Quantcast

'ഞാന്‍ സോണിയ ഗാന്ധിയെ കണ്ടിട്ടില്ല, കരഞ്ഞിട്ടുമില്ല'; രാഹുലിന്‍റെ പരാമര്‍ശത്തെ തള്ളി അശോക് ചവാന്‍

കഴിഞ്ഞ മാസമാണ് ചവാന്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്

MediaOne Logo

Web Desk

  • Updated:

    2024-03-19 02:24:15.0

Published:

19 March 2024 2:23 AM GMT

Ashok Chavan
X

അശോക് ചവാന്‍

മുംബൈ: മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാവ് ബി.ജെ.പിയില്‍ ചേരുന്നതിനു മുന്‍പ് സോണിയ ഗാന്ധിയെ കണ്ടുകരഞ്ഞുവെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ തള്ളി അശോക് ചവാന്‍. കഴിഞ്ഞ മാസമാണ് ചവാന്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്.

രാഹുല്‍ ഗാന്ധി പരാമര്‍ശിച്ച നേതാവ് താനല്ലെന്ന് അശോക് ചവാന്‍ തിങ്കളാഴ്ച ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ''അദ്ദേഹം എന്നെക്കുറിച്ചാണ് പറഞ്ഞതെങ്കില്‍ അത് യുക്തിരഹിതവും അടിസ്ഥാനരഹിതവുമാണ്. ഞാൻ കോൺഗ്രസിൽ നിന്ന് രാജിവെക്കുന്നത് വരെ പാർട്ടി ആസ്ഥാനത്താണ് ജോലി ചെയ്തിരുന്നത് എന്നതാണ് സത്യം.ഞാൻ എം.എൽ.എ സ്ഥാനം രാജിവച്ച് കുറച്ച് നിമിഷങ്ങൾക്ക് ശേഷം പാർട്ടിയിൽ നിന്നും രാജിവെച്ചു. അതുവരെ ഞാൻ രാജിവെച്ച കാര്യം ആരും അറിഞ്ഞിരുന്നില്ല.ഞാൻ സോണിയ ഗാന്ധിയെ കണ്ടിട്ടില്ല. ഞാൻ സോണിയയെ കാണുകയും എൻ്റെ വികാരങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു എന്നത് അടിസ്ഥാനരഹിതമാണ്. തെരഞ്ഞെടുപ്പ് വീക്ഷണത്തിൽ ഇതൊരു രാഷ്ട്രീയ പ്രസ്താവനയാണ്'' അശോക് ചവാന്‍ പറഞ്ഞു.

ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തോട് അനുബന്ധിച്ച് നടത്തിയ മെഗാറാലിയിലായിരുന്നു രാഹുലിന്‍റെ പ്രസ്താവന. ''ഞാന്‍ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഈ സംസ്ഥാനത്തെ ഒരു മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസ് വിട്ടു. കരഞ്ഞുകൊണ്ട് അവന്‍ എന്‍റെ അമ്മയോട് പറഞ്ഞു. 'സോണിയാ-ജീ, ഈ ജനത്തോടും ഈ ശക്തിയോടും പോരാടാനുള്ള ശക്തി എനിക്കില്ല എന്ന് പറയാൻ ലജ്ജിക്കുന്നു. എനിക്ക് ജയിലിൽ പോകാൻ ആഗ്രഹമില്ല'' എന്നാണ് രാഹുല്‍ പറഞ്ഞത്.

മുൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ശങ്കർറാവു ചവാന്‍റെ മകനാണ് അശോക് ചവാൻ. മഹാരാഷ്‌ട്രയിലെ കോൺഗ്രസ് നേതൃത്വത്തിനിടയിൽ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളായിരുന്നു അശോക് ചവാൻ. 2008 ഡിസംബർ 8 മുതൽ 2010 നവംബർ 9 വരെയാണ് അശോക് ചവാൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചത്. ആദർശ് ഹൗസിംഗ് സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ട് പാർട്ടി അദ്ദേഹത്തോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ വിലാസ് റാവു ദേശ്‌മുഖ് സർക്കാരിൽ സാംസ്കാരികം, വ്യവസായം, ഖനികൾ, പ്രോട്ടോക്കോൾ മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുൻ കോൺഗ്രസ് അധ്യക്ഷൻ കൂടിയാണ് അശോക് ചവാൻ.മൂന്നു മുതിര്‍ന്ന നേതാക്കളാണ് ഫെബ്രുവരിയില്‍ മഹാരാഷ്ട്രയില്‍ നിന്നും കോണ്‍ഗ്രസ് വിട്ടത്. മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‍റ, ബാബ സിദ്ദിഖ് എന്നിവരാണ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്.

TAGS :

Next Story