Quantcast

രാജ്യം വിടാനുള്ള പൊലീസ് നോട്ടീസ്: ബോംബെ ഹൈക്കോടതിയെ സമീപിച്ച് ഇമ്രാൻ ഖാൻ

മുംബൈയിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധത്തിൽ ഇമ്രാൻ ഖാൻ പങ്കെടുത്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2026-10-17 14:58:32

Published:

17 Oct 2026 7:47 PM IST

രാജ്യം വിടാനുള്ള പൊലീസ് നോട്ടീസ്: ബോംബെ ഹൈക്കോടതിയെ സമീപിച്ച് ഇമ്രാൻ ഖാൻ
X

മുംബൈ: ഒക്ടോബർ 28നകം രാജ്യം വിടാൻ മുംബൈ പൊലീസ് നൽകിയ നോട്ടീസിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ. ഹരജിയിൽ തീർപ്പുണ്ടാകുന്നതുവരെ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് നടൻ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

യുഎസ് പൗരനും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഉടമയുമാണ് 43 കാരനായ ഇമ്രാൻ ഖാൻ. ശനിയാഴ്ച അഭിഭാഷകരായ സുൽഫിക്കർ മേമൻ, എം.സെഡ്.എം ലീഗൽ എന്നിവർ വഴിയാണ് ഇമ്രാൻ ഖാൻ ഹരജി ഫയൽ ചെയ്തത്. സമാധാനപരമായ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒസിഐ കാർഡ് ഉടമകളെ തടയുന്ന നിലവിലുള്ള നിയമങ്ങളോ ചട്ടങ്ങളോ ഇല്ലെന്ന് ഹരജിയില്‍ പറയുന്നു.

കാരണങ്ങളോ തെളിവുകളോ നിയമലംഘനങ്ങളോ വ്യക്തമാക്കാതെയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. യാതൊരു അന്വേഷണവുമില്ലാതെയും പ്രതികരിക്കാൻ അവസരം നൽകാതെയാണ് നടപടിയെടുത്തിരിക്കുന്നതെന്നും ഹരജിയില്‍ പറയുന്നു.

മുംബൈയിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധത്തിൽ ഇമ്രാൻ ഖാൻ പങ്കെടുത്തിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒക്ടോബർ 10ന് മുംബൈയിൽ നടന്ന പ്രതിഷേധത്തിലാണ് നടൻ പങ്കെടുത്തത്. അദ്ദേഹത്തോടൊപ്പം പങ്കാളിയും നടിയുമായ ലേഖയും ബന്ധു സെയ്ൻ മരീ ഖാനും ഉണ്ടായിരുന്നു. പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് വിട്ടയച്ചിരുന്നു. ഇന്ത്യൻ പൗരനല്ലാതിരുന്നിട്ടും പ്രതിഷേധത്തിൽ പങ്കെടുത്തതിന് കുടിയേറ്റ നിയമത്തിലെ വകുപ്പുകൾ പ്രകാരം ഇമ്രാൻ ഖാനെതിരെ നടപടിയെടുത്തതായി മുംബൈ പൊലീസ് പറ‍ഞ്ഞിരുന്നു.

ബോളിവുഡ് താരം ആമിർ ഖാന്‍റെ ബന്ധുവാണ് ഇമ്രാൻ ഖാൻ. മഹാരാഷ്ട്രയിലെ ബിജെപി നേതാവും മുൻ എംപിയുമായ കിരിത് സോമൈയയാണ് ഇമ്രാനെതിരെ രം​ഗത്തെത്തിയത്. ഇമ്രാൻ ഖാൻ യുഎസ് പൗരനാണെന്നും മുംബൈ പൊലീസ് ഇക്കാര്യം പരിശോധിക്കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story