ഇൻകം ടാക്‌സ് ഓഫീസറല്ല, വെറും തട്ടിപ്പുവീരൻ! ഭർത്താവിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഭാര്യ
വിവാഹം കഴിഞ്ഞ് 21 മാസങ്ങൾക്ക് ശേഷമാണ് ഭാര്യ സത്യം തിരിച്ചറിഞ്ഞത്

- Published:
19 Jan 2026 5:49 PM IST

ഗ്വാളിയോർ: മധ്യപ്രദേശിൽ വിവാഹം കഴിഞ്ഞ് 21 മാസങ്ങൾക്ക് ശേഷം ഭർത്താവിനെ കുറിച്ച് ഗുരുതരമായ വെളിപ്പെടുത്തലുകളുമായി യുവതി. കൊൽക്കത്തയിൽ ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റിൽ സ്ഥിരം ജോലി എന്ന് പറഞ്ഞ് ഭർത്താവ് നാളിതുവരെയും തന്നെയും കുടുംബത്തേയും വഞ്ചിക്കുകയായിരുന്നുവെന്നാണ് ഭാര്യയുടെ വെളിപ്പെടുത്തൽ. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. സ്ത്രീധനം തട്ടിയെടുത്തത് കാണിച്ച് ഗ്വാളിയോർ പൊലീസിൽ യുവതി പരാതി നൽകിയിട്ടുണ്ട്.
2024 ഏപ്രിൽ 21 നാണ് കൈമരി വില്ലേജിലെ മഹാവീർ അവസ്ഥിയും മഹൽഗവോൺ സ്വദേശിനിയായ 27കാരി എഞ്ചിനീയറും തമ്മിലുള്ള വിവാഹം നടന്നത്. താൻ കൊൽക്കത്തയിൽ ഇൻകം ടാക്സ് ഉദ്യോഗസ്ഥനാണെന്നാണ് വിവാഹ സമയത്ത് യുവാവ് പറഞ്ഞിരുന്നത്. ഏക മകളുടെ വിവാഹം ആർഭാടപൂർവമാണ് രക്ഷിതാക്കൾ നടത്തിയത്. ഏതാണ്ട് നാൽപത് ലക്ഷം രൂപ വിവാഹത്തിനായി ചെലവിട്ടുവെന്നാണ് വിവരം. എന്നാൽ, വിവാഹം കഴിഞ്ഞ് 21 മാസത്തിന് ശേഷമാണ് തങ്ങൾക്ക് പറ്റിയ അമളി യുവതിയും കുടുംബവും തിരിച്ചറിഞ്ഞത്.
വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ഭർത്താവിനെ പെട്ടെന്ന് കാണാതായി. തുടർന്നുള്ള ദിവസങ്ങളിൽ സ്ത്രീധനത്തിന്റെ ബാക്കി ആവശ്യപ്പെട്ട് ഭർതൃവീട്ടുകാരുടെ ഉപദ്രവം തുടങ്ങി. ഭർത്താവിന്റേയും വീട്ടുകാരുടേയും പെരുമാറ്റത്തിൽ സംശയം തോന്നിയ യുവതി ഇവരെ കുറിച്ച് അന്വേഷിച്ച് തുടങ്ങി. അപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ അറിഞ്ഞത്. ഭർത്താവ് ഇൻകം ടാക്‌സ് ഉദ്യോഗസ്ഥനല്ലെന്ന് യുവതി തിരിച്ചറിഞ്ഞു. ഇത് ഭർത്താവിനോട് നേരിട്ട് ചോദിച്ചെങ്കിലും സാധിക്കുന്നത് ചെയ്‌തോളാനുള്ള വെല്ലുവിളിയായിരുന്നു ഭർത്താവിന്റെ മറുപടി. യുവതിയെ വീട്ടിൽ നിന്ന് ഇറക്കി വിടുകയും ചെയ്തു. ഈ തട്ടിപ്പിൽ ഭർത്താവിന്റെ അയൽവാസികൾക്കും പങ്കുണ്ടെന്നാണ് യുവതിയുടെ ആരോപണം.
ഇൻകം ടാക്‌സ് ഓഫീസറാണെന്ന് പറഞ്ഞ് കബളിപ്പിച്ചതിനും സ്ത്രീധനമായി 70 ലക്ഷം രൂപയും കാറും കൈപ്പറ്റി എന്നും പറഞ്ഞാണ് യുവതി ഗ്വാളിയോർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇയാളെ അന്വേഷിച്ച് നാട്ടിലെത്തിയെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാരോടും ഇയാൾ ഇൻകം ടാക്‌സ് ഓഫീസറാണെന്നാണ് പറഞ്ഞിട്ടുള്ളത്. ഡൽഹിയിൽ വലിയ ബംഗ്ലാവ് ഉണ്ടെന്നുമാണ് പറഞ്ഞിരുന്നത്.
Adjust Story Font
16
