Quantcast

'ഇന്ത്യയുടെ നിയമ വ്യവസ്ഥയിൽ ഇടപെടരുത്'; ടീസ്റ്റയുടെ അറസ്റ്റിൽ പ്രതികരിച്ച യു.എന്നിനെതിരെ ഇന്ത്യ

ടീസ്റ്റയെ ഉടൻ വിട്ടയക്കണമെന്നും വാർത്തയുടെ പേരിൽ മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യരുതെന്നും അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-06-29 10:29:38.0

Published:

29 Jun 2022 9:41 AM GMT

ഇന്ത്യയുടെ നിയമ വ്യവസ്ഥയിൽ ഇടപെടരുത്; ടീസ്റ്റയുടെ അറസ്റ്റിൽ പ്രതികരിച്ച യു.എന്നിനെതിരെ ഇന്ത്യ
X

മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റിൽ പ്രതികരിച്ച യു.എൻ മനുഷ്യാവകാശ കൗൺസിലിനെതിരെ ഇന്ത്യ. വിഷയത്തിൽ കൗൺസിൽ നടത്തിയ പരാമർശങ്ങൾ അംഗീക്കാനാവാത്തതാണെന്നും ഇന്ത്യയുടെ നിയമ വ്യവസ്ഥയിൽ ഇടപെടരുതെന്നും അധികൃതർ ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇന്ത്യ ഉത്തരം പറയേണ്ടിവരുമെന്നായിരുന്നു യു.എൻ മനുഷ്യാവകാശ കൗൺസിൽ പ്രതികരിച്ചത്. ടീസ്റ്റ സെതൽവാദിനെയും മുഹമ്മദ് സുബൈറിനെയും അറസ്റ്റ് ചെയ്തതിനെതിരെ യു.എൻ ട്വിറ്ററിൽ പ്രതികരിക്കുകയായിരുന്നു. ടീസ്റ്റയെ ഉടൻ വിട്ടയക്കണമെന്നും വാർത്തയുടെ പേരിൽ മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യരുതെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.

2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചുവെന്ന് ആരോപിച്ചാണ് ഇരകൾക്കായി പ്രവർത്തിച്ച ടീസ്റ്റ സെതൽവാദിനെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സംഘം അറസ്റ്റ് ചെയ്തത്. സുബൈറിനെ വർഷങ്ങൾക്ക് മുമ്പുള്ള ട്വീറ്റിന്റെ പേരിലുമാണ് അറസ്റ്റ് ചെയ്തത്. ഒരു സിനിമയിൽ നിന്നുള്ള ദൃശ്യം പങ്കുവെച്ചതിന് മതവികാരം വൃണപ്പെടുത്തിയെന്ന് കാണിച്ചായിരുന്നു അറസ്റ്റ്.

അതേസമയം, ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് വ്യാജരേഖകൾ ചമച്ചെന്ന കേസിൽ കൂടുതൽ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിനെയും മുൻ ഗുജറാത്ത് ഡി.ജി.പി ആർ.ബി ശ്രീകുമാറിനെയുമാണ് ഇപ്പോൾ അറസ്റ്റ് ചെയ്തതിരിക്കുന്നത്. ഇവർക്കൊപ്പം മറ്റെരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്.

ജൂലൈ രണ്ട് വരെ ഇരുവരെയും റിമാന്റ് ചെയ്തിരിക്കുകയാണ്. രണ്ടുപേരുടെയും ചോദ്യം ചെയ്യൽ ഉടൻ ആരംഭിക്കും. അതേ സമയം സാകിയ ജാഫ്രിയുടെ ഹരജിയിൽ സുപ്രിംകോടതി നിലപാട് നിരാശാജനകമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. കോൺഗ്രസ് ഇഹ്‌സാൻ ജഫ്രിക്കൊപ്പമെന്നും അദ്ദേഹം പറഞ്ഞു.

ടീസ്റ്റയെയും ആർ.ബി ശ്രീകുമാറിനെയും ഉടൻ വിട്ടയക്കണമെന്നാവശ്യപ്പെട്ട് 2,250 പ്രമുഖർ സംയുക്ത പ്രസ്താവനയിറക്കി. കോടതി വിധി പുനപ്പരിശോധിക്കണമെന്നും ആവശ്യമുണ്ട്. അരുണ റോയ്, ശബാന ആസ്മി, ആകാർ പട്ടേൽ, അഡ്മിറൽ രാംദാസ്, സയ്യിദ ഹമീദ്, രൂപർഖ വർമ, ടി.എം.കൃഷ്ണ, ഗീയ ഹരിഹരൻ, സന്ദീപ് പാണ്ഡെ, മല്ലിക സാരാഭായ് എന്നിവർ പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്.


India opposes UN Human Rights Council over Teesta's arrest

TAGS :

Next Story