Quantcast

84 തവണ ഇൻറർനെറ്റ്​ നിരോധനം; ലോകരാജ്യങ്ങളിൽ ഇന്ത്യ രണ്ടാമത്​

54 രാജ്യങ്ങളിലായി ആകെ 296 ഇൻറർനെറ്റ്​ നിരോധനങ്ങളാണ്​ രേഖപ്പെടുത്തിയത്

MediaOne Logo

Web Desk

  • Updated:

    2025-02-25 04:32:45.0

Published:

25 Feb 2025 9:10 AM IST

no internet connection
X

ന്യൂഡൽഹി: 2024-ൽ ഇന്ത്യയിൽ 84 തവണ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ട്​. ലോകരാജ്യങ്ങളിൽ ഇന്ത്യ രണ്ടാമതാണെന്ന്​ ഡിജിറ്റൽ റൈറ്റ്​സ്​ സംഘടനയായ ആക്‌സസ് നൗവിന്റെ റിപ്പോർട്ട് പറയുന്നു. സൈനിക ഭരണകൂടം 85 തവണ ഇൻറർനെറ്റ്​ നിരോധനം ഏർപ്പെടുത്തിയ മ്യാൻമറാണ് പട്ടികയിൽ ഒന്നാമത്​.

2023ൽ 116 ഇൻറർനെറ്റ്​ നിരോധനമാണ്​ ഇന്ത്യയിലുണ്ടായത്​. 2024ൽ ഇതിൽ കുറവുണ്ടായെങ്കിലും ഒരു ജനാധിപത്യ രാജ്യത്തുണ്ടായ ഏറ്റവും വലിയ കണക്കാണിത്​.

ഇന്ത്യയിൽ 16 സംസ്ഥാനങ്ങളിൽ നിരോധനം ഏ​ർപ്പെടുത്തിയിട്ടുണ്ട്​. കലാപം തുടരുന്ന മണിപ്പൂരിൽ 21, ഹരിയാനയിലും ജമ്മു കശ്മീരിലും 12 വീതം എന്നിങ്ങനെ നിരോധനം ഏർപ്പെടുത്തി . ആകെ 84 നിരോധനങ്ങളിൽ 41 എണ്ണം പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടതും 23 എണ്ണം വർഗീയ അക്രമങ്ങളുമായി ബന്ധപ്പെട്ടതുമായിരുന്നു. കഴിഞ്ഞ വർഷം സർക്കാർ ജോലികൾക്കായി നടത്തിയ പരീക്ഷകൾക്കിടെ അഞ്ച് തവണ ഇന്റർനെറ്റ് വിച്ഛേദിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

2024ൽ 54 രാജ്യങ്ങളിലായി ആകെ 296 ഇൻറർനെറ്റ്​ നിരോധനങ്ങളാണ്​ രേഖപ്പെടുത്തിയത്​. 2023-ൽ ആകെ 283 നിരോധനങ്ങളാണ്​ ഉണ്ടായത്​. വർഷാവർഷം സംഘർഷങ്ങൾ, പ്രതിഷേധങ്ങൾ, തെരഞ്ഞെടുപ്പുകൾ, പരീക്ഷകൾ എന്നിവയുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിലാണ് നിരോധനം ഏർപ്പെടുത്തുന്നതെന്ന്​ റിപ്പോർട്ട് പറയുന്നു.

2024ൽ 21 നിരോധനങ്ങളുമായി പാകിസ്​താനാണ്​ പട്ടികയിൽ മൂന്നാമത്​. റഷ്യയിൽ 13ഉം ഉക്രെയ്നിൽ ഏഴും ഫലസ്തീനിൽ ആറും ബംഗ്ലാദേശിൽ അഞ്ചും തവണ നിരോധനമുണ്ടായി.

2024-ൽ രേഖപ്പെടുത്തിയ മൊത്തം നിരോധനങ്ങളുടെ 64 ശതമാനത്തിലധികവും മ്യാൻമർ, ഇന്ത്യ, പാകിസ്​താൻ എന്നീ രാജ്യങ്ങളിലാണെന്നും റിപ്പോർട്ട് പറയുന്നു. ഇന്റർനെറ്റ് നിരോധനങ്ങൾ തുടരുന്ന രാജ്യങ്ങൾ അവയെക്കുറിച്ച്​ അന്വേഷണം നടത്തുകയും ഉത്തരവാദിത്തം വഹിക്കുകയും ഇതി​െൻറ ഇരയായവർക്ക്​ പരിഹാരം ഉറപ്പാക്കുകയും ചെയ്യണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്തു. ‘ഇന്റർനെറ്റ് നിരോധനത്തി​െൻറ മറവിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ചെയ്യുന്നവരെയും അവരുടെ സഹായികളെയും ലഭ്യമായ എല്ലാ നീതിമാർഗങ്ങളിലൂടെയും സർക്കാരുകളും അന്താരാഷ്ട്ര സമൂഹവും പിടികൂടണം’ -റിപ്പോർട്ട് നിർദേശിച്ചു.

TAGS :

Next Story