'ഉത്തരേന്ത്യയിൽ പെൺകുട്ടികൾ വീട്ടുജോലി ചെയ്യുന്നു, ഞങ്ങൾ പഠിക്കാൻ വിടുന്നു'; വിവാദ പരാമര്‍ശവുമായി ദയാനിധി മാരൻ
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പെൺകുട്ടികൾ ജോലിക്ക് പോകരുതെന്നും വീടിനുള്ളിൽ തന്നെ ഇരുന്നു വീട്ടുജോലികൾ ചെയ്യണമെന്നും അവർ ആവശ്യപ്പെടുന്നു

ചെന്നൈ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പെൺകുട്ടികളെക്കുറിച്ചുള്ള ഡിഎംകെ എംപി ദയാനിധി മാരന്‍റെ പരാമര്‍ശം വിവാദത്തിൽ. ചെന്നൈയിലെ ഒരു വനിതാ കോളജിൽ സംഘടിപ്പിച്ച പരിപാടിയിലാണ് തമിഴ്നാട്ടിലെ പെൺകുട്ടികളെയും വടക്കേന്ത്യയിലെ പെൺകുട്ടികളെയും താരതമ്യം ചെയ്ത് സംസാരിച്ചത്. പല വടക്കൻ സംസ്ഥാനങ്ങളിലും പെൺകുട്ടികൾ വിദ്യാഭ്യാസവും കരിയറും പിന്തുടരുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുകയും പകരം വീട്ടുജോലികൾ ചെയ്ത് വീട്ടിൽ തന്നെ തുടരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതേസമയം തമിഴ്‌നാട് സ്ത്രീ വിദ്യാഭ്യാസത്തെയും ശാക്തീകരണത്തെയും പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് മാരൻ പറഞ്ഞത്.
"നമ്മുടെ പെൺകുട്ടികൾ അഭിമാനിക്കണം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പെൺകുട്ടികൾ ജോലിക്ക് പോകരുതെന്നും വീടിനുള്ളിൽ തന്നെ ഇരുന്നു വീട്ടുജോലികൾ ചെയ്യണമെന്നും അവർ ആവശ്യപ്പെടുന്നു. എന്നാൽ ഇവിടെ നമ്മുടെ പെൺകുട്ടികൾ പഠിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു," അദ്ദേഹം പറയുന്നു. കൂടാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പെൺകുട്ടികളെ അടിമകളെപ്പോലെയാണ് കാണുന്നതെന്നും കൂട്ടിച്ചേര്‍ത്തു. "ഇംഗ്ലീഷ് പഠിക്കരുതെന്ന് നിങ്ങളോട് ആവശ്യപ്പെടുന്നു, പഠിച്ചാൽ നിങ്ങൾ നശിച്ചുപോകുമെന്ന് പറയുന്നു. നിങ്ങളെ അടിമകളാക്കി നിർത്തും." മാരൻ പറഞ്ഞു.
ഹിന്ദി ഭാഷയിലേക്ക് വിദ്യാഭ്യാസം പരിമിതപ്പെടുത്തുന്നത് വടക്കൻ പ്രദേശങ്ങളിലെ തൊഴിലില്ലായ്മയ്ക്ക് കാരണമാകുമെന്ന് മാരൻ ചൂണ്ടിക്കാട്ടി. അതേസമയം തമിഴ്‌നാട്ടിലെ ദ്രാവിഡ മാതൃക പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും തുല്യ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നു. ഇത് തെക്കൻ സംസ്ഥാനത്ത് ഉയർന്ന സാക്ഷരതയിലേക്ക് നയിച്ചുവെന്നും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിലേക്ക് നയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണകക്ഷിയായ ഡിഎംകെ സർക്കാരിനെ പ്രശംസിച്ച മാരൻ, തമിഴ്‌നാടിനെ 'ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനം' എന്ന് വിശേഷിപ്പിച്ചു. സാമൂഹിക നീതിക്കും സ്ത്രീ വിദ്യാഭ്യാസത്തിനും ദ്രാവിഡ പ്രസ്ഥാനം നൽകുന്ന ഊന്നലിനെ ഭരണകൂടം പിന്തുണയ്ക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.സാമൂഹിക പരിഷ്കർത്താവായ പെരിയാറിന്‍റെ ദ്രാവിഡ പ്രത്യയശാസ്ത്രമാണ് സംസ്ഥാനത്ത് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് അടിത്തറ പാകിയതെന്നും നിലവിലെ സർക്കാർ ആ തത്വങ്ങൾ പിന്തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദയാനിധിയുടെ പരാമര്‍ശം വ്യാപക വിമര്‍ശത്തിനിടയാക്കി. "ദയാനിധി മാരന് സാമാന്യബുദ്ധി ഇല്ലെന്ന് ഞാൻ കരുതുന്നു. ഇതാണ് പ്രശ്നം. അദ്ദേഹത്തിന്‍റെ പരാമർശങ്ങളെ ഞാൻ ശക്തമായി അപലപിക്കുന്നു, അദ്ദേഹം ഇന്ത്യയിലെ ജനങ്ങളോട്, പ്രത്യേകിച്ച് ഹിന്ദി സംസാരിക്കുന്നവരോട്, വിദ്യാഭ്യാസമില്ലാത്തവരും അപരിഷ്കൃതരുമായി ചിത്രീകരിച്ചതിന് മാപ്പ് പറയണം'' ബിജെപി നേതാവ് തിരുപ്പതി നാരായണൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു .
Adjust Story Font
16

