'എൻഡിഎയിൽ എത്തിയാൽ സുപ്രിയക്ക് കേന്ദ്രമന്ത്രി സ്ഥാനം': ചർച്ചയായി അത്താവലെയുടെ വാക്കുകൾ
എൻസിപി ഇരുവിഭാഗങ്ങളെയും എൻഡിഎയിലോട്ട് എത്തിക്കാൻ ബിജെപി കാര്യമായിത്തന്നെ പണിയെടുക്കുന്നുണ്ട്

താനെ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി-ശരദ്ചന്ദ്ര പവാര്‍) എന്‍ഡിഎയുടെ ഭാഗമാകുകയാണെങ്കില്‍ സുപ്രിയ സുലെ എംപിക്ക് കേന്ദ്രമന്ത്രിസ്ഥാനം കൊടുക്കുന്നത് പരിഗണിച്ചേക്കുമെന്ന് കേന്ദ്രമന്ത്രിയും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്താവലെ) പ്രസിഡൻ്റുമായ രാംദാസ് അത്താവലെ. താനെയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാരാമതി ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സുപ്രിയ സുലെ, എൻഡിഎയുടെ ഭാഗമാകുന്നത് സന്തോഷകരമായ കാര്യമായിരിക്കുമെന്നും മുന്നണിയിലേക്ക് എത്തുന്ന തീരുമാനത്തെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുമെന്നും അത്താവലെ പറഞ്ഞു. അത്തേവാലയുടെ പരാമർശങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണെങ്കിലും, മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ മുന്നണി മാറ്റ അഭ്യൂഹങ്ങള്‍ക്ക് ശക്തിപകര്‍ന്നിട്ടുണ്ട്.
2019ൽ എൻഡിഎയുടെ ഭാഗമാകാൻ തയ്യാറായിരുന്നെങ്കിൽ ശരദ്പവാറിന് രാജ്യത്തിന്റെ രാഷ്ട്രപതി പദവിയിലേക്ക് എത്താമായിരുന്നുവെന്നും അത്തേവാല അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശരദ് പവാറും തമ്മിൽ ഊഷ്മളമായ സൗഹൃദബന്ധമാണ് നിലനിൽക്കുന്നത്. മുമ്പ് അജിത് പവാർ തന്റെ അമ്മാവനായ ശരദ് പവാറിനെ എൻ.ഡി.എയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം ആ ക്ഷണം നിരസിക്കുകയായിരുന്നുവെന്നും അത്തേവാല ഓർമ്മിപ്പിച്ചു.
2023 ജൂലൈയിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം എൻ.ഡി.എയിൽ ചേർന്നതോടെയാണ് എൻസിപിയിൽ വലിയ പിളർപ്പുണ്ടായത്. തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അജിത് പവാർ വിഭാഗത്തെ ഔദ്യോഗിക എൻസിപിയായി അംഗീകരിക്കുകയും ശരദ് പവാർ വിഭാഗത്തിന് 'എൻസിപി (ശരദ്ചന്ദ്ര പവാർ)' എന്ന് പേര് അനുവദിക്കുകയുമായിരുന്നു.
അതേസമയം എൻസിപി ഇരുവിഭാഗങ്ങളെയും എൻഡിഎയിലോട്ട് എത്തിക്കാൻ ബിജെപി തീവ്രശ്രമം തന്നെ നടത്തുന്നുണ്ട്. അജിത് പവാർ വിഭാഗം എൻസിപി നേതാക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടത് ഏറെ അഭ്യൂഹങ്ങൾക്കാണ് വഴിവെച്ചത്. പിന്നാലെ വിശ്രമിത്തിലിരിക്കുന്ന ശരദ്പവാറിനെ മോദി ഫോണിൽ വിളിച്ചതും ഞങ്ങളും സുപ്രിയയുമൊക്കെ ഇനി രാജ്യം നോക്കിക്കോളാം എന്ന് പറഞ്ഞതും ഏറെ ചർച്ചയാകുകയും ചെയ്തിട്ടുണ്ട്. നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ശരത് പവാര്‍ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. ഇതിന് പിന്നാലെയാണ് ഫോണ്‍വിളി.
Adjust Story Font
16

