'സംഘര്‍ഷ വ്യാപനം ഒഴിവാക്കണം, നിയന്ത്രണം പാലിക്കണം'; പശ്ചിമേഷ്യയിലെ സാഹചര്യങ്ങളില്‍ അങ്ങേയറ്റം ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ
'പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ ചര്‍ച്ചയുടെയും നയതന്ത്രത്തിൻ്റെയും മാര്‍ഗങ്ങള്‍ സ്വീകരിക്കണം'

- Updated:
2026-02-28 14:53:50.0

ന്യൂഡല്‍ഹി: ഇറാനിലെയും ഗള്‍ഫ് മേഖലയിലെയും സംഘര്‍ഷ സാഹചര്യങ്ങളില്‍ ഇന്ത്യ അങ്ങേയറ്റം ആശങ്ക പ്രകടിപ്പിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. എല്ലാവരും നിയന്ത്രണം പാലിക്കണമെന്നും സംഘര്‍ഷം വര്‍ധിക്കുന്നത് ഒഴിവാക്കണമെന്നും സാധാരണക്കാരുടെ സുരക്ഷക്ക് മുന്‍ഗണന നല്‍കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
സംഘര്‍ഷം ഒഴിവാക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ചര്‍ച്ചയുടെയും നയതന്ത്രത്തിന്റെയും മാര്‍ഗങ്ങള്‍ സ്വീകരിക്കണം. എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും അഖണ്ഡതയും ബഹുമാനിക്കപ്പെടണമെന്നും ഇന്ത്യ പറഞ്ഞു. മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുമായി ബന്ധപ്പെടുന്നുണ്ടെന്നും ജാഗ്രതയോടെയിരിക്കാനും സുരക്ഷാ മുന്നറിയിപ്പുകള്‍ അനുസരിക്കാനും നിര്‍ദേശം നല്‍കിയെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
പശ്ചിമേഷ്യ സംഘര്‍ഭരിതമായതോടെ ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. യുഎസ് സൈന്യത്തിന്റെ പിന്തുണയോടെ ഇന്ന് രാവിലെയാണ് ഇറാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. പിന്നീട് വിവിധ സമയങ്ങളിലായി ആക്രമണം തുടര്‍ന്നു. മറുപടിയായി ഇസ്രായേല്‍ ലക്ഷ്യമിട്ട് ഇറാന്‍ മിസൈലുകള്‍ തൊടുത്തു. പിന്നാലെ ഗള്‍ഫ് മേഖലയിലെ യുഎസിന്റെ നിരവധി സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടും ആക്രമണമുണ്ടായി. ഇറാനില്‍ സ്‌കൂളിലുണ്ടായ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 50ലേറെ കുട്ടികള്‍ കൊല്ലപ്പെട്ടു. മേഖലയിലാകെ സംഘര്‍ഷ സാഹചര്യം തുടരുകയാണ്.
Adjust Story Font
16
