Quantcast

ചെന്നൈ, കൊൽക്കത്ത, അഹമ്മദാബാദ്..,വഖഫ് ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധ റാലി

അഹമ്മദാബാദിൽ പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. തമിഴ്‌നാട്ടിൽ നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴഗം രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.

MediaOne Logo

Web Desk

  • Published:

    4 April 2025 5:23 PM IST

Huge Protests In Kolkata, Chennai After Waqf Bill Clears Parliament
X

ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധ റാലി. കൊൽക്കത്തയിൽ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. അഹമ്മദാബാദിലും ചെന്നൈയിലും ജുമുഅ നിസ്‌കാരത്തിന് ശേഷമായിരുന്നു പ്രതിഷേധവുമായി ആളുകൾ രംഗത്തെത്തിയത്.

അഹമ്മദാബാദിൽ പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. തമിഴ്‌നാട്ടിൽ നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴഗം രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. ചെന്നൈ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി തുടങ്ങിയ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ടിവികെ പ്രവർത്തകർ പ്രതിഷേധിച്ചു. വഖഫ് ബിൽ തള്ളിക്കളയണമെന്നും മുസ്‌ലിംകളുടെ അവകാശങ്ങൾ ഇല്ലാതാക്കരുതെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

അഭിനയം നിർത്തി സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ വിജയ് വഖഫ് ഭേദഗതി ബില്ലിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ബില്ല് ജനാധിപത്യ വിരുദ്ധവും ഇന്ത്യയുടെ മതേതര അടിത്തറയെ തകർക്കുന്നതുമാണെന്ന് വിജയ് നേരത്തെ പറഞ്ഞിരുന്നു.

സംസ്ഥാനത്തെ മുസ്‌ലിംകളുടെ വഖഫ് സ്വത്തുക്കൾ നഷ്ടപ്പെടാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനർജിയും പ്രഖ്യാപിച്ചിരുന്നു. ബിജെപി രാജ്യത്തെ വിഭജിക്കാനാണ് ആഗ്രഹിക്കുന്നത്. ബിജെപി ഇതര സർക്കാർ അധികാരത്തിലെത്തിയാൽ ബിൽ പിൻവലിക്കുമെന്നും മമത വ്യക്തമാക്കിയിരുന്നു.

വഖഫ് ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തെ അടിച്ചമർത്താനാണ് കേന്ദ്ര നീക്കം. പ്രതിഷേധത്തെ നേരിടാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേന്ദ്ര സേന ഫ്‌ളാഗ് മാർച്ച് നടത്തിയിരുന്നു. ഡൽഹി, ലഖ്‌നൗ, സംഭൽ എന്നിവിടങ്ങളിൽ പൊലീസ് വിന്യാസം വർധിപ്പിച്ചിട്ടുണ്ട്. ജാമിഅ മില്ലിയ്യ സർവകലാശാലക്ക് പുറത്തും വൻ കേന്ദ്ര സേനയെ വിന്യസിച്ചിരുന്നു.

TAGS :

Next Story