Quantcast

ഛത്തീസ്ഗഡിൽ കുര്‍ബാനയില്‍ പങ്കെടുത്ത കന്യാസ്ത്രീ ഉള്‍പ്പടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു

മതവികാരം വ്രണപ്പെടുത്തുകയും മതങ്ങൾക്കിടയിൽ ശത്രുത വളർത്തിയെന്നുമാരോപിച്ചാണ് അറസ്റ്റ്

MediaOne Logo

Web Desk

  • Updated:

    2023-06-08 17:47:24.0

Published:

8 Jun 2023 5:42 PM GMT

Chhattisgarh,  nun arrested in Chhattisgarh, attack against christians, latest malayalam
X

റായ്പൂര്‍: ഛത്തീസ്ഗഡിൽ കുര്‍ബാനയില്‍ പങ്കെടുത്ത കന്യാസ്ത്രീ ഉള്‍പ്പടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തുകയും മതങ്ങൾക്കിടയിൽ ശത്രുത വളർത്തിയെന്നുമാരോപിച്ചാണ് അറസ്റ്റ്. ഡോട്ടേഴ്‌സ് ഓഫ് സെന്റ് ആനി (ഡിഎസ്‌എ) അംഗമായ സിസ്റ്റർ ബിബ കെർക്കറ്റയെ ചൊവ്വാഴ്ച രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിബ കെർക്കറ്റക്കൊപ്പം ഇവരുടെ അമ്മ, അമ്മായി, അമ്മാവൻ, ഡ്രൈവർ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കി. ബിബ കെർക്കറ്റയുടെ അമ്മാവനെ ഒഴിച്ച് മറ്റുള്ളവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കന്യാസ്ത്രീയുടെ അമ്മാവന് കോടതി ജാമ്യം അനുവദിച്ചിട്ടില്ല.

ഡിസംബറിൽ തിരുവസ്ത്രം സ്വീകരിച്ച കെർക്കറ്റ അവരുടെ വീട്ടിൽ കുർബാന നടത്തിയിരുന്നു. അടുത്ത കുടുംബാംഗങ്ങളും വൈദികരും കന്യാസ്ത്രീകളും ഉള്‍പ്പടെയുള്ളവർ കുർബാനയിൽ പങ്കെടുത്തിരുന്നു. കുർബാനക്ക് ശേഷം ഏകദേശം 20 പുരുഷന്മാർ കെർക്കറ്റയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കുകയും അവരുടെ അമ്മ ഉള്‍പ്പടെയുള്ളവരെ ഉപദ്രവിക്കുകയും ബൈബിളും ജപമാലയും വലിച്ചെറിയുകയുമായിരുന്നു. ക്രിസ്ത്യാനികളായി തുടരുന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. ഉടൻ തന്നെ പൊലീസ് എത്തി അഞ്ച് പേരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.

നിലവിലെ സാഹചര്യം സങ്കടകരമാണെന്നും മറ്റ് മതങ്ങളിൽപ്പെട്ടവർക്കിടയിൽ ശത്രുത സൃഷ്ടിക്കുന്ന ഒന്നായി എന്തിനാണ് കുർബാനയെ ചിത്രീകരിക്കുന്നതെന്നും കെർക്കറ്റയുടെ സുഹൃത്തും കന്യാസ്ത്രീയുമായ പൂനം കുജുർ ചോദിച്ചു.

ഇന്ത്യയുടെ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുമെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് ആണ് സംസ്ഥാനം ഭരിക്കുന്നത്. എന്നാൽ ക്രിസ്ത്യാനികൾ ഹിന്ദു പ്രവർത്തകരുടെ കയ്യിൽ നിന്ന് ഗുരുതരമായ അക്രമങ്ങളും പീഡനങ്ങളും നേരിടുകയാണെന്നും അവർ പറഞ്ഞു.

തങ്ങൾക്കെതിരായ സംഘടിത ആക്രമണങ്ങൾ പലരെയും ഗ്രാമങ്ങളിൽ നിന്ന് പലായനം ചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ടെന്ന് വിശ്വാസികള്‍ വെളിപ്പെടുത്തി. അക്രമികൾ ക്രൈസ്തവരുടെ വീടുകളും കന്നുകാലികളെയും കാര്‍ഷിക വിളകളും കൊള്ളയടിക്കുകയും ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവരുടെ മൃതദേഹങ്ങള്‍ ഗ്രാമങ്ങളിൽ സംസ്കരിക്കാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു.

ക്രിസ്ത്യാനികൾക്കെതിരായ അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഉറപ്പുനൽകിയിരുന്നെങ്കിലും ക്രിസ്ത്യാനികളുടെ സ്ഥിതി ഇപ്പോഴും അതീവ ഗുരുതരമാണെന്ന് സഭാ നേതാക്കൾ പറഞ്ഞു. കന്യാസ്ത്രീക്കും കുടുംബാംഗങ്ങൾക്കും മറ്റുള്ളവർക്കും നേരെയുണ്ടായ ആക്രമണത്തെ ജഷ്പൂർ ബിഷപ്പിന്റെ സെക്രട്ടറി ഫാ. ജോൺ ക്രൂസ് മിഞ്ച് അപലപിച്ചു. ക്രിസ്ത്യാനികൾക്കെതിരായ പീഡനം തടയാൻ അടിയന്തര നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂരിഭാഗം ഗോത്രവർഗക്കാരുള്ള സംസ്ഥാനത്തെ 30 ദശലക്ഷം ജനങ്ങളിൽ 2 ശതമാനത്തിൽ താഴെ മാത്രമാണ് ക്രിസ്ത്യാനികൾ.

TAGS :

Next Story