Quantcast

'നരേന്ദ്രാ കീഴടങ്ങൂ' പരാമര്‍ശം; രാഹുൽ ഗാന്ധിയെ തള്ളി ശശി തരൂര്‍

ഇന്ത്യ-പാക് സംഘർഷത്തിൽ ഒരു ഘട്ടത്തിലും മൂന്നാം കക്ഷി ഇടപെടൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    5 Jun 2025 10:43 AM IST

Shashi Tharoor
X

ഡൽഹി: യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഒറ്റ ഫോൺ കോളിൽ പ്രധാനമന്ത്രി ഭയപ്പെട്ടുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ പ്രതികരണവുമായി ശശി തരൂർ എംപി. ജനാധിപത്യത്തിൽ വിമർശനങ്ങളും അഭിപ്രായപ്രകടനങ്ങളും സാധാരണമാണ്. രാജ്യത്തിന്‍റെ പ്രതിനിധികളായാണ് തങ്ങൾ എത്തിയതെന്നും രാഷ്ട്രീയ ദൗത്യത്തിനല്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ-പാക് സംഘർഷത്തിൽ ഒരു ഘട്ടത്തിലും മൂന്നാം കക്ഷി ഇടപെടൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വിശദീകരിക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘം സന്ദര്‍ശനം നടത്തുന്നതിനിടെയിലാണ് തരൂരിന്‍റെ പ്രതികരണം. സംഘത്തെ നയിക്കുന്നത് കോൺഗ്രസ് എംപിയായ ശശി തരൂരാണ്. ''ഇന്ത്യയോട് ആരും നിര്‍ത്താൻ പറയേണ്ട ആവശ്യമില്ല. കാരണം പാകിസ്താൻ നിര്‍ത്തുന്ന നിമിഷം തന്നെ വെടിനിര്‍ത്തലിന് ഞങ്ങൾ തയ്യാറായിരുന്നു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനത്തിന് അമേരിക്ക മധ്യസ്ഥത വഹിച്ചുവെന്ന ട്രംപിന്‍റെ അവകാശവാദങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധി പരാമർശിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, പാകിസ്താനിൽ നിന്ന് ഏതെങ്കിലും ഭീകരാക്രമണങ്ങൾ ഉണ്ടായാൽ ഇന്ത്യ ഭാവിയിലും പ്രതികരിക്കുമെന്നും തരൂര്‍ വ്യക്തമാക്കി.

"പാകിസ്താനികൾ ഭീകരതയുടെ ഭാഷ ഉപയോഗിക്കുന്നിടത്തോളം കാലം, അവരുടെ അതേ ഭാഷ സംസാരിക്കുന്നതിൽ ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഞങ്ങൾ ബലപ്രയോഗത്തിന്‍റെ ഭാഷ ഉപയോഗിക്കും, അതിന് മൂന്നാം കക്ഷിയുടെ ആവശ്യമില്ല," അദ്ദേഹം പറഞ്ഞു. എന്നാൽ അമേരിക്കയോട് ഇന്ത്യക്ക് ബഹുമാനമുണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. തരൂരിന് പാര്‍ട്ടിയെക്കാൾ വലുത് രാജ്യമാണെന്ന് പ്രതിനിധി സംഘത്തിലെ മറ്റൊരു അംഗമായ മിലിന്ദ് ദിയോറ പറഞ്ഞു.

ഭോപ്പാലിൽ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു പ്രതിപക്ഷ രാഹുൽ ഗാന്ധിയുടെ വിമര്‍ശനം.'ട്രംപ് ഒരു ചെറിയ സൂചന നല്‍കി മോദിക്ക്. അദ്ദേഹം ഫോണ്‍ എടുത്ത് ഇന്ത്യയുടെ പ്രധാനമന്ത്രിയെ വിളിച്ചു, എന്നിട്ട് പറഞ്ഞു, 'മോദി ജീ, താങ്കള്‍ എന്താണ് ചെയ്യുന്നത്? നരേന്ദ്രാ, കീഴടങ്ങൂ.' മറുപടിയായി, 'ശരി സര്‍' എന്നുപറഞ്ഞ് നരേന്ദ്ര മോദി ട്രംപ് നല്‍കിയ സൂചന അനുസരിച്ചു,' രാഹുല്‍ ഗാന്ധി പരിഹസിച്ചു. 1971ലെ യുദ്ധത്തിന്‍റെ സമയത്ത് ഇന്ദിരാ ഗാന്ധി എടുത്ത തീരുമാനങ്ങളെ ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഹുലിന്‍റെ പരിഹാസം.

'ഇത്തരം ഫോണ്‍കോളുകള്‍ ഇല്ലാതിരുന്ന ഒരു യുദ്ധകാലത്തെപ്പറ്റി നിങ്ങള്‍ക്ക് ഓര്‍മയുണ്ടാവും. 1971ലെ യുദ്ധത്തിന്‍റെ സമയത്ത്.. ആയുധങ്ങള്‍ വന്നു, വിമാനവാഹിനികള്‍ വന്നു. അപ്പോള്‍ ഇന്ദിരാ ഗാന്ധി പറഞ്ഞു, 'ഞാന്‍ എന്താണോ ചെയ്യേണ്ടത്, അത് ഞാന്‍ ചെയ്തിരിക്കും'. അതാണ് വ്യത്യാസം, അതാണ് വ്യക്തിത്വം. സ്വാതന്ത്ര്യസമരകാലം മുതലേ ബിജെപിക്കാര്‍ ഇങ്ങനെയാണ്, കീഴടങ്ങല്‍ കത്തുകള്‍ എഴുതലാണ് അവരുടെ രീതി,' എന്നാണ് രാഹുൽ പറഞ്ഞത്.

TAGS :

Next Story