Quantcast

'ഞാനിപ്പോഴും മരവിപ്പിലാണ്; ഭയമില്ലാതെ ജീവിക്കാനുള്ള എന്റെ അവകാശം തിരികെ തരണം'; ​പ്രതികളെ വെറുതെവിട്ടതിൽ ബിൽക്കീസ് ബാനു

എങ്ങനെയാണ് ഒരു സ്ത്രീക്കുള്ള നീതി ഇത്തരത്തിൽ അവസാനിക്കുകയെന്ന് ബിൽക്കീസ് ബാനു പ്രസ്താവനയിൽ ചോദിക്കുന്നു.

MediaOne Logo

Web Desk

  • Updated:

    2022-08-18 01:55:10.0

Published:

18 Aug 2022 1:48 AM GMT

ഞാനിപ്പോഴും മരവിപ്പിലാണ്; ഭയമില്ലാതെ ജീവിക്കാനുള്ള എന്റെ അവകാശം തിരികെ തരണം; ​പ്രതികളെ വെറുതെവിട്ടതിൽ ബിൽക്കീസ് ബാനു
X

താനിപ്പോഴും മരവിപ്പിലാണെന്നും ഭയമില്ലാതെ ജീവിക്കാനുള്ള തന്റെ അവകാശം തിരികെ തരണമെന്നും ​ഗുജറാത്ത് കലാപ- കൂട്ടബലാത്സം​ഗ ഇരയായ ബിൽക്കീസ് ബാനു. ​ഗുജറാത്ത് കലാപകാലത്ത് തന്നെ കൂട്ടബലാത്സം​ഗം ചെയ്യുകയും മൂന്ന് വയസുകാരിയായ കുഞ്ഞടക്കം ഏഴ് കുടുംബാം​ഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെയും മോചിപ്പിച്ച സംസ്ഥാന സർക്കാർ നടപടിയിലാണ് ബാനുവിന്റെ പ്രതികരണം.

സർക്കാർ തീരുമാനത്തിൽ തന്റെ ആഴത്തിലുള്ള വേദന വ്യക്തമാക്കുന്നതാണ് പ്രതികളെ വെറുതെവിട്ട ശേഷമുള്ള ബാനുവിന്റെ ആദ്യ പ്രസ്താവന. പ്രതികളെ വെറുതെവിട്ടതിനെ കുറിച്ച് കേട്ടതോടെ തനിക്ക് പറയാൻ വാക്കുകൾ ഇല്ലാതായിപ്പോയെന്നും പ്രതികളുടെ മോചനം തന്റെ സമാധാനം തകര്‍ത്തെന്നും എങ്ങനെയാണ് ഒരു സ്ത്രീക്കുള്ള നീതി ഇത്തരത്തിൽ അവസാനിക്കുകയെന്നും ബിൽക്കീസ് ബാനു പ്രസ്താവനയിൽ പറയുന്നു.

പ്രസ്താവനയുടെ പൂർണ രൂപം:

''ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് കഴിഞ്ഞ 20 വര്‍ഷമായി താന്‍ അനുഭവിച്ചുവരുന്ന മാനസിക ആഘാതം എന്നെ വീണ്ടും അലട്ടി. എന്റെ ജീവിതവും കുടുംബവും തകര്‍ത്ത, എന്റെ മൂന്നു വയസുകാരി മകളെ ഇല്ലാതാക്കിയ 11 പ്രതികളെ സര്‍ക്കാര്‍ വെറുതെവിട്ടു എന്ന് കേട്ടതോടെ എനിക്കൊന്നും പറയാന്‍ പറ്റാതായി. ഞാനിപ്പോഴും മരവിപ്പിലാണ്.

എങ്ങനെയാണ് ഒരു സ്ത്രീക്കുള്ള നീതി ഇങ്ങനെ അവസാനിക്കുക? നമ്മുടെ നാട്ടിലെ പരമോന്നത കോടതികളില്‍ ഞാന്‍ വിശ്വസിച്ചു. വ്യവസ്ഥിതിയില്‍ വിശ്വസിച്ചു. മാനസിക ആഘാതത്തിനൊപ്പം ജീവിക്കാന്‍ ഞാന്‍ പതുക്കെ പഠിക്കുകയായിരുന്നു. പ്രതികളുടെ മോചനം എന്റെ സമാധാനം തകര്‍ക്കുന്നതായിരുന്നു. നീതിയിലുള്ള എന്റെ വിശ്വാസം ഇല്ലാതാക്കാനും അതു കാരണമായി. എന്റെ ദുഃഖവും എന്റെ പതറുന്ന വിശ്വാസവും എനിക്ക് മാത്രമല്ല, കോടതികളില്‍ നീതിക്കായി പോരാടുന്ന ഓരോ സ്ത്രീക്കുമുള്ളതാണ്.

