Quantcast

'വെറുമൊരു വീട്ടമ്മയല്ല, സാങ്കൽപ്പിക വരുമാനം പ്രതിമാസം 15,000 രൂപയായി കണക്കാക്കുന്നു': വാഹനാപകടത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി കോടതി

ഒരു വീട്ടമ്മയുടെ സേവനങ്ങൾ തുറന്ന വിപണിയിൽ നിന്ന് വാങ്ങുകയാണെങ്കിൽ, ഗണ്യമായ പ്രതിഫലം ലഭിക്കുമെന്ന് കോടതി പറഞ്ഞു

MediaOne Logo
വെറുമൊരു വീട്ടമ്മയല്ല, സാങ്കൽപ്പിക വരുമാനം പ്രതിമാസം 15,000 രൂപയായി കണക്കാക്കുന്നു: വാഹനാപകടത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി കോടതി
X

ന്യൂ‍ഡൽഹി: വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ നിർണായക നിരീക്ഷണവുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഒരു വീട്ടമ്മയുടെ ബഹുമുഖ പങ്കും വിലമതിക്കാനാവാത്ത സംഭാവനയും എടുത്തുകാണിക്കുന്നതാണ് കോടതി നിരീക്ഷണം. വാഹനാപകടത്തിൽ ഇരയായ സ്ത്രീയുടെ കുടുംബത്തിന് നൽകിയ നഷ്ടപരിഹാരം ഇരട്ടിയാക്കിക്കി കൊണ്ടുള്ള വിധിയിലാണ് പരാമർശം.

ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവിനെതിരായ ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് സുദീപ്തി ശർമ്മ. അപകടത്തിൽ വീട്ടമ്മയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. 2014 ഒക്ടോബർ 8 നാണ് അപകടം സംഭവിച്ചത്.

2017 നവംബർ 21ന് അവർ മരണത്തിന് കീഴടങ്ങുകയായിരുന്നു. അതുവരെ വെന്റിലേറ്ററിന്റെയും പൈപ്പ് ഫീഡിംഗിനെയും സഹായത്തിലാണ് ജീവിച്ചത്. 2016 ഡിസംബറിൽ മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ കുടുംബത്തിന് 58.22 ലക്ഷം രൂപ അനുവദിച്ചു. നഷ്ടപരിഹാരം വർദ്ധിപ്പിക്കണമെന്ന ട്രൈബ്യൂണൽ ഉത്തരവിനെതിരെ കുടുംബം ഹർജി നൽകി.

ഒരു വീട്ടമ്മയുടെ സേവനങ്ങൾ തുറന്ന വിപണിയിൽ നിന്ന് വാങ്ങുകയാണെങ്കിൽ, ഗണ്യമായ പ്രതിഫലം ലഭിക്കുമെന്ന് കോടതി പറഞ്ഞു, കുടുംബത്തിൽ ഒരു വീട്ടമ്മ വഹിക്കുന്ന അവിഭാജ്യ പങ്ക് അടിവരയിടുന്നെന്നും ഉത്തരവിൽ പറയുന്നു.

സാമ്പത്തിക ആസൂത്രണം, പലചരക്ക് സാധനങ്ങൾ വാങ്ങൽ, കുട്ടികളുടെ വിദ്യാഭ്യാസം, ഗൃഹപരിപാലനം എന്നിവയ്ക്കും അപ്പുറമാണ് ഒരു വീട്ടമ്മയുടെ ജോലിയെന്ന് കോടതി കൂട്ടിച്ചേർത്തു. ഇരയെ ഒരു വീട്ടമ്മയായി കണക്കാക്കിയാണ് കോടതിയുടെ കണ്ടെത്തൽ. മരിച്ചയാളുടെ വരുമാനം കണക്കാക്കുന്നതിൽ വിദഗ്ധ ട്രൈബ്യൂണലിന് തെറ്റ് സംഭവിച്ചു. ഇത് സുപ്രീം കോടതിയുടെ വിധിന്യായങ്ങൾക്ക് വിരുദ്ധവുമാണ്.

അപകടം നടന്നത് 2014 ലാണ്. തുടർച്ചയായ പണപ്പെരുപ്പം, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, വീട്ടമ്മമാരുടെ സാമ്പത്തിക സംഭാവനയെക്കുറിച്ചുള്ള നിയമശാസ്ത്രപരമായ അംഗീകാരം എന്നിവ കണക്കിലെടുക്കുമ്പോൾ, ഇരയുടെ സാങ്കൽപ്പിക വരുമാനം പുനർനിർണയിക്കുന്നത് ന്യായവും നീതിയുക്തവുമാണെന്ന് കോടതി കണ്ടെത്തി. സാമ്പത്തിക ആസൂത്രണവും ബജറ്റ് മാനേജ്മെന്റും, കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും, പ്രായമായ ആശ്രിതരെ പരിചരിക്കുക, അറ്റകുറ്റപ്പണികളും വീടുകളിലെ ആരോഗ്യ സംരക്ഷണവും ഏകോപിപ്പിക്കുക തുടങ്ങിയ പലതും ഒരു വീട്ടമ്മ ചെയ്യുന്നു. നിയമപരമായ സ്ഥിതിയും നിലവിലെ കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത്, ഇരയുടെ സാങ്കൽപ്പിക വരുമാനം പ്രതിമാസം 15,000 രൂപയായി കണക്കാക്കുന്നത് ഉചിതമാണെന്ന് ഈ കോടതി കണ്ടെത്തി.

ട്രിബ്യൂണൽ നഷ്ടപരിഹാരം നൽകിയത് ഇരയുടെ വേദനയും കഷ്ടപ്പാടും മാത്രം പരി​ഗണിച്ചാണെന്നും അത് വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കുന്നു. അപകടത്തിന് ശേഷം മരണം വരെ ഇര പൂർണമായും തളർന്ന അവസ്ഥയിലായിരുന്നു. അപകടത്തിൽപ്പെട്ടയാൾക്ക് വളരെയധികം വേദനയും വൈകല്യവും അനുഭവപ്പെട്ടുവെന്നും കോടതി പറഞ്ഞു.

TAGS :

Next Story