Quantcast

'ഇന്ത്യയെ നക്‌സൽ മുക്തമാക്കും'; സുരക്ഷാ സേനയെ അഭിനന്ദിച്ച് അമിത് ഷാ

കാങ്കർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ മുതിർന്ന വിമത നേതാവ് ശങ്കർ റാവു ഉൾപ്പെടെ 29 മാവോയിസ്റ്റുകളെയാണ് സുരക്ഷാ സേന വധിച്ചത്

MediaOne Logo

Web Desk

  • Published:

    17 April 2024 2:35 AM GMT

Amit Shah,Naxalism,  Naxals,Chhattisgarh,അമിത് ഷാ,നക്സലുകളെ വധിച്ചു,Naxal-free.,
X

ന്യൂഡൽഹി: ഛത്തീസ്ഗഡിലെ കാങ്കറിൽ 29 നക്സലുകൾ കൊല്ലപ്പെട്ടതിന് പിന്നാലെ സുരക്ഷാ സേനയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ' ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുടെ ഓപ്പറേഷനിൽ ധാരാളം നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. ഈ ഓപ്പറേഷൻ വിജയിപ്പിച്ച എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരെയും ഞാൻ അഭിനന്ദിക്കുന്നു, പരിക്കേറ്റ ധീരരായ പൊലീസുകാർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ'.. അമിത് ഷാ സോഷ്യൽമീഡിയയായ 'എക്സിൽ' കുറിച്ചു. സർക്കാർ നയവും സുരക്ഷാ സേനയുടെ പരിശ്രമവും മൂലം നക്‌സലിസം ഒരു ചെറിയ പ്രദേശത്ത് മാത്രമായി ഒതുങ്ങിപ്പോയി.ഉടൻ തന്നെ ഛത്തീസ്ഗഡും ഇന്ത്യയും പൂർണമായി നക്‌സൽ വിമുക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ, നക്‌സലിസത്തിന്റെ വിപത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള ദൃഢനിശ്ചയത്തിലാണ് ഞങ്ങൾ' ഷാ പറഞ്ഞു.

'ഓപ്പറേഷൻ പുരോഗമിക്കുമ്പോൾ തന്നെ, ബിഎസ്എഫ് ടീമിന് നേരെ മാവോയിസ്റ്റ് കേഡറുകളിൽ നിന്ന് വെടിവയ്പുണ്ടായി, ബിഎസ്എഫ് സൈനികർ ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടലിനിടെ, ഒരു ബിഎസ്എഫ് ജവാന് കാലിൽ വെടിയേറ്റു, അദ്ദേഹം അപകടനില തരണം ചെയ്തു,'' ഏറ്റുമുട്ടലിന് ശേഷം ബിഎസ്എഫ് പ്രസ്താവനയിൽ അറിയിച്ചു.

കാങ്കർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ മുതിർന്ന വിമത നേതാവ് ശങ്കർ റാവു ഉൾപ്പെടെ 29 മാവോയിസ്റ്റുകളെയാണ് സുരക്ഷാ സേന വധിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഏറ്റുമുട്ടലുണ്ടായത്. എകെ-47, ഇൻസാസ് റൈഫിളുകൾ ഉൾപ്പെടെ നിരവധി ആയുധങ്ങളും കണ്ടെടുത്തു. അന്വേഷണ ഏജൻസികൾ തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ടിട്ടുള്ള മാവോയിസ്റ്റാണ് കൊല്ലപ്പെട്ട ശങ്കർ റാവു.

ബിനഗുണ്ട ഗ്രാമത്തിന് സമീപമുള്ള വനത്തിൽ നടന്ന വെടിവെപ്പിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്ന് പേരിൽ രണ്ട് പേർ ബിഎസ്എഫിൽ നിന്നുള്ളവരാണ്. ഇവരുടെ നില തൃപ്തികരമാണെങ്കിലും ഡിആർജി അംഗമായ മൂന്നാമത്തെയാളുടെ നില അതീവ ഗുരുതരമാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഡിആർജി-ബിഎസ്എഫ് സംയുക്ത സംഘം മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു.സംസ്ഥാനത്തെ മാവോയിസ്റ്റ് പ്രവർത്തനങ്ങളെ ചെറുക്കുന്നതിനായി 2008ലാണ് ഡിആർജി രൂപീകരിക്കുന്നത്. അതിർത്തി സുരക്ഷാ സേനയെ കലാപ വിരുദ്ധ പ്രവർത്തനങ്ങൾക്കായി പ്രദേശത്ത് വ്യാപകമായി വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടിരുന്നു. ഒരു തോക്കും ചില സ്‌ഫോടക വസ്തുക്കളും സുരക്ഷാ സേന കണ്ടെടുത്തിരുന്നു. ഛത്തീസ്ഗഡ് പൊലീസ് സേനയുടെ രണ്ട് യൂണിറ്റുകളായ ഡിആർജിയിലെയും ബസ്തർ ഫൈറ്റേഴ്‌സിലെയും ഉദ്യോഗസ്ഥർ അതിർത്തി രക്ഷാ സേനയുമായി ചേർന്നാണ് ആ ഓപ്പറേഷനിൽ പങ്കെടുത്തതെന്ന് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

TAGS :

Next Story