ഇത്രയും ക്രൂരവും അന്യായവുമായ തീരുമാനം എടുക്കുന്നതിന് മുമ്പ് ആരും എന്റെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച് അന്വേഷിച്ചില്ല. ഈ കെടുതി എന്നില്‍ നിന്ന് മാറ്റാന്‍ ഞാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് അപേക്ഷിക്കുന്നു. ഭയമില്ലാതെയും സമാധാനത്തോടെയും ജീവിക്കാനുള്ള എന്റെ അവകാശം എനിക്ക് തിരികെ തരണം. എന്റെ കുടുംബവും ഞാനും സുരക്ഷിതരാണെന്ന് ഉറപ്പാക്കണം''.

കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും മോചിപ്പിച്ചത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും ഭയം തോന്നുന്നതായും ബില്‍ക്കീസിന്‍റെ ഭർത്താവ് യാക്കൂബ് റസൂൽ പ്രതികരിച്ചിരുന്നു. "ഞങ്ങളുടെ മകൾ ഉൾപ്പെടെ ആ സംഭവത്തിൽ കൊല്ലപ്പെട്ടവരെ ഞങ്ങൾ എല്ലാ ദിവസവും ഓർക്കുന്നു. കലാപത്തിൽ ജീവൻ നഷ്ടപ്പെട്ട ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാർഥിക്കാൻ മാത്രമാണ് ഞങ്ങൾ ആ​ഗ്രഹിക്കുന്നത്".

"ഞങ്ങൾ സമാധാനപരമായ ജീവിതം നയിച്ചുവരികയായിരുന്നു. എന്നാൽ ഇപ്പോൾ പ്രതികളെല്ലാം ജയിൽ മോചിതരായതിൽ ഞങ്ങൾ അങ്ങേയറ്റം അസ്വസ്ഥരാണ്. നേരത്തെ ഭയം ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ സാധാരണ ജീവിതം നയിക്കാൻ ശ്രമിക്കുകയായിരുന്നു. ഇപ്പോൾ ഭയം വളരെയധികം വർധിച്ചു. അന്തരീക്ഷവും നല്ലതല്ല."- അദ്ദേഹം വിശദമാക്കി.

കൂട്ടബലാത്സംഗത്തിനും ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയതിനും 2008 ജനുവരി 21ന് മുംബൈയിലെ സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളെയാണ് സ്വാതന്ത്ര്യദിനത്തിൽ ​ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. 15 വർഷത്തെ ജയിൽവാസത്തിന് ശേഷം പ്രതികളിലൊരാൾ ജയിൽ മോചനം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രിംകോടതി നിർദേശിച്ചതിനെ തുടർന്ന് സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചു. 11 പ്രതികളെയും വിട്ടയക്കാൻ ഈ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിക്കുകയുമായിരുന്നു. ഈ ശിപാർശ സർക്കാറിന് അയയ്ക്കുകയും ചെയ്തു. തുടർന്നാണ് സ്വാതന്ത്ര്യദിനത്തിൽ മുഴുവനാളുകളെയും വിട്ടയക്കാനുള്ള ഉത്തരവുണ്ടായത്.

ഗുജറാത്ത് കലാപത്തിനിടെ 2002 മാർച്ച് മൂന്നിനായിരുന്നു ബിൽക്കീസ് ബാനുവിനെതിരെ കലാപകാരികളുടെ ആക്രമണമുണ്ടായത്. അഞ്ച് മാസം ഗർഭിണിയായിരുന്ന ബാനുവിനെ അക്രമികൾ ക്രൂരമായി ബലാത്സംഗം ചെയ്തു. മൂന്ന് വയസുകാരിയായ മകളടക്കം കുടുംബത്തിലെ ഏഴ് സ്ത്രീകളെ അക്രമികൾ കൊലപ്പെടുത്തുകയും ചെയ്തു. തുടർന്ന് ബിൽക്കീസ് ബാനു നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് അവർക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകാൻ സുപ്രിംകോടതി സംസ്ഥാന സർക്കാറിനോട് നിർദേശിച്ചിരുന്നു.

TAGS :

Next Story