Quantcast

'നജീബ് ഏതെങ്കിലും ജയിലിലാകും, ജീവിച്ചിരിക്കുന്നതായി വിശ്വസിക്കുന്നു, ഒരു ദിവസം അവന്‍ മടങ്ങി വരും'; ഫാത്തിമ നഫീസ്

''ജെ.എന്‍.യുവില്‍ പഠിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അധികാരത്തിലിരിക്കുന്ന ആളുകള്‍ക്ക് നമ്മളെയാണ് പേടി. നമ്മള്‍ പഠിക്കാന്‍ പോകരുതെന്നാണ് അവരുടെ ആവശ്യം. അതു കൊണ്ടാണ് അവര്‍ ഇത്തരത്തില്‍ നമ്മളോട് ചെയ്യുന്നത്''

MediaOne Logo

ijas

  • Updated:

    2021-09-02 12:45:40.0

Published:

2 Sep 2021 12:20 PM GMT

നജീബ് ഏതെങ്കിലും ജയിലിലാകും, ജീവിച്ചിരിക്കുന്നതായി വിശ്വസിക്കുന്നു, ഒരു ദിവസം അവന്‍ മടങ്ങി വരും; ഫാത്തിമ നഫീസ്
X

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്നും എ.ബി.വി.പി സംഘര്‍ഷത്തിനിടെ അഞ്ചുവര്‍ഷം മുമ്പ് കാണാതായ വിദ്യാര്‍ഥി നജീബ് അഹമ്മദ് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായി മാതാവ് ഫാത്തിമ നഫീസ്. അന്താരാഷ്ട്ര നിര്‍ബന്ധിത തിരോധാന ദിനത്തില്‍ തുര്‍ക്കിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ആനഡോള്യൂവിനോടാണ് ഫാത്തിമ നഫീസ് മനസുതുറന്നത്.

നജീബ് ഏതെങ്കിലും ജയിലിലാകും, ജീവിച്ചിരിക്കുന്നതായി വിശ്വസിക്കുന്നു. ഒരു ദിവസം അവന്‍ മടങ്ങി വരുമെന്ന് ഫാത്തിമ നഫീസ് പറഞ്ഞു. കാണാതായി അഞ്ചുവര്‍ഷമായിട്ടും നജീബിനെ കണ്ടെത്താന്‍ സാധിക്കാത്തതില്‍ സര്‍ക്കാരിനോട് ദേഷ്യമുണ്ടെന്നും ഫാത്തിമ നഫീസ് വ്യക്തമാക്കി.

''സര്‍ക്കാര്‍ തലത്തിലുള്ള ഗൂഡാലോചനയുടെ ഭാഗമായിട്ടാണ് നജീബിന്‍റെ തിരോധാനം. അത് കൊണ്ട് അവരില്‍ ഒരു പ്രതീക്ഷയുമില്ല. എന്‍റെ കുഞ്ഞിനെ മറ്റുള്ളവര്‍ ബലിയാടാക്കുകയായിരുന്നു''- ഫാത്തിമ നഫീസ് പറഞ്ഞു.

''ആദ്യം വന്നത് കനയ്യ കുമാറിന്‍റെ കേസാണ്. പിന്നീട് നജീബും. സര്‍ക്കാരിന്‍റെ കണ്ണിലെ കരടായ ഈ രണ്ടു കേസുകളും ജനങ്ങളില്‍ ഭീതി ജനിപ്പിച്ചു. പക്ഷേ ആരും പേടിക്കേണ്ട കാര്യമില്ലെന്നാണ് എനിക്ക് പറയാനുള്ളത്. ജെ.എന്‍.യുവില്‍ പഠിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അധികാരത്തിലിരിക്കുന്ന ആളുകള്‍ക്ക് നമ്മളെയാണ് പേടി. നമ്മള്‍ പഠിക്കാന്‍ പോകരുതെന്നാണ് അവരുടെ ആവശ്യം. അതു കൊണ്ടാണ് അവര്‍ ഇത്തരത്തില്‍ നമ്മളോട് ചെയ്യുന്നത്''- നഫീസ് കൂട്ടിച്ചേര്‍ത്തു.

