Quantcast

'ഡൽഹിയിൽ എഎപിയും കോൺഗ്രസും പരസ്പരം നശിപ്പിക്കാൻ പോരാടി'; ഈ തമ്മിലടിയാണ് ബിജെപിയെ ജയിപ്പിച്ചതെന്ന് ശിവസേന

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കാര്യങ്ങൾ എളുപ്പമാക്കി

MediaOne Logo

Web Desk

  • Updated:

    2025-02-10 07:24:33.0

Published:

10 Feb 2025 12:53 PM IST

AAP-Congress
X

ഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയും കോൺഗ്രസും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്‍ഡ്യാ മുന്നണിയിലെ മറ്റ് കക്ഷികൾ രംഗത്ത്. ഇരുപാര്‍ട്ടികളും തമ്മിലുള്ള പൊട്ടിത്തെറിയാണ് രാജ്യതലസ്ഥാനത്ത് ബിജെപിയുടെ വിജയത്തിലേക്ക് നയിച്ചതെന്ന് ശിവസേന യുബിടി വിഭാഗം ആരോപിച്ചു.

തങ്ങളുടെ ഘടകകക്ഷികൾ കാവി പാർട്ടിക്കെതിരെ പോരാടുന്നതിന് പകരം പരസ്പരം പോരടിക്കുമ്പോൾ എന്തിനാണ് പ്രതിപക്ഷ സഖ്യത്തിന്‍റെ ആവശ്യമെന്ന് സേന യുബിടി പാർട്ടിയുടെ മുഖപത്രമായ 'സാമ്‌ന'യിലെ മുഖപ്രസംഗത്തിൽ ചോദിക്കുന്നു. ഡല്‍ഹിയിലെ 70 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 48 സീറ്റുകൾ നേടിയാണ് അരവിന്ദ് കെജ്‍രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്മിയെ ബിജെപി തലസ്ഥാനത്ത് നിന്ന് തുടച്ചുനീക്കിയത്. ഭരണകക്ഷിയായിരുന്ന എഎപി വെറും 22 സീറ്റില്‍ ചുരുങ്ങി. തുടർച്ചയായ മൂന്നാം തവണയും പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസ് ഇത്തവണയും ഡൽഹിയിൽ അക്കൗണ്ട് തുറന്നില്ല.

''ഡൽഹിയിൽ എഎപിയും കോൺഗ്രസും പരസ്പരം നശിപ്പിക്കാൻ പോരാടി, ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കാര്യങ്ങൾ എളുപ്പമാക്കി. ഇത് തുടരുകയാണെങ്കിൽ, എന്തിനാണ് സഖ്യമുണ്ടാക്കുന്നത്? നിങ്ങളുടെ ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കുക''എഡിറ്റോറിയലിൽ പറയുന്നു. ഡൽഹി തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നതിൽ പ്രതിപക്ഷ പാർട്ടികൾ പരാജയപ്പെട്ടാൽ, അത് മോദിയുടെയും ഷായുടെയും കീഴിലുള്ള സ്വേച്ഛാധിപത്യ ഭരണം എന്ന് വിശേഷിപ്പിച്ചതിനെ ശക്തിപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി. ഈ തമ്മിലടിയാണ് ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും അപ്രതീക്ഷിത പരാജയത്തിന് കാരണമെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.

അരവിന്ദ് കെജ്‌രിവാളിനെതിരായ പരാമർശത്തിന് മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെയും 'സാമ്‌ന' വിമർശിച്ചു. മുൻ അഴിമതി വിരുദ്ധ പ്രസ്ഥാനം ഒരിക്കൽ എഎപി മേധാവിയുടെ രാഷ്ട്രീയത്തിലെ ഉയർച്ചയ്ക്ക് വഴിയൊരുക്കിയെന്നും ചൂണ്ടിക്കാട്ടി. ഡൽഹി തെരഞ്ഞെടുപ്പിലെ തോൽവി രാജ്യത്തെ ജനാധിപത്യ പ്രക്രിയകളെ നേരിട്ട് ബാധിച്ചു. മഹാരാഷ്ട്രയിലെയും ഡൽഹിയിലെയും പ്രതിപക്ഷ പാർട്ടികൾ തമ്മിലുള്ള അനൈക്യമാണ് കാവി ക്യാമ്പിനെ നേരിട്ട് സഹായിച്ചതെന്നും എഡിറ്റോറിയൽ കൂട്ടിച്ചേർക്കുന്നു.

'ഇൻഡ്യ' സഖ്യം ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു എന്ന് ഉദ്ധവ് വിഭാഗം ശിവസേന നേതാവ് സഞ്ജയ് റാവത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.'തമ്മിലടിക്കുന്നത് തുടരൂ' എന്നായിരുന്നു ജമ്മുകശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല പറഞ്ഞത്. ഡൽഹിയിലെ 70ൽ 15 സീറ്റ് കോൺഗ്രസിന് നൽകി, ബാക്കി 55 സീറ്റിൽ ആം ആദ്മി മത്സരിക്കട്ടെ എന്നായിരുന്നു കോൺഗ്രസിന്റെ നിലപാട്. എന്നാൽ ചർച്ചയ്ക്ക് പോലും ഇടയില്ലാത്ത തരത്തിൽ വഴിയടച്ചത് അരവിന്ദ് കെജ്‌രിവാളിന്‍റെ നിലപാടാണെന്ന് കോൺഗ്രസ് വ്യക്തമാക്കുന്നു.സഖ്യ കക്ഷികളുടെ ഈഗോ തുടര്‍ന്നാല്‍ ഡൽഹി ഇനിയും ആവര്‍ത്തിക്കുമെന്നാണ് തൃണമൂലൽ കോൺഗ്രസിന്‍റെ മുന്നറിയിപ്പ്. എൻസിപി, നാഷണൽ കോൺഫറൻസ്, സമാജ് വാദി പാർട്ടി നേതാക്കളും ആശങ്ക പങ്കുവച്ചിരുന്നു.

TAGS :

Next Story