നൂറിലധികം മുസ്‌ലിംകളെ കൊലപ്പെടുത്തി കോളിഫ്ലവർ പാടത്ത് കുഴിച്ചിട്ട ക്രൂരത; ബിഹാറിൽ കോൺഗ്രസിന്റെ വാട്ടർ ലൂ ആയ ഭാഗൽപൂർ കലാപം
ഇപ്പോഴും രാജ്യത്ത് വർഗീയ സംഘർഷങ്ങളുണ്ടാവുമ്പോൾ കോളിഫ്ലവർ പാടങ്ങളുടെ ചിത്രങ്ങൾ ഹിന്ദുത്വ ശക്തികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഭാഗൽപൂർ കലാപത്തിനിടെ ലോഗേൻ ഗ്രാമത്തിൽ 116 മുസ്‌ലിംകളെ കൂട്ടക്കൊല നടത്തി കോളിഫ്ലവർ പാടത്ത് കുഴിച്ചുമൂടിയതാണ് ഇതിലൂടെ ഓർമിപ്പിക്കുന്നത്

Bhagalpur Riot | Photo | Wikipedia
പട്‌ന: രാജ്യം മറന്നുപോയ കലാപമാണ് 1989ൽ ഭാഗൽപൂരിൽ നടന്ന മുസ്‌ലിം കൂട്ടക്കൊല. 1984ലെ ഡൽഹിയിലെ സിഖ് വിരുദ്ധ കലാപത്തിനും 1993ലെ മുംബൈ കലാപത്തിനും ഇടയിൽ നടന്ന ഈ ആസൂത്രിക കലാപത്തെ രാജ്യം കാര്യമായി ഓർക്കാറില്ല. 1990 ആയപ്പോഴേക്കും രാജ്യത്തുടനീളം പടർന്ന സംവരണവിരുദ്ധ പ്രക്ഷോഭങ്ങൾക്കെതിരെ പ്രത്യയശാസ്ത്ര പ്രതിരോധം ഉയർത്തുന്നതിനായി ബിഹാറിലെ ലാലു പ്രസാദ് യാദവ് സർക്കാർ തങ്ങളുടെ ഊർജം ചെലവഴിച്ചതിനാൽ ഭാഗൽപൂരിനെ മറന്നുപോയ കലാപം എന്നാണ് റിപ്പോർട്ടുകൾ വിശേഷിപ്പിക്കുന്നത്.
പിന്നീട് നിതീഷ് കുമാർ അധികാരത്തിലെത്തിയപ്പോൾ തെരഞ്ഞെടുപ്പ് കാലത്ത് ഭാഗൽപൂർ വീണ്ടും ദുർബലമായ ചർച്ചയായി. 2005ൽ മുഖ്യമന്ത്രിയായ ഉടൻ തന്നെ, നിതീഷ് കുമാർ ജസ്റ്റിസ് എൻ.എൻ സിങ്ങിന്റെ കീഴിൽ ഒരു പുതിയ അന്വേഷണ കമ്മീഷൻ രൂപീകരിച്ചു, തന്റെ സർക്കാർ മറ്റ് പിന്നാക്ക മണ്ഡലങ്ങളോടൊപ്പം ന്യൂനപക്ഷങ്ങൾക്കും മുൻഗണന നൽകുമെന്ന സൂചന നൽകി. 2013ൽ ലോക്സഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്ക് മുമ്പ് കലാപബാധിതരായ 384 കുടുംബങ്ങൾക്കുള്ള പെൻഷൻ അദ്ദേഹം ഇരട്ടിയാക്കി. നിരവധി തവണ നീട്ടിയതിന് ശേഷം 2015ൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എൻ.എൻ സിങ് കമ്മിറ്റി റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിച്ചു.
