ഗ്ലോബൽ ജൻഡർ ഗ്യാപ് ഇൻഡക്സിൽ ഇന്ത്യ 131-ാം സ്ഥാനത്തേക്ക് താഴ്ന്നു
രാഷ്ട്രീയ ശാക്തീകരണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും സാക്ഷരതയിലും വിദ്യാഭ്യാസ നേട്ടങ്ങളിലും മികവ് രേഖപ്പെടുത്തി

ന്യൂഡൽഹി: വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഈ വർഷത്തെ ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ടിൽ കഴിഞ്ഞ വർഷത്തിൽ നിന്ന് രണ്ട് സ്ഥാനം താഴേക്ക് പോയി ഇന്ത്യ 131-ാം സ്ഥാനത്ത്. റിപ്പോർട്ട് പ്രകാരം 64.1% തുല്യതാ സ്കോറുമായി ദക്ഷിണേഷ്യയിലെ ഏറ്റവും താഴ്ന്ന റാങ്കുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. സാമ്പത്തിക പങ്കാളിത്തവും, വിദ്യാഭ്യാസ നേട്ടം, ആരോഗ്യവും അതിജീവനവും, രാഷ്ട്രീയ ശാക്തീകരണം എന്നീ നാല് പ്രധാന മാനങ്ങളിലുള്ള ലിംഗസമത്വത്തെയാണ് ഗ്ലോബൽ ജൻഡർ ഗ്യാപ് സൂചിക അളക്കുന്നത്.
തൊഴിൽ സേന പങ്കാളിത്ത നിരക്കിലെ സ്കോറുകൾ കഴിഞ്ഞ വർഷത്തെ പോലെ തന്നെ (45.9%) തുടർന്നു. ഇന്ത്യ ഇതുവരെ നേടിയതിൽ വച്ച് ഏറ്റവും ഉയർന്ന നിരക്കാണിത്. വിദ്യാഭ്യാസ നേട്ടത്തിൽ ഇന്ത്യ 97.1% സ്കോർ നേടിയതായി റിപ്പോർട്ട് പറയുന്നു. ഇത് സാക്ഷരതയിലും ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിലും സ്ത്രീകളുടെ വിഹിതത്തിലെ പോസിറ്റീവ് മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നു.
രാഷ്ട്രീയ ശാക്തീകരണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ ഇന്ത്യ [-0.6 പോയിന്റുകൾ] നേരിയ ഇടിവ് രേഖപ്പെടുത്തി. പാർലമെന്റിലെ സ്ത്രീ പ്രാതിനിധ്യം 2025ൽ 14.7% ൽ നിന്ന് 13.8% ആയി കുറഞ്ഞു. അതുപോലെ മന്ത്രി സ്ഥാനങ്ങളിലെ സ്ത്രീകളുടെ പങ്ക് 6.5% ൽ നിന്ന് 5.6% ആയി കുറഞ്ഞു.
രാഷ്ട്രീയ ശാക്തീകരണത്തിലും സാമ്പത്തിക പങ്കാളിത്തത്തിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ബംഗ്ലാദേശ് ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച പ്രകടനക്കാരനായി ഉയർന്നുവന്നു. 75 സ്ഥാനങ്ങൾ മുന്നേറി ആഗോളതലത്തിൽ 24-ാം സ്ഥാനത്തെത്തി. നേപ്പാൾ 125-ാം സ്ഥാനത്തും ശ്രീലങ്ക 130-ാം സ്ഥാനത്തും ഭൂട്ടാൻ 119-ാം സ്ഥാനത്തും മാലിദ്വീപ് 138-ാം സ്ഥാനത്തും പാകിസ്ഥാൻ 148-ാം സ്ഥാനത്തുമാണ്.
Adjust Story Font
16

