'മിന്നുന്നതെല്ലാം പൊന്നല്ല; പുറത്തിറങ്ങുന്നത് ഒരു കോടി രൂപയുടെ സ്വർണാഭരണം ദേഹത്തണിഞ്ഞ്, ഒടുവിൽ ഹൈദരാബാദിലെ 'ഗോൾഡ് മാൻ' പിടിയിൽ
ആഭരണങ്ങൾ ഇടയ്ക്കിടെ മാറ്റുന്നത് സ്റ്റൈലിന് വേണ്ടിയല്ലെന്നും സൂര്യാഭായി ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്

- Published:
1 April 2026 2:37 PM IST

ഹൈദരാബാദ്: 'ഒരു കോടി രൂപ' വിലമതിക്കുന്ന സ്വർണാഭരണങ്ങൾ ധരിച്ച് പൊതുസമൂഹത്തിൽ ഷോ നടത്തിയിരുന്ന 'സ്വർണ മനുഷ്യന്‍' ആദായനികുതിയുടെ വലയില്‍."ഓൾഡ് സിറ്റി ഗോൾഡ് മാൻ" എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹൈദരാബാദ് സ്വദേശി കൂടിയായ സൂര്യ ഭായിക്കെതിരെയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കേസെടുത്തത്. ഇയാള്‍ ദേഹത്ത് ധരിച്ചിരുന്ന ആഭരണങ്ങളില്‍ ഭൂരിഭാഗവും വ്യാജമാണെന്നും മൂന്നു ലക്ഷം രൂപവിലമതിക്കുന്ന ചെമ്പ് പൂശിയതാണെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. സ്വര്‍ണനിറം പൂശിയ റോഡിയം കോട്ടിങ്ങുള്ള ആഭരണങ്ങളായിരുന്നു ഇയാള്‍ ധരിച്ചിരുന്നത്.
ഇയാളുടെ യഥാര്‍ഥപേര് പല്ലപ്പു സുരേഷ് കുമാർ (34) ആണെന്നും അട്ടാപ്പൂര്‍ സ്വദേശിയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരായപ്പോൾ ഇയാൾ 12 ഓളംആഭരണങ്ങൾ കൈവശം വച്ചിരുന്നു, അവയ്ക്ക് ഏകദേശം ഒരു കോടി രൂപ വിലവരുമെന്ന് ആദ്യം അവകാശപ്പെട്ടു. ചോദ്യം ചെയ്യൽ പുരോഗമിക്കുമ്പോൾ, മൂല്യത്തിന്‍റെ അളവ് കുറച്ച് കൊണ്ടുവന്നു.എന്നാല്‍ പിന്നീട് ഉദ്യോഗസ്ഥര്‍ അവ പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ക്ക് ഏകദേശം മൂന്ന് ലക്ഷം രൂപ മാത്രം വരുന്നൊള്ളൂവെന്ന് കണ്ടെത്തിയത്. മിക്കതും റോഡിയം പൂശിയ ചെമ്പ് കൊണ്ടാണ് നിർമ്മിച്ചതെന്നും, ഒന്ന് സ്വർണ്ണം പൂശിയ വെള്ളി കൊണ്ടാണ് നിർമ്മിച്ചതെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി.
ഏറെ നാള്‍ ഉപയോഗിക്കുന്ന സമയത്ത് സ്വര്‍ണനിറം മങ്ങുന്നതിനാലാണ് ആഭരണങ്ങൾ ഇടയ്ക്കിടെ മാറ്റുന്നതെന്നും സ്റ്റൈലിന് വേണ്ടിയല്ലെന്നും ഇയാള്‍ ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്.
ഹൈദരാബാദില്‍ ദേഹം മുഴുവന്‍ സ്വര്‍ണം ധരിച്ച് പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന നിരവധി ആളുകളുണ്ട്. ഡൽഹി വിമാനത്താവളത്തിൽ വെച്ച് 1.4 കിലോഗ്രാം സ്വർണ്ണാഭരണങ്ങൾ നേരത്തെ പിടിച്ചെടുത്തതിന് പിന്നാലെ തെലങ്കാന ഹോക്കി അസോസിയേഷൻ പ്രസിഡന്റ് കൊണ്ട വിജയ് കുമാറിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതിന്‍റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് സൂര്യഭായിയും കുടുങ്ങിയത്.
യൂട്യൂബ് അഭിമുഖങ്ങളിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും താനൊരു ധനികനായ "സ്വർണ മനുഷ്യൻ" ആണെന്ന് സ്വയം അവകാശപ്പെട്ടിരുന്നത്. വെളുത്ത വസ്ത്രവും കഴുത്തിലും കൈയിലുമെല്ലാം വലിയ മാലയും വളയും മോതിരങ്ങളുമെല്ലാം ധരിച്ചാണ് ഇയാള്‍ പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. പൊതുജനങ്ങളിലും മാധ്യമങ്ങളിലും ശ്രദ്ധനേടാനുള്ള തന്ത്രമായിരുന്നു ഇതെല്ലാമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇയാള്‍ ആറുവര്‍ഷമായി ആദായനികുതി റിട്ടേൺ സമർപ്പിച്ചിട്ടില്ലെന്നും സ്വന്തം പേരിലോ ഭാര്യയുടെ പേരിലോ സ്വത്തുക്കളൊന്നുമില്ലെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍20,000 രൂപ പ്രതിമാസ വാടകനല്‍കി ഫ്ലാറ്റിലാണ് താമസിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. നേരത്തെ ഇയാള്‍ ജിം ഇൻസ്ട്രക്ടറായി ജോലി ചെയ്തിരുന്നു.
സമൂഹത്തില്‍ പേരും പ്രശസ്തിയും നേടിയെടുക്കുക, സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടുക തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു തനിക്കുണ്ടായിരുന്നതെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. രണ്ട് സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്നും നടനാണെന്ന് പറഞ്ഞാണ് അഭിമുഖങ്ങളില്‍ പങ്കെടുത്തതെന്നും ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്.
Adjust Story Font
16