125 ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ റിപ്പോർട്ട് ശിപാർശ ചെയ്തിരുന്നു. അക്കാലത്തെ കോൺഗ്രസ് സർക്കാരിനെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. മുംബൈ കലാപം അന്വേഷിച്ച ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷൻ റിപ്പോർട്ടിലും സമാനമായ പരാമർശങ്ങളുണ്ടായിരുന്നു. കലാപം കാട്ടുതീ പോലെ പടരുകയും മുസ്‌ലിംകൾ കൂട്ടത്തോടെ കൊല്ലപ്പെടുകയും ചെയ്തപ്പോൾ സംസ്ഥാന സർക്കാർ നിഷ്‌ക്രിയമായി നോക്കിയിരുന്നുവെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തി. 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ മറവിൽ നടന്ന കലാപങ്ങളിൽ ഭാഗൽപൂർ അധികം ചർച്ചയായില്ല.
1989 ഒക്ടോബർ
'മോഫ്യൂസിൽ ജങ്ഷൻ' എന്ന തന്റെ പുസ്തകത്തിൽ, ഇയാൻ ജാക്ക് ഭാഗൽപൂരിനെ 'ബിഹാറിലെ ഗംഗയുടെ ചെളിയിൽ നിർമിച്ച നിസ്സാരവും പ്രതിഫലദായകമല്ലാത്തതുമായ ഒരു പട്ടണം' എന്ന് വിശേഷിപ്പിക്കുന്നു. 1996-ൽ പീപ്പിൾസ് യൂണിയൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ്‌സ് സമാഹരിച്ച ഒരു റിപ്പോർട്ട്, 1924, 1936, 1946, 1967 വർഷങ്ങളിൽ ഭാഗൽപൂരിൽ വർഗീയ സംഘർഷങ്ങൾ നടന്നതായി പറയുന്നു. എന്നാൽ അത് മുമ്പ് ഒരിക്കലും ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിച്ചിട്ടില്ല. കലാപത്തിന് മുമ്പുള്ള വർഷങ്ങളിൽ ഭയാനകമായ ഭരണകൂട ക്രൂരതകൾ കണ്ടിരുന്നു: 1980-ൽ ഭാഗൽപൂർ പട്ടണത്തിൽ നിന്നുള്ള 30 വിചാരണത്തടവുകാരെയെങ്കിലും പോലീസ് അന്ധരാക്കി.
ഈ ഇരുണ്ട ഘട്ടത്തിലാണ് രാമജന്മഭൂമി സംഘർഷങ്ങൾ ശക്തി പ്രാപിച്ചത്. വിശ്വഹിന്ദു പരിഷത്ത് അംഗങ്ങൾ ജില്ലയിലൂടെ സഞ്ചരിച്ച് രാമക്ഷേത്രത്തിനായി ഇഷ്ടികകൾ ശേഖരിക്കുകയും പൂജകൾ നടത്തുകയും ചെയ്തു. 1989 ആഗസ്റ്റിൽ, ഭാഗൽപൂർ പട്ടണത്തിൽ ബിഷേരി പൂജ, മുഹറം ആഘോഷങ്ങൾക്കിടെ സംഘർഷമുണ്ടായി. തുടർന്ന് ഭാഗൽപൂർ പട്ടണത്തിലെ ഒരു പ്രദേശമായ പർബട്ടിയിലെ ഒരു കിണറ്റിൽ 200 ഹിന്ദു മൃതദേഹങ്ങൾ തള്ളിയതായി കിംവദന്തികൾ പരക്കാൻ തുടങ്ങി. കലാപത്തെക്കുറിച്ചുള്ള റിപ്പോർട്ടിൽ ജാവേദ് ഇഖ്ബാൽ പറയുന്നത്, 200 അല്ല, 12 മൃതദേഹങ്ങളാണുണ്ടായിരുന്നതെന്നും അവയെല്ലാം മുഹമ്മദ് ജാവേദ് എന്ന ഒരാളുടെ കുടുംബാംഗങ്ങളാണെന്ന് പിന്നീട് കണ്ടെത്തിയെന്നാണ്. ഒക്ടോബർ 24ന്, ഗ്രാമപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന രാംശില ഘോഷയാത്രകൾ ഭാഗൽപൂർ പട്ടണത്തിൽ ഒത്തുചേരേണ്ടതായിരുന്നു.
