ഹൈദരാബാദ് സർവകലാശാല തെരഞ്ഞെടുപ്പ്: എബിവിപിക്കെതിരെ എഎസ്എ, ഐസ, ഫ്രറ്റേണിറ്റി, എംഎസ്എഫ് സഖ്യം
ക്യാമ്പസിൽ വലതുപക്ഷ ശക്തികളുടെ വർധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കാൻ ലക്ഷ്യമിട്ടുള്ള ഒരു രാഷ്ട്രീയ ഇടപെടലാണ് ഈ സഖ്യമെന്നാണ് വിദ്യാർഥികളും നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്

ഹൈദരാബാദ്: ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി (എച്ച്‌സിയു) 2025-26 വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആർഎസ്എസിന്റെ വിദ്യാർഥി വിഭാഗം അഖില ഭാരതീയ വിദ്യാർഥി പരിഷത്തിനെ (എബിവിപി) നേരിടാൻ പുതിയ സഖ്യം. അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഎസ്എ), ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ), ഫ്രറ്റേണിറ്റി മൂവ്മെന്റ്, മുസ്‌ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ (എംഎസ്എഫ്) എന്നിവ ചേർന്നാണ് സഖ്യം രൂപീകരിച്ചിരിക്കുന്നത്. ആറു വർഷത്തെ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ) മായുള്ള സഹകരണം അവസാനിപ്പിച്ചാണ് എഎസ്എ നേതൃത്വത്തിൽ പുതിയ നീക്കം.
ക്യാമ്പസിൽ വലതുപക്ഷ ശക്തികളുടെ വർധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കാൻ ലക്ഷ്യമിട്ടുള്ള ഒരു രാഷ്ട്രീയ ഇടപെടലാണ് ഈ സഖ്യമെന്നാണ് വിദ്യാർഥികളും നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. 2019 മുതൽ എബിവിപിയെ വിദ്യാർഥി യൂണിയനിൽ തോൽപ്പിക്കുന്നതിനും വലതുപക്ഷ തന്ത്രങ്ങളെ ചെറുക്കുന്ന ആശയപരമായ വ്യവഹാരങ്ങൾ രൂപപ്പെടുത്തുന്നതിനും എഎസ്എ മുൻനിരയിൽ ഉണ്ട്. ഹിന്ദുത്വ ഒരു സ്ഥിരമോ ഏകലിതമോ ആയ ആശയമല്ലെന്നും അത് രാജ്യത്തും കാമ്പസുകളിലും വിവിധ രൂപങ്ങളിൽ പ്രകടമാകുന്നുവെന്നും വിദ്യാർഥി നേതാക്കൾ വാദിക്കുന്നു. യൂണിവേഴ്സിറ്റിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഭരണപരമായ തീരുമാനങ്ങളിൽ മുതൽ ക്ലാസ് മുറി സംസ്കാരം വരെ ഇതിന്റെ സ്വാധീനം ദൃശ്യമാണ്. ഇതിനെ നേരിടാൻ അംബേദ്കറൈറ്റ്, ഇടതുപക്ഷ, മുസ്‌ലിം സംഘടനകളുടെ വിശാലമായ ഒരു മുന്നണി ആവശ്യമാണെന്ന് അവർ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ഈ സഖ്യം എബിവിപിയെ തെരഞ്ഞെടുപ്പിൽ മാത്രം എതിർക്കുക എന്ന ലക്ഷ്യത്തിനപ്പുറം, ചരിത്രപരമായി പാർശ്വവത്കരിക്കപ്പെട്ട വിദ്യാർഥികളെ കേന്ദ്രീകരിച്ച് ദളിത്-ബഹുജൻ അവകാശവാദങ്ങളെ പ്രതിരോധത്തിന്റെ കേന്ദ്രമാക്കി, ഇസ്‌ലാമോഫോബിയ, നവലിബറൽ പുറന്തള്ളലുകൾ എന്നിവക്കെതിരായ പോരാട്ടവുമായി യോജിപ്പിച്ച്, ഐക്യദാർഢ്യത്തിന്റെ രാഷ്ട്രീയം വളർത്തിയെടുക്കാൻ ശ്രമിക്കുന്നു. ഇത് യൂണിവേഴ്സിറ്റി ഇടത്തിൽ ജനാധിപത്യത്തെ പുനഃസ്ഥാപിക്കാനും വിദ്യാർഥി രാഷ്ട്രീയത്തെ ശൂന്യമായ പ്രാതിനിധ്യമോ സ്വേച്ഛാധിപത്യമോ ആക്കി മാറ്റുന്നതിനെതിരെ പോരാടാനും ലക്ഷ്യമിടുന്നു.
Adjust Story Font
16