''നജീബിന്‍റെ കേസ് ഉന്നത സർക്കാർ ഏജൻസികൾ അന്വേഷിച്ചെങ്കിലും ആർക്കും അവനെ കണ്ടെത്താനായില്ലെന്നത് ആശ്ചര്യകരവും ഞെട്ടിക്കുന്നതുമാണ്. ആര്‍ക്കും അവനെ കണ്ടെത്താനായില്ല, ആര്‍ക്കും ഒരു തുമ്പും കിട്ടിയില്ല"-നഫീസ് പറഞ്ഞു.

''ആദ്യം ഡല്‍ഹി പൊലീസാണ് കേസ് അന്വേഷിച്ചത്. പിന്നീട് ക്രൈം ബ്രാഞ്ച് അന്വേഷണം നടന്നു. ഏറ്റവും അവസാനം രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന അന്വേഷണ ഏജന്‍സിയായ സി.ബി.ഐ കേസന്വേഷിച്ചു''- ഫാത്തിമ നഫീസ് പറഞ്ഞു. അന്വേഷണത്തിന്‍റെ തുടക്കം മുതല്‍ തന്നെ പൊലീസും അന്വേഷണ ഏജന്‍സികളും കേസ് ദുര്‍ബലപ്പെടുത്താനും കുറ്റാരോപിതരെ സംരക്ഷിക്കാനുമാണ് നോക്കിയതെന്ന് ഫാത്തിമ നഫീസ് പറയുന്നു.

''നജീബിനെ വീണ്ടെടുക്കാൻ അവർ ധൈര്യത്തോടെ പ്രവർത്തിച്ചില്ല. പക്ഷേ, ഈ ആളുകളെ ഇത്തരത്തില്‍ വിജയിക്കാന്‍ ഞാൻ അനുവദിക്കില്ല,"-അവർ പറഞ്ഞു.

നജീബ് തിരിച്ചുവരുന്നത് വരെ പോരാട്ടം തുടരുമെന്നും നീതി ലഭിക്കുമെന്ന് ഉറപ്പാണെന്നും ഫാത്തിമ നഫീസ് പ്രത്യാശ പ്രകടിപ്പിച്ചു. നജീബിന്‍റെ കേസില്‍ പുതിയ നിയമയുദ്ധത്തിന് തയ്യാറാണെന്നും നജീബിന്‍റെ ഇളയ സഹോദരന്‍ ഹസീബ് പറഞ്ഞു.

2016 ആഗസ്റ്റ് ഒന്നിനാണ് നജീബ് ജെ.എന്‍.യുവില്‍ ബയോടെക്നോളജി ബിരുദാനദര ബിരുദ പഠനത്തിന് ചേരുന്നത്. 2016 ഒക്ടോബര്‍ 15ന് എ.ബി.വി.പി ആക്രമണത്തിനിടെ നജീബിനെ കാണാതാകുന്നത്. കേസില്‍ ഒക്ടോബര്‍ 15ന് ഒമ്പത് പേരെ പ്രതികളാക്കി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പൊലീസ് അന്വേഷണം ഇരുട്ടില്‍ തപ്പിയതോടെ ഡല്‍ഹി ഹൈക്കോടതി കേസ് സി.ബി.ഐക്ക് വിട്ടു. എന്നാല്‍ നജീബിനെതിരെ ആക്രമണം നടന്നതിന് മതിയായ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് പറഞ്ഞ സി.ബി.ഐ കേസ് അവസാനിപ്പിച്ചതായി 2018 മെയില്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ സി.ബി.ഐ കാര്യമായി അന്വേഷിച്ചില്ലെന്ന് നജീബിന്‍റെ മാതാവ് ഫാത്തിമ നഫീസ് പറയുന്നു.

TAGS :

Next Story