സമാധാനപരമായ ഘോഷയാത്രകളിൽ ഒന്ന് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ തതാർപൂരിലൂടെ കടന്നുപോയപ്പോഴാണ് കലാപം ആരംഭിച്ചതെന്ന് പറയപ്പെടുന്നു, അവിടെ ഒളിഞ്ഞിരിക്കുന്ന അക്രമികൾ ബോംബുകളും ഇഷ്ടിക വടികളും എറിഞ്ഞു എന്നായിരുന്നു ആരോപണം. എന്നാൽ ഇതിന്റെ സത്യാവസ്ഥ സംബന്ധിച്ച് നിരവധി ചോദ്യങ്ങളുയർന്നു. ഒന്നാമതായി, ഘോഷയാത്രക്ക് ഔദ്യോഗികമായി അനുവദിച്ച പാതയിൽ തതാർപൂർ ഉണ്ടായിരുന്നില്ല, പക്ഷേ പൊലീസും ഭരണകൂടവും അതിലൂടെ കടന്നുപോകാൻ അനുവദിച്ചു. രണ്ടാമതായി, ഘോഷയാത്രയിലെ അംഗങ്ങൾ വാളുകളുമേന്തി 'ബച്ചാ ബച്ചാ റാം കാ, ബാക്കി സബ് ഹറാം കാ' (നമ്മളെല്ലാം രാമന്റെ മക്കളാണ്, ബാക്കിയുള്ളവർ നിയമവിരുദ്ധരാണ്) പോലുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയതായി റിപ്പോർട്ടുണ്ട്. ഇവിടെ നിന്ന് ബോംബുകൾ കണ്ടെത്തിയിട്ടില്ലെന്നും ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ കലാപം ആരംഭിക്കാൻ അത് മതിയായ കാരണമായിരുന്നു. ഒക്ടോബർ 24 മുതൽ 27 വരെ കലാപകാരികൾ അഴിഞ്ഞാടി. സംഘർഷം വ്യാപിച്ചതോടെ സൈന്യം രംഗത്തെത്തി. ഒറ്റ രാത്രിയിൽ കുറഞ്ഞത് 70 പേരെയെങ്കിലും കൊന്നൊടുക്കി. പർബത്തിയിലും തിമോണിയിലും വീടുകൾ കൊള്ളയടിക്കുകയും തീയിടുകയും ചെയ്തു. മുസ്‌ലിം കുടുംബങ്ങൾ കൂട്ടത്തോടെ പലായനം ചെയ്തു. കുട്ടികളെയും വൃദ്ധരെയും വെറുതെ വിടാതെ അക്രമികൾ അവിടെ താമസിച്ചിരുന്നവരെ വെട്ടിക്കൊല്ലുകയായിരുന്നു. ലോഗേനിലെ കോളിഫ്ലവർ പാടങ്ങൾ പിന്നീട് കുപ്രസിദ്ധമായി. നൂറിലധികം മൃതദേഹങ്ങൾ ഇവിടെ കുഴിച്ചുമൂടി അതിന് മുകളിൽ കോളിഫ്‌ളവറും കാബേജും നട്ടു. നവംബർ വരെ അക്രമം തുടർന്നു, കുറഞ്ഞത് 195 ഗ്രാമങ്ങളിലേക്ക് വ്യാപിച്ചു. ഔദ്യോഗിക റിപ്പോർട്ടുകൾ മരണസംഖ്യ ഏകദേശം 1,000 ആണെന്ന് പറയുന്നു. ഏകദേശം 2,000 പേർ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക വിവരം. മരിച്ചവരിൽ 93% പേരും മുസ്‌ലിംകളായിരുന്നു.
