Quantcast

'രണ്ടാം വിവാഹത്തിന് ശ്രമം, ഇന്ത്യയിലുള്ള ഭർത്താവിനെ പാകിസ്താനിലേക്ക് നാടുകടത്തണം'; കോടതിയെ സമീപിച്ച് പാക് യുവതി

അനുരഞ്ജന ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് യുവതി കോടതിയെ സമീപിച്ചത്.

MediaOne Logo

Web Desk

  • Published:

    12 Dec 2025 5:11 PM IST

Husband In Indore Pak Woman Begs Court To Deport Him To Prevent 2nd Marriage
X

ഭോപ്പാൽ: ഇന്ത്യയിലുള്ള ഭർത്താവിനെ പാകിസ്താനിലേക്ക് നാടുകടത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് പാക് യുവതി. 28കാരിയായ നികിത ദേവിയാണ് ഭർത്താവ് വിക്രം കുമാർ നാ​ഗദേവിനെ (35) പാകിസ്താനിലേക്ക് നാടുകടത്തണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ ഇന്ത്യയിൽ കഴിയുന്ന ഭർത്താവ് താനുമായി വിവാഹബന്ധം വേർപ്പെടുത്താതെയും തന്റെ സമ്മതമില്ലാതെയും രണ്ടാം വിവാഹത്തിനൊരുങ്ങുന്നെന്ന് ആരോപി‌‌ച്ചാണ് നികിത കോടതിയിൽ ഹരജി നൽകിയത്.

അനുരഞ്ജന ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് യുവതി കോടതിയെ സമീപിച്ചത്. ഹരജി അടുത്തയാഴ്ച കോടതി പരി​ഗണിക്കും. പാകിസ്താനിൽ നിന്ന് ദീർഘകാല വിസയിൽ ഇന്ത്യയിലെത്തിയ കറാച്ചി സ്വദേശിയായ വിക്രം കുമാർ മധ്യപ്രദേശിലെ ഇൻഡോറിലാണ് താമസിക്കുന്നത്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ 2020 ജനുവരി 26നായിരുന്നു ഇവരുടെ വിവാഹം.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരമാണ്, മാതാപിതാക്കൾക്കൊപ്പം പാകിസ്താനിലെ സ്വന്തം വീട്ടിൽ താമസിക്കുന്ന യുവതി, അഡ്വ. ദിനേഷ് റാവത്ത് മുഖേന കോടതിയെ സമീപിച്ചത്. മൗലികാവകാശങ്ങളും മറ്റ് നിയമപരമായ അവകാശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യേക റിട്ടുകൾ പുറപ്പെടുവിക്കാൻ ഹൈക്കോടതികൾക്ക് അധികാരം നൽകുന്നതാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 226.

തന്നെ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് കടന്ന ഭർത്താവ് 2026 മാർച്ചിൽ നിയമവിരുദ്ധമായി മറ്റൊരു യുവതിയെ വിവാഹം കഴിക്കാനൊരുങ്ങുകയാണെന്ന് പരാതിയിൽ പറയുന്നു. നിയമപരമായ സങ്കീർണതകൾ മുതലെടുത്ത് തന്റെ ഭർത്താവ് ഇന്ത്യയിൽ രണ്ടാമതും വിവാഹം കഴിക്കുന്നത് തടയണമെന്നും അദ്ദേഹത്തെ പാകിസ്താനിലേക്ക് നാടുകടത്തണമെന്നും യുവതി ഹരജിയിൽ ആവശ്യപ്പെടുന്നതായി അഭിഭാഷകൻ പറഞ്ഞു.

എന്നാൽ ഭാര്യയുടെ ആരോപണങ്ങൾ നാ​ഗദേവ് തള്ളി. 'കല്യാണത്തിന് ശേഷം തങ്ങളൊരുമിച്ചാണ് ഇന്ത്യയിലേക്ക് വന്നത്. എന്നാൽ പിന്നീട് ഭാര്യ സ്വന്തം താത്പര്യപ്രകാരം പാകിസ്താനിലേക്ക് മടങ്ങുകയായിരുന്നു. വീണ്ടും ഇന്ത്യയിലേക്ക് വരാനോ പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടാനോ അവർ വിസമ്മതിച്ചു. സമുദായ പഞ്ചായത്തുകൾ വഴി കുടുംബ തർക്കം പരിഹരിക്കാൻ താൻ ശ്രമിച്ചെങ്കിലും ഭാര്യ വിസമ്മതിച്ചു'- നാ​ഗദേവ് പറഞ്ഞു. കുടുംബ തർക്കത്തിന്റെ മറവിൽ ഭാര്യ തന്നിൽ നിന്ന് പണം തട്ടാൻ ശ്രമിക്കുകയാണെന്നും നാ​ഗദേവ് ആരോപിച്ചു.

ഇന്ത്യൻ നിയമങ്ങളെല്ലാം പാലിച്ചാണ് താൻ ലോങ്-ടേം വിസയിൽ ഇൻഡോറിൽ കഴിയുന്നതെന്നും ഭാര്യയെ വിവാഹമോചനം ചെയ്യാൻ താൻ‌ ആഗ്രഹിക്കുന്നതായും നാ​ഗദേവ് വ്യക്തമാക്കി. ഭാര്യ തന്നെ ഇരു രാജ്യങ്ങളിലും തന്നെ അപകീർത്തിപ്പെടുത്തുകയും തനിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തെന്നും നാ​ഗദേവ് പറയുന്നു.

ഇരുവരും തമ്മിലുള്ള കുടുംബ തർക്കം നേരത്തെ ഇൻഡോറിലെ 'സിന്ധി പഞ്ച് മീഡിയേഷൻ ആൻഡ് ലീഗൽ കൺസൾട്ടൻസി സെന്ററിൽ' എത്തിയിരുന്നുവെങ്കിലും പരിഹരിക്കപ്പെട്ടിരുന്നില്ല. ഇതോടെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. താൻ പരമാവധി ശ്രമിച്ചെങ്കിലും ഇരുവരും ഒത്തുതീർപ്പിലെത്താൻ തയാറായിരുന്നില്ലെന്ന് കൺസൾട്ടൻസി സെന്റർ മേധാവിയും സാമൂഹികപ്രവർത്തകനുമായ കിഷോർ കോഡ്വാനി പറഞ്ഞു. നാ​ഗദേവും ഭാര്യയും പാകിസ്താൻ പൗരന്മാരായതിനാലും അവരുടെ കുടുംബ തർക്കം പരിഹരിക്കാനുള്ള അധികാരപരിധി ആ രാജ്യമായതിനാലും പാകിസ്താനിലേക്ക് തിരിച്ചയയ്ക്കാൻ താൻ ശുപാർശ ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story