് ഇത് ഭരിച്ചിരുന്നത്. ബ്രിട്ടീഷുകാർ നമ്മുടെ വീരനായകന്മാരുടെ ചരിത്രം മാറ്റിമറിച്ചു. അവർ അത് ശരിയായി എഴുതിയില്ല. അവരുടെ ചരിത്ര പതിപ്പ് തുടക്കത്തിൽ അംഗീകരിക്കപ്പെട്ടു. പിന്നീട് ചില ഇന്ത്യക്കാർ ചരിത്രം എഴുതിയെങ്കിലും അതിലും ബ്രിട്ടീഷുകാരുടെ സ്വാധീനം ഉണ്ടായിരുന്നുവെന്നും ബഗാഡെ പറഞ്ഞു. രജപുത്ര ഭരണാധികാരി മഹാറാണ പ്രതാപ് അക്ബറിന് ഉടമ്പടി കത്തെഴുതി എന്ന ചരിത്രപരമായ വാദത്തെയും അദ്ദേഹം എതിർത്തു. അത് പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് ബാഗഡെയുടെ വാദം.
'മഹാറാണാ പ്രതാപ് ഒരിക്കലും തന്റെ ആത്മാഭിമാനത്തിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ചരിത്രത്തിൽ അക്ബറിനെക്കുറിച്ച് കൂടുതൽ പഠിപ്പിക്കുകയും മഹാറാണാ പ്രതാപിനെക്കുറിച്ച് വളരെ കുറച്ച് പഠിപ്പിക്കുകയും ചെയ്യുന്നു.' അദ്ദേഹം അവകാശപ്പെട്ടു. എന്നിരുന്നാലും സ്ഥിതി ഇപ്പോൾ മെച്ചപ്പെട്ടുവരികയാണെന്നും പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ നമ്മുടെ സംസ്കാരവും മഹത്തായ ചരിത്രവും സംരക്ഷിക്കുന്നതിനൊപ്പം ഭാവിയിലെ വെല്ലുവിളികൾക്കായി പുതിയ തലമുറയെ സജ്ജമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ബഗാഡെ വ്യക്തമാക്കി.
Adjust Story Font
16

