Quantcast

പ്രയാഗ്‍രാജിൽ വ്യോമസേന ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ച സംഭവം; മിശ്രയുടെ ജീവന് ഭീഷണിയുണ്ടായിരുന്നു, അധികൃതരെ അറിയിച്ചിരുന്നതായി ഭാര്യ

സിവിൽ എഞ്ചിനിയറായ മിശ്ര മാര്‍ച്ച് 29നാണ് കന്‍റോൺമെന്‍റ് ഏരിയയിലുള്ള വസതിയിൽ വച്ച് വെടിയേറ്റു മരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2025-04-03 09:23:29.0

Published:

3 April 2025 2:52 PM IST

SN Mishra
X

പ്രയാഗ്‍രാജ്: ഉത്തര്‍പ്രദേശിലെ പ്രയാഗ്‍രാജിൽ വ്യോമസേന ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി ഭാര്യ. മരണത്തിന് 15 ദിവസം മുൻപ് തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് എസ്.എൻ മിശ്ര അധികൃതരെ അറിയിച്ചിരുന്നു. സിവിൽ എഞ്ചിനിയറായ മിശ്ര മാര്‍ച്ച് 29നാണ് കന്‍റോൺമെന്‍റ് ഏരിയയിലുള്ള വസതിയിൽ വച്ച് വെടിയേറ്റു മരിക്കുന്നത്.

മിലിട്ടറി എഞ്ചിനീയറിംഗ് സർവീസസിന്‍റെ (എംഇഎസ്) കീഴിൽ കമാൻഡ് വർക്ക് എഞ്ചിനീയറായിരുന്നു (സിഡബ്ല്യുഇ) മിശ്ര. തന്‍റെ ഓഫീസിലെ അതിക്രമത്തെക്കുറിച്ചും ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച് മിശ്ര മേലുദ്യോഗസ്ഥർക്ക് കത്തെഴുതിയിരുന്നു. ഈ കത്ത് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. മാർച്ച് 14 ന് രാത്രി തന്‍റെ വീട്ടിൽ ഒരു മോഷണശ്രമം നടന്നതായി അദ്ദേഹം കത്തിൽ പരാമര്‍ശിച്ചിട്ടുണ്ട്. കട്ടറിന്‍റെ സഹായത്തോടെ അക്രമികൾ വാതിലിന്‍റെ കൊതുകുവല മുറിക്കാൻ ശ്രമിച്ചതായി കത്തിൽ പറയുന്നു. മോഷണമല്ല അക്രമികളുടെ ലക്ഷ്യമെന്നും ലക്ഷ്യം വച്ചത് തന്‍റെ ഭര്‍ത്താവിനെയാണെന്നും മിശ്രയുടെ ഭാര്യ വത്സല പറഞ്ഞു.

അതീവ സുരക്ഷയുള്ള വ്യോമസേനാ സ്റ്റേഷനായ ബാംറൗളിയിലെ ഔദ്യോഗിക വസതിയിലെ മുറിയിൽ ഉറങ്ങിക്കിടന്നപ്പോഴാണ് മിശ്ര വെടിയേറ്റ് മരിച്ചത്. വീട്ടിൽ അതിക്രമിച്ചു കയറിയ ആൾ മുറിക്ക് പുറത്തെ ജനലിലൂടെ വെടിവയ്ക്കുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഗുരുതരമായി പരിക്കേറ്റ മിശ്രയെ ഉടൻതന്നെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ നെഞ്ചിലാണ് വെടിയേറ്റത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പുരമുഫ്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകക്കേസുമായി ബന്ധപ്പെട്ട് സൗഭ് കുമാർ എന്നയാളെയും അദ്ദേഹത്തിന്‍റെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

TAGS :

Next Story