Quantcast

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കി ഇൻഡ്യ മുന്നണി

ഇൻഡ്യ മുന്നണി യോഗം പ്രധാന മന്ത്രിയെ ആക്ഷേപിക്കാൻ മാത്രമാണ് എന്ന വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി

MediaOne Logo

Web Desk

  • Published:

    2 Sept 2023 7:09 AM IST

INDIA bloc leaders
X

ഇന്‍ഡ്യ മുന്നണിയിലെ നേതാക്കള്‍

ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കി ഇൻഡ്യ മുന്നണി. ഇന്നലെ അവസാനിച്ച മുന്നണിയുടെ മൂന്നാം യോഗത്തിന് പിന്നാലെ സീറ്റ് വിഭജന ചർച്ചകൾ വേഗത്തിലാക്കാൻ ആണ് പല പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടിരിക്കുന്നത്. ഇൻഡ്യ മുന്നണി യോഗം പ്രധാന മന്ത്രിയെ ആക്ഷേപിക്കാൻ മാത്രമാണ് എന്ന വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി.

ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമേ ഇനി ശേഷിക്കുന്നുള്ളൂ. എത്രയും വേഗം സീറ്റ് വിഭജനം പൂർത്തിയാക്കണം എന്നാണ് പ്രതിപക്ഷ നിരയിലെ പാർട്ടികളുടെ ആവശ്യം. പ്രതിപക്ഷ പാർട്ടികൾക്കിടയിൽ തർക്കം നിലനിൽക്കുന്ന ഡൽഹി, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ആവശ്യം ശക്തമാകുന്നത്. ആംആദ്മി പാർട്ടിയും തൃണമൂൽ കോൺഗ്രസും ഇൻഡ്യ നേതൃത്വത്തെ നിലപാട് അറിയിച്ചു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയും എത്രയും വേഗം പുറത്തിറക്കാണമെന്നും ഇന്നലെ അവസാനിച്ച യോഗത്തിൽ മമത ബാനർജി ആവശ്യപ്പെട്ടിട്ടുണ്ട്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് പ്രകടന പത്രിക പുറത്തിറക്കാൻ സാധിക്കുന്ന തരത്തിലാകും ഇൻഡ്യ മുന്നണിയുടെ പ്രവർത്തനങ്ങൾ.

മഹാരാഷ്ട്ര, ബിഹാർ സംസ്ഥാനങ്ങൾക്ക് ഇൻഡ്യ മുന്നണിയുടെ മൂന്നാം യോഗം ഏറെ ഗുണം ചെയ്തിട്ടുണ്ട്. ബി.ജെ.പി മുഖ്യ എതിരാളിയായ ബിഹാറിൽ ജെഡിയു ആർജെഡി ബന്ധം യോഗതോടെ കൂടുതൽ ശക്തിപ്പെട്ടു. അധികാരം നഷ്ടപ്പെട്ട മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യത്തിനും മൂന്നാം യോഗം പ്രതീക്ഷ നൽകുന്നുണ്ട്. മുഴുവൻ പ്രതിപക്ഷ പാർട്ടി നേതാക്കളും ഒറ്റക്കെട്ടായി എല്ലാ സംസ്ഥാനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചത് ബി.ജെ.പി ക്യാമ്പിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇൻഡ്യ മുന്നണി യോഗം പ്രധാന മന്ത്രിയെ വിമർശിക്കാൻ മാത്രമുള്ള വേദിയാണെന്ന് വരുത്തി തീർക്കുകയാണ് ബി.ജെ.പി. നരേന്ദ്ര മോദി പ്രഭാവത്തിൽ മാത്രം തെരഞ്ഞെടുപ്പ് വിജയിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട് വന്നതിനു പിന്നാലെ പ്രതിപക്ഷം ശക്തി പ്രാപിക്കുന്നതും ബി.ജെ.പിക്ക് വെല്ലുവിളിയാണ്.

TAGS :

Next Story