പ്രതിമാസം 31,000 രൂപയുടെ ശമ്പള വര്‍ധനവ്; തൊഴിലാളി യൂണിയനുമായി മൂന്ന് വര്‍ഷത്തെ വേതന കരാറിൽ ഒപ്പുവച്ച് പ്രമുഖ മോട്ടോര്‍ കമ്പനി
മൂന്ന് വർഷത്തിനുള്ളിൽ 55 ശതമാനം, 25 ശതമാനം, 20 ശതമാനം എന്ന അനുപാതത്തിൽ ക്രമീകരിച്ചിരിക്കുന്നു

ചെന്നൈ: 2024 മുതൽ 2027 വരെയുള്ള കാലയളവിലേക്കുള്ള ദീർഘകാല വേതന ഒത്തുതീർപ്പ് കരാറിൽ ഒപ്പുവച്ച് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡും (HMIL) യുണൈറ്റഡ് യൂണിയൻ ഓഫ് ഹ്യുണ്ടായ് എംപ്ലോയീസും (UUHE). 2024 ഏപ്രിൽ 1 മുതൽ 2027 മാർച്ച് 31 വരെയാണ് കരാറിന്‍റെ കാലാവധി. പ്രതിമാസം 31,000 രൂപയുടെ ശമ്പള വർധനവാണ് ജീവനക്കാര്‍ക്ക് ലഭിക്കുക.
ഇത് മൂന്ന് വർഷത്തിനുള്ളിൽ 55 ശതമാനം, 25 ശതമാനം, 20 ശതമാനം എന്ന അനുപാതത്തിൽ ക്രമീകരിച്ചിരിക്കുന്നു.ശമ്പള വർധനവിനൊപ്പം മികച്ച ആരോഗ്യ പരിരക്ഷയും നൂതന വെൽനസ് പ്രോഗ്രാമുകളും തുടരുമെന്നും കമ്പനി അറിയിച്ചു.
"ഞങ്ങളുടെ വിജയത്തിന്‍റെ മൂലക്കല്ലാണ് ഞങ്ങളുടെ ജീവനക്കാര്‍. പരസ്പര വിശ്വാസം, ബഹുമാനം, സര്‍ഗാത്മകത എന്നിവയിൽ അധിഷ്ഠിതമായ ഈ കരാർ, ജീവനക്കാരുടെ ക്ഷേമത്തിന് മുൻഗണന നൽകുകയും ദീർഘകാല സംഘടനാ വളർച്ചയെ പിന്തുണക്കുകയും ചെയ്യുന്ന ഒരു പുരോഗമനപരമായ ജോലിസ്ഥല സംസ്കാരം വളർത്തിയെടുക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു," എച്ച്എംഐഎല്ലിന്‍റെ (പീപ്പിൾ സ്ട്രാറ്റജി) ഫംഗ്ഷൻ ഹെഡ് മിസ്റ്റർ യങ്മ്യുങ് പാർക്ക് പറഞ്ഞു.
2011 മുതൽ ഹ്യുണ്ടായിയിലെ ഔദ്യോഗിക തൊഴിലാളി പ്രതിനിധി സംഘടനയായി അംഗീകരിക്കപ്പെട്ട യുണൈറ്റഡ് യൂണിയൻ ഓഫ് ഹ്യുണ്ടായ് എംപ്ലോയീസ് നിലവിൽ 1,981 ജീവനക്കാരെ പ്രതിനിധീകരിക്കുന്നു. ഇത് ടെക്നീഷ്യൻ, വർക്ക്മാൻ കേഡറിന്‍റെ 90 ശതമാനവും പ്രതിനിധീകരിക്കുന്നു.
Adjust Story Font
16

