Quantcast

പ്രവാചകനിന്ദയിൽ ബി.ജെ.പിയുടെ വിശദീകരണക്കുറിപ്പ് മാധ്യമങ്ങൾക്ക് അയച്ച് ഒമാനിലെ ഇന്ത്യൻ എംബസി; വിമർശനവുമായി ശശി തരൂർ

ഔദ്യോഗിക സർക്കാർ സംവിധാനം രാഷ്ട്രീയ പാർട്ടിയുടെ ആശയപ്രചാരണത്തിനായി ഉപയോഗിച്ചതിൽ പ്രതിഷേധം ശക്തമാകുകയാണ്

MediaOne Logo

Web Desk

  • Published:

    7 Jun 2022 3:36 PM GMT

പ്രവാചകനിന്ദയിൽ ബി.ജെ.പിയുടെ വിശദീകരണക്കുറിപ്പ് മാധ്യമങ്ങൾക്ക് അയച്ച് ഒമാനിലെ ഇന്ത്യൻ എംബസി; വിമർശനവുമായി ശശി തരൂർ
X

ന്യൂഡൽഹി: ദേശീയ വക്താവ് നുപൂർ ശർമയുടെ പ്രവാചകനിന്ദാ പരാമർശത്തിൽ ബി.ജെ.പി പുറത്തിറക്കിയ വിശദീകരണക്കുറിപ്പ് മാധ്യമങ്ങൾക്ക് വിതരണം ചെയ്ത് ഒമാനിലെ ഇന്ത്യൻ എംബസി. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയും പാർട്ടി ആസ്ഥാനത്തിന്റെ തലവനുമായ അരുൺ സിങ് പുറത്തിറക്കിയ കുറിപ്പാണ് എംബസിയുടെ ഔദ്യോഗിക ഇ-മെയിൽ വഴി ഒമാനിലെ മാധ്യമങ്ങൾക്ക് അയച്ചത്.

ഔദ്യോഗിക സർക്കാർ സംവിധാനം രാഷ്ട്രീയ പാർട്ടിയുടെ ആശയപ്രചാരണത്തിനായി ഉപയോഗിച്ചതിൽ പ്രതിഷേധം ശക്തമാകുകയാണ്. ഗുരുതരമായ വിഷയമാണിതെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി പ്രതികരിച്ചു. 'അമിതാവേശത്തിലുള്ള ഈ സന്ദേശത്തിലൂടെ സർക്കാരും ഒരു രാഷ്ട്രീയ പാർട്ടിയും തമ്മിലുള്ള അന്തരം മറന്നുപോയിരിക്കുന്നത്.'' അദ്ദേഹം ട്വീറ്റ് ചെയ്തു. എംബസി ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.

എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ റെജിമോൻ കുട്ടപ്പനാണ് എംബസിയുടെ നടപടി ആദ്യമായി ചർച്ചയാക്കിയത്. ''മസ്‌കത്തിലെ ഇന്ത്യൻ എംബസി ബി.ജെ.പിയുടെ പ്രസ്താവന മാധ്യമങ്ങൾക്ക് അയച്ചതായുള്ള വിവരം ഞെട്ടിപ്പിക്കുന്നതാണ്. ഒരു സർക്കാർ സ്ഥാപനത്തിന് ഇങ്ങനെ ചെയ്യാൻ പറ്റുമോ?'' എംബസി അയച്ച ഇ-മെയിൽ സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ട് സഹിതം റെജിമോൻ ട്വീറ്റ് ചെയ്തു.

എല്ലാ മതങ്ങളെയും പാർട്ടി ബഹുമാനിക്കുന്നുണ്ടെന്നും ഏതു മതനേതാക്കൾക്കെതിരായ അവഹേളനങ്ങളെയും ശക്തമായി തള്ളിപ്പറയുന്നുവെന്നുമായിരുന്നു അരുൺ സിങ് വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കിയത്.ബി.ജെ.പി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ടെന്നും ഏതു മതത്തെയും വിഭാഗത്തെയും അവഹേളിക്കുന്ന ഏതു പ്രത്യയശാസ്ത്രത്തിനും ശക്തമായി എതിർക്കുന്നുവെന്നും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് വാർത്താകുറിപ്പിൽ വ്യക്തമാക്കി.

നുപൂർ ശർമയുടെ വിവാദ പ്രസ്താവന അറബ് ലോകത്തടക്കം കോളിളക്കം സൃഷ്ടിച്ചതോടെയായിരുന്നു ബി.ജെ.പിയുടെ പ്രതികരണം പുറത്തുവന്നത്. പിന്നാലെ നുപൂറിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. പാർട്ടിയുടെ ഡൽഹി മാധ്യമവിഭാഗം ചുമതല വഹിക്കുന്ന നവീൻ കുമാർ ജിൻഡാലിനെതിരെയും സമാനമായ വിഷയത്തിൽ സസ്‌പെൻഡ് ചെയ്തിരുന്നു.

Summary: Indian embassy in Oman sends BJP statement on Nupur Sharma's blasphemous remarks on the Prophet Muhammed, to media through official email; Shashi Tharoor criticizes

TAGS :

Next Story