'ഞാന്‍ പലവട്ടം പറഞ്ഞതാണ് 80-20 ഫോര്‍മുല': യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ എത്ര സീറ്റുകള്‍ ലഭിക്കുമെന്ന ചോദ്യത്തിന് യോഗി ആദിത്യനാഥ്
കൃത്യമായ സീറ്റുകളുടെ എണ്ണം പറയാൻ യോഗി ആദിത്യനാഥ് തയ്യാറായില്ല

- Updated:
2026-11-09 05:27:06

ലഖ്നൗ: വരുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നൽകുന്ന എന്‍ഡിഎ മുന്നണി മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ 80 ശതമാനം വോട്ടുകളും സീറ്റുകളും നേടുമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ഹിന്ദിചാനലിന് നല്കിയ അഭിമുഖത്തിലാണ് യോഗി തൻ്റെ പ്രശസ്തമായ '80-20' ഫോർമുല ആവർത്തിച്ചത്. ബിജെപിയും സഖ്യകക്ഷികളും 80 ശതമാനം വോട്ടുകൾ നേടുമ്പോൾ ബാക്കി 20 ശതമാനം വോട്ടുകൾ പ്രതിപക്ഷത്തിന് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദ്യമായി 80-20 ഫോർമുല മുന്നോട്ടുവെച്ചത്. ദേശീയതയിലും നല്ലഭരണത്തിലും വികസനത്തിലും വിശ്വസിക്കുന്ന 80 ശതമാനം വോട്ടർമാർ ബിജെപിയെ പിന്തുണയ്ക്കുമെന്നും ബാക്കിയുള്ള 20 ശതമാനം പ്രതിപക്ഷത്തെ പിന്തുണയ്ക്കുമെന്നുമായിരുന്നു അന്ന് അദ്ദേഹം വ്യക്തമാക്കിയത്. അതേസമയം ബിജെപി സഖ്യം 350 ലധികം സീറ്റുകൾ നേടുമോ എന്ന് പ്രത്യേകമായി ചോദിച്ചപ്പോൾ, എന്‍ഡിഎ കുറഞ്ഞത് 80 ശതമാനം നിയമസഭാ സീറ്റുകളെങ്കിലും നേടുമെന്നായിരുന്നു മറുപടി. എന്നാൽ കൃത്യമായ സീറ്റുകളുടെ എണ്ണം പറയാൻ അദ്ദേഹം തയ്യാറായില്ല.
"ഞങ്ങൾ 80-20 പോരാട്ടമാണ് നടത്തുന്നതെന്ന് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്. ബിജെപിക്കും സഖ്യകക്ഷികൾക്കും 80 ശതമാനം വോട്ട് ലഭിക്കും, ബാക്കി പ്രതിപക്ഷത്തിന് ലഭിക്കും. ഇതേ സമവാക്യം സീറ്റുകളുടെ എണ്ണത്തിലും പ്രതിഫലിക്കും''- യോഗി പറഞ്ഞു.
എന്താണ് യോഗിയുടെ '80-20' ഫോർമുല?
ഉത്തർപ്രദേശിൽ ആകെ 403 നിയമസഭാ സീറ്റുകളാണുള്ളത്. യോഗി ആദിത്യനാഥ് പ്രവചിച്ചതുപോലെ 80 ശതമാനം സീറ്റുകൾ എൻഡിഎ സ്വന്തമാക്കുകയാണെങ്കിൽ, മുന്നണിക്ക് ഏകദേശം 322 സീറ്റുകൾ ലഭിക്കും. പ്രതിപക്ഷത്തിന് ബാക്കി 81 സീറ്റുകൾ മാത്രമായിരിക്കും ലഭിക്കുക.
2017ൽ 325 സീറ്റുകൾ നേടി വൻ വിജയം കൈവരിച്ച എൻഡിഎയ്ക്ക് 2022ൽ സീറ്റുകളുടെ എണ്ണം 273 ആയി കുറഞ്ഞിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട മുന്നേറ്റം തിരിച്ചുപിടിച്ച് സംസ്ഥാനത്ത് വീണ്ടും വലിയ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് യോഗി ആദിത്യനാഥ് പങ്കുവെക്കുന്നത്. അതേസമയം ഭരണം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇന്‍ഡ്യ സഖ്യം. രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയുള്പ്പെടെ ഇത്തവണ പ്രതിപക്ഷം ആയുധമാക്കുന്നുണ്ട്.
Adjust Story Font
16
