'പത്രപ്രവർത്തനം പൊതുലക്ഷ്യങ്ങൾ നിറവേറ്റുന്നില്ല'; 'ദ റിപ്പോർട്ടേഴ്‌സ് കളക്ടീവി'നെതിരെ ആദായനികുതി വകുപ്പ്
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പദവി റദ്ദാക്കി

ന്യൂ ഡൽഹി: ബിജെപിക്കെതിരെ അന്വേഷണാത്മക റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ച ദ റിപ്പോർട്ടേഴ്‌സ് കളക്ടീവിനെതിരെ ആദായനികുതി വകുപ്പ്. ഡിജിറ്റൽ മീഡിയ ഔട്ട്‌ലെറ്റായ'ദ റിപ്പോർട്ടേഴ്‌സ് കളക്ടീവിൻ്റെ (ടിആർസി') ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പദവി ആദായ നികുതി വകുപ്പ് (ഐടി) റദ്ദാക്കി. പൊതുലക്ഷ്യങ്ങൾ നിറവേറ്റുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.
സൈനിക സ്കൂളുകളിലെ കാവിവത്കരണം, ഇലക്ടറൽ ബോണ്ട് തുടങ്ങി നിരവധി വിഷയങ്ങളിൽ കേന്ദ്രസർക്കാരിനും ബിജെപിക്കും എതിരെ റിപ്പോർട്ടേഴ്‌സ് കളക്റ്റീവ് അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടുണ്ട്.
2021 ജൂലൈ മുതൽ തങ്ങൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത ലാഭേച്ഛയില്ലാത്ത ട്രസ്റ്റായി പ്രവർത്തിക്കുകയാണെന്ന് റിപ്പോർട്ടേഴ്‌സ് കളക്ടീവിന്റെ പ്രസ്താവനയിൽ പറയുന്നു. “ആദ്യം മുതൽ ഞങ്ങൾ ഒരു ലാഭേച്ഛയില്ലാതെയും, എല്ലാ ഇന്ത്യൻ നിയമങ്ങളും പാലിച്ചുകൊണ്ടും, ഭയപ്പെടുകയോ ആരെയും പ്രീതിപ്പെടുത്തുകയോ ചെയ്യാതെ, സ്ഥിരമായ പൊതു ലക്ഷ്യത്തോടെ പ്രവർത്തിച്ചിട്ടുണ്ട്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പദവി റദ്ദാക്കിയ ഉത്തരവ് ഞങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവിനെ ഗുരുതരമായി ദുർബലപ്പെടുത്തുന്നു. രാജ്യത്ത് സ്വതന്ത്ര മാധ്യമപ്രവർത്തനങ്ങൾ നടത്താനുള്ള സാഹചര്യങ്ങൾ വഷളാക്കുകയും ചെയ്യുന്നു," പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പദവി ഒഴിവാക്കുന്നത് ഔട്ലെറ്റിന്റെ നികുതിയിളവുകളെ ബാധിക്കും. ആദായനികുതി വകുപ്പിന്റെ ഉത്തരവിനെതിരെ ഔട്ലെറ്റിന് അപ്പീൽ സമർപ്പിക്കാവുന്നതാണ്. കർണാടകയിൽ സുപ്രധാനമായ വിവിധ അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടുള്ള കന്നഡ വെബ്‌സൈറ്റ് ദ ഫയലിനും സമാനമായ ഉത്തരവ് ലഭിച്ചിട്ടുണ്ട്. ആദായനികുതിയുടെ 12 എ, 80 ജി എന്നിവയ്ക്ക് കീഴിൽ നൽകിയ ഇളവുകൾ റദ്ദാക്കിയതായി ഉത്തരവിൽ പറയുന്നു. മറ്റു രണ്ട് ഡിജിറ്റൽ മീഡിയകൾക്കും സമാനമായ നോട്ടീസുകൾ ലഭിച്ചിട്ടുണ്ട്.
Adjust Story Font
16

