'ഇന്ത്യ ഫ്രാൻസിനേക്കാൾ സുരക്ഷിതം'; ഗുജറാത്തിലേക്ക് താമസം മാറാനുള്ള കാരണം പറഞ്ഞ് ഫ്രഞ്ച് യുവതി
മുൻധാരണകൾ കാരണമാണ് വിദേശികൾ പലപ്പോഴും ഈ കാര്യം തിരിച്ചറിയാതെ പോകുന്നുതെന്നാണ് ഫ്രാൻസിൽ നിന്നും ഗുജറാത്തിലേക്ക് താമസം മാറിയ യുവതിയുടെ അഭിപ്രായം

ഇന്ത്യയുടെ സുരക്ഷിതത്വത്തെ പറ്റി നൈജീരിയൻ യൂട്യൂബറും ഫ്രഞ്ച് യുവതിയും തമ്മിൽ നടന്ന സംഭാഷണത്തിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമത്തിൽ വൈറലായിരിക്കുന്നത്. വീഡിയോയിൽ ഇന്ത്യ ഫ്രാൻസിനെക്കാൾ സുരക്ഷിത രാജ്യമാണെന്നാണ് യുവതി പറയുന്നത്. മുൻധാരണകൾ കാരണമാണ് വിദേശികൾ പലപ്പോഴും ഈ കാര്യം തിരിച്ചറിയാതെ പോകുന്നുതെന്നാണ് ഫ്രാൻസിൽ നിന്നും ഗുജറാത്തിലേക്ക് താമസം മാറിയ യുവതിയുടെ അഭിപ്രായം.
'ഇന്ത്യയിൽ താമസിക്കാൻ ഫ്രാൻസ് ഉപേക്ഷിച്ചതാണ് ഈ യുവതി', എന്ന തലക്കെട്ടോടെയാണ് നൈജീരിയൻ യൂട്യൂബർ പാസ്‌കൽ ഒലലെയേ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. മൂന്നുവർഷം മുമ്പ് ഇന്ത്യയിലേക്ക് താമസം മാറിയതിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം ബിസിനസ് നടത്തിവരികയാണ് പാസ്‌കൽ.
രണ്ടുവർഷമായി ഇന്ത്യയിലെത്തി അധ്യാപികയായി ജോലി ചെയ്യുന്ന ഫ്രഞ്ച് യുവതിയാണ് പാസ്‌കൽ യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും പങ്കുവെച്ച വീഡിയോയിലുള്ളത്. ഇന്ത്യയിൽ വിദേശിയായുള്ള ജീവിതം എങ്ങനെയാണെന്നതിന്റെ വിശദീകരണമാണ് വീഡിയോ. സംഭാഷണത്തിനിടയിൽ ഗുജറാത്തിലെ രാജ്‌കോട്ടിലാണ് താൻ താമസിക്കുന്നതെന്ന കാര്യം യുവതി വ്യക്തമാക്കുന്നു.
ഇന്ത്യ തനിക്കേറെ ഇഷ്ടപ്പെട്ട രാജ്യമാണെന്നും എന്നാൽ എക്കാലത്തേക്കുമായി ഇന്ത്യയിൽ തുടരാൻ താൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് യുവതി പറയുന്നത്. കുറച്ച് കാലങ്ങൾക്ക് ശേഷം താമസം മാറാൻ പദ്ധതിയിടുന്നതായും ഒരിടത്തുതന്നെ ഒരുപാട് കാലം തളച്ചിടപ്പെടുന്നത് താൻ ഇഷ്ടപ്പെടാത്തതാണ് ഇതിനുകാരണമെന്നുമാണ് യുവതി നൽകുന്ന വിശദീകരണം.
ഇന്ത്യയെക്കുറിച്ച് വിദേശികൾക്കുള്ള തെറ്റിദ്ധാരണകളെക്കുറിച്ചുള്ള ചോദ്യത്തിനാണ് ഇന്ത്യ ഫ്രാൻസിനേക്കാൾ സുരക്ഷിതമാണെന്ന് യുവതി പറയുന്നത്. ' ഫ്രാൻസ് ഇന്ത്യയോളം സുരക്ഷിതമല്ലെന്നാണോ അഭിപ്രായം?' എന്ന ചോദ്യത്തിനാണ് ഇന്ത്യയാണ് സുരക്ഷിത രാജ്യമെന്ന അഭിപ്രായം യുവതി പങ്കുവെക്കുന്നത്.
അതേസമയം, തന്റെ നിത്യ ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുള്ള ചില അനുഭവങ്ങൾ കാരണം ഇന്ത്യയോട് തനിക്ക് വെറുപ്പും തോന്നിയിട്ടുണ്ടെന്നും യുവതി പറയുന്നു. ഇന്ത്യയെ ഇഷ്ടപ്പെടാനുള്ള കാരണങ്ങൾ തന്നെ ചിലപ്പോഴൊക്കെ വെറുക്കാനും കാരണമായിട്ടുണ്ടെന്നാണ് യുവതി വ്യക്തമാക്കിയത്.
വീഡിയോ വൈറലായതോടെ നിരവധി പേർ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. ഇന്ത്യയിൽ താൻ സുരക്ഷിതനാണെന്നും കാനഡയേക്കാൾ സുരക്ഷിതമാണെന്നുമാണ് ഒരാൾ കമന്റ് ചെയ്തത്. എന്നാൽ യുവതിയുടെ വാദത്തെ പൂർണമായും എതിർത്ത് മറ്റൊരാൾ രംഗത്തെത്തി.
'ഫ്രാൻസിൽ താമസിക്കുന്ന ഇന്ത്യക്കാരനെന്ന നിലയിൽ ഞാൻ ഇതംഗീകരിക്കുന്നില്ല. പോക്കറ്റടി, തട്ടിപ്പറിക്കുക തുടങ്ങിയ സംഭവങ്ങൾ ഫ്രാൻസിൽ സർവ സാധാരണയായി സംഭവിക്കുന്നു എന്നത് ശരിയാണ്. പക്ഷേ പരസ്യമായി സ്ത്രീകളെ അപമാനിക്കുക, മോശമായി സ്പർശിക്കുക, തുറിച്ചു നോട്ടം, മോറൽ പൊലീസിങ്, സ്വകാര്യതയിലേക്ക് ഇടിച്ചുകയറുക തുടങ്ങിയവയുമായി താരതമ്യം ചെയ്യുമ്പോൾ ഫ്രാൻസിൽ സംഭവിക്കുന്നത് ഒന്നുല്ല. ഇന്ത്യ എന്റെ രാജ്യമാണെന്നതും അതിനെ എല്ലാ അർഥത്തിലും ഞാൻ സ്‌നേഹിക്കുന്നവെങ്കിൽ പോലും സത്യം സത്യമായി തന്നെയിരിക്കും' എന്നാണ് കമന്റ്. നിങ്ങൾക്ക് ആരുമായിട്ടാണ് ഇടപെടേണ്ടി വരുന്നതെന്നത് അനുസരിച്ചാണ് നിങ്ങളുടെ അനുഭവങ്ങൾ എന്ന് മറ്റൊരാൾ പ്രതികരിച്ചു.
Adjust Story Font
16