അന്വേഷണത്തിലെ വീഴ്ചകൾ
പരസ്പരവിരുദ്ധമായ അന്വേഷണങ്ങളിൽ ഭാഗൽപൂർ കലാപത്തെക്കുറിച്ചുള്ള യഥാർഥ വിവരങ്ങൾ പുറത്തുവന്നില്ല. അക്രമത്തിന്റെ കാരണങ്ങൾ പരിശോധിക്കുന്നതിനും ഭരണപരമായ വീഴ്ചകൾ ഉണ്ടെങ്കിൽ അവ അന്വേഷിക്കുന്നതിനുമായി 1989 ഡിസംബറോടെ ഭാഗൽപൂർ കലാപ അന്വേഷണ കമ്മീഷൻ രൂപീകരിച്ചു. കമ്മീഷന്റെ പ്രവർത്തനത്തിൽ നിരവധി വീഴ്ചകളുണ്ടായി. ഇടക്കാലത്ത് പുനഃസംഘടിപ്പിച്ചു. അഞ്ച് വർഷത്തിന് ശേഷം കമ്മീഷൻ രണ്ട് റിപ്പോർട്ടുകൾ സമർപ്പിച്ചു. രണ്ടിലും വ്യത്യസ്തമായ കണ്ടെത്തലുകളാണ് ഉണ്ടായിരുന്നത്.
കമ്മീഷൻ അംഗങ്ങളായിരുന്ന ജസ്റ്റിസുമാരായ ആർസിപി സിൻഹയും എസ്.ശംസുൽ ഹസനും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ട് കിംവദന്തികൾ പ്രചരിപ്പിച്ചതിന് വർഗീയ സംഘടനകളെയും മാധ്യമങ്ങളിൽ ഒരു വിഭാഗത്തെയും കുറ്റപ്പെടുത്തുന്നു. വർഗീയ രാഷ്ട്രീയത്തിന്റെ ദീർഘകാല ചരിത്രത്തിലാണ് കലാപത്തിന്റെ കാരണത്തെ ഇത് കണ്ടെത്തുന്നത്. താതർപൂരിലൂടെ ഘോഷയാത്ര അനുവദിച്ചതിനും പിന്നീട് കർഫ്യൂ പാലിക്കാത്തതിനും ഭരണകൂടം ഉത്തരവാദികളാണെന്ന് റിപ്പോർട്ട് പറയുന്നു. പൊലീസ് സൂപ്രണ്ട് കെ.എസ് ത്രിവേദിയാണ് സംഘർഷത്തിന്റെ പൂർണ ഉത്തരവാദിയെന്നാണ് ഇവരുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ത്രിവേദിയെ സ്ഥലം മാറ്റിയതിനെതിരെ ബിജെപിയും വിഎച്ച്പിയും പ്രചാരണം നടത്തിയത് പോലീസ് സേനയുടെ സാമുദായിക ബന്ധത്തിന്റെ തെളിവായി ഉയർത്തിക്കാട്ടുന്നു. ജില്ലാ ഭരണകൂടത്തിനും ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
കമ്മീഷൻ ചെയർമാനായിരുന്ന ജസ്റ്റിസ് ആർ.എൻ പ്രസാദ് അവതരിപ്പിച്ച റിപ്പോർട്ട് ഇന്ത്യൻ മുസ്‌ലിംകൾ ഐഎസ്ഐ ഏജന്റുമാരുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് ഉപദേശിക്കുന്നു. ഭരണകൂടത്തിന് വീഴ്ച പറ്റിയിട്ടില്ലെന്ന് പറയുന്ന റിപ്പോർട്ട് താതർപൂർ സംഭവത്തെക്കുറിച്ച് കാര്യമായി പറയുന്നില്ല. മരിച്ചവരുടെ എണ്ണത്തെക്കുറിച്ച് രണ്ട് റിപ്പോർട്ടിലും പരാമർശമില്ല.
1995ൽ ലാലു പ്രസാദ് സർക്കാർ ജസ്റ്റിസ് പ്രസാദ് റിപ്പോർട്ടിനെ ഔദ്യോഗിക പതിപ്പായി സ്വീകരിച്ചു. ഭരണപരമായ വീഴ്ചകൾ വലിയ ചർച്ചയായില്ല. ഭാഗൽപൂർ കലാപത്തെക്കുറിച്ച് ബിഹാറിലെ രാഷ്ട്രീയ നേതാക്കൾ മനപ്പൂർവം നിശബ്ദരായി. അതുകൊണ്ട് തന്നെ 1989ലെ ഭീകരമായ ഹിന്ദുത്വ കൂട്ടക്കൊല വിസ്മൃതിയിലേക്ക് നീങ്ങി.
