Quantcast

'വീട്ടിൽ ഞാൻ ബന്ദിയായിരുന്നു, വിഷബാധയേൽപ്പിച്ച് കൊല്ലാൻ ശ്രമിച്ചു'; കൊല്ലപ്പെട്ട കർണാടക മുൻ ഡിജിപിയുടെ ഭാര്യയുടെ വാട്‌സ്ആപ്പ് സന്ദേശം

കഴിഞ്ഞ ദിവസമാണ് കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

MediaOne Logo

Web Desk

  • Published:

    21 April 2025 6:34 PM IST

I am a hostage: ex-Karnataka top cops wife claimed in messages before murder
X

ബെംഗളൂരു: കൊല്ലപ്പെട്ട കർണാടക മുൻ ഡിജിപി ഓം പ്രകാശിന്റെ ഭാര്യ പല്ലവി ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്. ഭർത്താവ് തന്നെ വിഷം തന്ന് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് പല്ലവി വിവിധ ഗ്രൂപ്പുകളിലേക്ക് അയച്ച സന്ദേശത്തിലുള്ളത്.

അതേസമയം പല്ലവിക്ക് സ്‌കിസോഫ്രീനിയ അടക്കമുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പല്ലവിക്ക് വിഷാദരോഗം ഉണ്ടായിരുന്നതായി അവരുടെ മകനും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ പറയുന്ന കാര്യങ്ങൾ പൊലീസ് മുഖവിലക്കെടുത്തിട്ടില്ല.

ഭർത്താവിനെതിരെ അടിയന്തര നടപടി വേണമെന്നാണ് ഐപിഎസ് ഓഫീസർമാരുടെ ഗ്രൂപ്പിലിട്ട ഒരു സന്ദേശത്തിൽ പല്ലവി പറയുന്നത്. ഓം പ്രകാശിന്റെ റിവോൾവർ എത്രയും പെട്ടെന്ന് പിടിച്ചെടുക്കണം. തന്നെ വീട്ടിൽ ബന്ദിയാക്കിയിരിക്കുകയാണ്. എവിടെപ്പോയാലും ഓം പ്രകാശിന്റെ ഏജന്റുമാരുടെ നിരീക്ഷണത്തിലാണെന്നും പല്ലവിയുടെ സന്ദേശത്തിൽ പറയുന്നുണ്ട്.

ഓം പ്രകാശ് തന്നെ വിഷബാധയേൽപ്പിച്ച് കൊല്ലാൻ ശ്രമിക്കുന്നുവെന്നും പല്ലവി ആരോപിക്കുന്നുണ്ട്. തനിക്ക് മാറിത്താമസിക്കണമെന്ന് വർഷങ്ങളായി അദ്ദേഹത്തോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്, പക്ഷേ ഫലമുണ്ടായില്ല. ഭക്ഷണത്തിലും വെള്ളത്തിലും ഓം പ്രകാശ് വിഷം കലർത്തിയെന്നും തന്റെ മകളെയും ഓം പ്രകാശ് കൊല്ലാൻ ശ്രമിക്കുന്നുണ്ടെന്നും പല്ലവി വാട്‌സ്ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്.

തനിക്കും മകൾക്കും എന്തെങ്കിലും സംഭവിച്ചാൽ അതിന് ഓം പ്രകാശ് ആയിരിക്കും ഉത്തരവാദി. നെയ്യും ചെറുനാരങ്ങയും ഉപയോഗിച്ചാണ് താനും മകളും വിഷബാധയേൽക്കാതെ രക്ഷപ്പെടുന്നത്. തനിക്ക് മറ്റൊരു താമസസ്ഥലം കണ്ടെത്താൻ നിലവിലെ ഡിജിപിയോട് പറയണമെന്നും പല്ലവി ഗ്രൂപ്പിൽ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓം പ്രകാശിന്റെ ശരീരത്തിൽ നിരവധി കുത്തുകൾ ഏറ്റിരുന്നു. ഓം പ്രകാശിനെ പല്ലവി നേരത്തെയും ആക്രമിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കല്ലുകൊണ്ട് തലക്കടിച്ചതിനെ തുടർന്ന് ഓം പ്രകാശിന് പരിക്കേറ്റിരുന്നു. അമ്മയുടെ ഭീഷണിയെ തുടർന്ന് അച്ഛൻ സഹോദരിയായ സരിത കുമാരിയുടെ വീട്ടിലേക്ക് മാറിയിരുന്നുവെന്നും പിന്നീട് തന്റെ പെങ്ങൾ കുർത്തിയാണ് വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നതെന്നും ഓം പ്രകാശിന്റെ മകനായ കാർത്തികേഷ് പൊലീസിനോട് പറഞ്ഞു.

അച്ഛന് ഇഷ്ടമില്ലാതെയാണ് വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്. അമ്മയും അനിയത്തിയും സ്ഥിരമായി അച്ഛനോട് വഴക്കിട്ടിരുന്നു. അച്ഛൻ കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലുണ്ടായിരുന്നില്ല. അയൽവാസി അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ട് 5.45ന് വീട്ടിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന അച്ഛനെയാണ് കണ്ടത്. അമ്മയും സഹോദരിയും വിഷാദരോഗത്തിന് അടിമകളായിരുന്നു. കൊലപാതകം നടത്തിയത് അവരാണെന്നാണ് താൻ സംശയിക്കുന്നതെന്നും കാർത്തികേഷ് പറഞ്ഞു.

TAGS :

Next Story