മുസ്‌ലിം വിരുദ്ധ കലാപത്തിന് മൗനപിന്തുണ നൽകിയ കോൺഗ്രസ് ബിഹാർ രാഷ്ട്രീയത്തിൽ അപ്രസക്തമായി. അന്നത്തെ മുഖ്യമന്ത്രി സത്യേന്ദ്ര നാരായൺ സിൻഹക്ക് രാജിവയ്‌ക്കേണ്ടി വന്നു. ഉറുദുവിനെ ബിഹാറിന്റെ ഔദ്യോഗിക രണ്ടാം ഭാഷയാക്കി മാറ്റിയതിലൂടെ മുസ്‌ലിം സമുദായത്തിനിടയിൽ സ്വാധീനമുള്ള ജഗന്നാഥ് മിശ്രയെ മുഖ്യമന്ത്രിയാക്കി കോൺഗ്രസ് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഫലിച്ചില്ല. മുസ്‌ലിം വോട്ടുകൾ കോൺഗ്രസിൽ നിന്ന് അന്ന് ജനതാദളിന്റെ ഭാഗമായിരുന്ന ലാലു പ്രസാദിലേക്ക് മാറി.
മതേതര മുഖമായ ലാലു പ്രസാദ് യാദവ് പോലും ഭാഗൽപൂർ കലാപത്തിലെ കുറ്റവാളികളെ ശിക്ഷിക്കുന്നതിൽ മൃദുസമീപനമാണ് സ്വീകരിച്ചതെന്ന് ആരോപണമുണ്ട്. പ്രധാന പ്രതികളിൽ പലരും യാദവ സമുദായത്തിൽ നിന്നുള്ളവരായിരുന്നു. കലാപത്തിന് തൊട്ടുപിന്നാലെ അവർ ജില്ലയിലെ പ്രധാന രാഷ്ട്രീയ നേതാക്കളായി. എന്നാൽ 1990-ൽ എൽ.കെ അദ്വാനിയുടെ രഥയാത്ര നിർത്തിവച്ച വ്യക്തി എന്ന നിലയിൽ, ലാലുവിന് തന്റെ മതേതര നിലപാട് തെളിയിക്കേണ്ടി വന്നില്ല. ന്യൂനപക്ഷങ്ങളുടെ സംരക്ഷകനായി അദ്ദേഹം ഉയർന്നു. കലാപത്തിന്റെ ഇരകൾക്ക് നീതി ലഭിക്കാൻ കാര്യമായി ഒന്നും ചെയ്തില്ലെങ്കിലും തൊണ്ണൂറുകളിൽ യാദവ- മുസ്‌ലിം സഖ്യം ബിഹാറിൽ നിർണായക ശക്തിയായി. ലാലു പ്രസാദ് യാദവ് അവരുടെ നേതാവുമായി.
ബിഹാർ വീണ്ടും ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ ഭഗൽപൂർ കലാപത്തിലെ ഇരകളുടെ നീതി എവിടെയും ചർച്ചയാകുന്നില്ല. എന്നാൽ കൂട്ടക്കൊല നടത്തിയ ഹിന്ദുത്വ ഭീകരത ഇപ്പോഴും അത് അഭിമാനമായി കൊണ്ടുനടക്കുകയും ചിലപ്പോഴൊക്കെ ഭീഷണിയായി ഓർമിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴും രാജ്യത്ത് വർഗീയ സംഘർഷങ്ങളുണ്ടാവുമ്പോൾ കോളിഫ്ലവർ പാടങ്ങളുടെ ചിത്രങ്ങൾ ഹിന്ദുത്വ ശക്തികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഭാഗൽപൂർ കലാപത്തിനിടെ ലോഗേൻ ഗ്രാമത്തിൽ 116 മുസ്‌ലിംകളെ കൂട്ടക്കൊല നടത്തി കോളിഫ്ലവർ പാടത്ത് കുഴിച്ചുമൂടിയതാണ് ഇതിലൂടെ ഓർമിപ്പിക്കുന്നത്.
Adjust Story Font
16

