ബംഗ്ലാദേശിലെ 'ഹിന്ദു വ്യാപാരി'യെ കൊന്ന് മൃതദേഹത്തിൽ നൃത്തം ചെയ്ത സംഭവം: വസ്തുത എന്ത്?
എൻഡി ടിവി, ഇന്ത്യാ ടുഡേ, വിയോൺ അടക്കമുള്ള മാധ്യമങ്ങൾ ഹിന്ദു വ്യാപാരിയെ അടിച്ചുകൊന്നു എന്ന തലക്കെട്ടിലാണ് വാര്‍ത്ത നൽകിയത്

ഡൽഹി: ബംഗ്ലാദേശിൽ ഹിന്ദു വ്യവസായിയെ മതമൗലിക വാദികൾ കോൺക്രീറ്റ് സ്ലാബിനടിച്ച് കൊലപ്പെടുത്തി, മൃതദേഹത്തിന് മുകളിൽ നൃത്തം ചെയ്തു - ചില ഇന്ത്യൻ ദേശീയ മാധ്യമങ്ങളിലും സൈബർ ഇടങ്ങളിലും വലിയ തോതിൽ പ്രചരിപ്പിക്കട്ട വാർത്തയാണിത്. സ്ക്രാപ്പ് വ്യാപാരിയായ ലാൽ ചന്ദ് സൊഹാഗ് ആണ് കൊല്ലപ്പെട്ടതെന്നായിരുന്നു വാര്‍ത്ത. ബിസിനസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കൊലപാതകത്തിന് ശേഷം അക്രമികൾ മൃതദേഹത്തിന് മുകളിൽ നൃത്തം ചെയ്തുവെന്നതും വാർത്തയെ കൂടുതൽ സ്തോഭജനമാക്കി. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായി.
വാര്‍ത്ത ഇങ്ങനെ:
ബംഗ്ലാദേശിൽ ഹിന്ദു വ്യാപാരിയെ ആൾക്കൂട്ടം മർദ്ദിച്ചുകൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തം. ധാക്കയിലെ മിറ്റ്ഫോർഡ് ആശുപത്രിക്ക് സമീപം കഴിഞ്ഞ ബുധനാഴ്ചയാണ് ലാൽ ചന്ദ് എന്നയാളെ ക്രൂരമായി കൊലപ്പെടുത്തിയത്. കോൺക്രീറ്റ് സ്ലാബ് കൊണ്ട് ലാലിനെ അടിച്ചുകൊല്ലുന്നതിന്‍റെ ദൃശ്യം വ്യാഴാഴ്ച സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
ലാൽ മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം അക്രമികൾ മൃതദേഹത്തിനുമുകളിൽ നിന്ന് നൃത്തം ചെയ്യുന്നത് വീഡിയോയിലുണ്ട്. പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലുൾപ്പെട്ടെ 19 പേരെ തിരിച്ചറിഞ്ഞെന്നും 20 ഓളം പേരെ തിരിച്ചറിയാനുണ്ടെന്നുമാണ് റിപ്പോർട്ട്.
എൻഡി ടിവി, ഇന്ത്യാ ടുഡേ, വിയോൺ അടക്കമുള്ള മാധ്യമങ്ങൾ ഹിന്ദു വ്യാപാരിയെ അടിച്ചുകൊന്നു എന്ന തലക്കെട്ടിലാണ് വാര്‍ത്ത നൽകിയത്. പ്രമുഖ ഇന്ത്യൻ മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ സൊഹാഗിനെ ഒരു ഹിന്ദുവായി പരാമർശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ വ്യക്തിപരമായ പശ്ചാത്തലങ്ങളെ കുറിച്ച് വാര്‍ത്തയിൽ ഒരു വിവരവും നൽകിയിരുന്നില്ല.
കൊല്ലപ്പെട്ട ലാൽ ചന്ദ് ഹിന്ദുവാണെന്ന് അവകാശപ്പെട്ട് നിരവധി ഇന്ത്യൻ മാധ്യമങ്ങൾ തെറ്റായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതായി ബംഗ്ലാദേശിലെ ചീഫ് അഡ്വൈസേഴ്സ് പ്രസ് വിംഗ് (CA Press Wing) വ്യക്തമാക്കി. "യഥാർഥത്തിൽ മുഹമ്മദ് സൊഹാദ് എന്ന ലാൽ ചന്ദ് ഒരു മുസ്‍ലിം ബിസിനസുകാരനായിരുന്നു," പ്രസ് വിംഗ് ഞായറാഴ്ച ഫേസ്ബുക്ക് പേജായ സിഎ പ്രസ് വിംഗ് ഫാക്ട്സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ വ്യക്തമാക്കി. "ബംഗ്ലാദേശിൽ ന്യൂനപക്ഷ പീഡനം നടക്കുന്നതായി ഇന്ത്യൻ മാധ്യമങ്ങൾ തുടർച്ചയായി തെറ്റായ റിപ്പോർട്ടുകൾ പ്രചരിപ്പിക്കുന്നു''വെന്നും പ്രസ്താവനയിൽ പറയുന്നു.
വെള്ളിയാഴ്ച ഇസ്‍ലാംപൂര്‍ ഗ്രാമത്തിലെ കുടുംബ ശ്മശാനത്തിൽ മാതാവിന്‍റെ ശവകുടീരത്തിനരികിലാണ് സൊഹാഹിനെ അടക്കം ചെയ്തത്. മാത്രമല്ല, ബംഗ്ലാദേശി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെ പേരുകൾ അദ്ദേഹം ഒരു മുസ്‍ലിമായിരുന്നുവെന്ന് വെളിപ്പെടുത്തുന്നു. ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്‍റെ ഫാക്ട് ചെക്ക് വിഭാഗവും ഈ വാര്‍ത്ത വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
സൊഹാഗിന് ഏഴുമാസം പ്രായമുള്ളപ്പോൾ അദ്ദേഹത്തിന്‍റെ പിതാവ് മുഹമ്മദ് അയൂബ് അലി ഇടിമിന്നലേറ്റ് മരിച്ചു. ഭർത്താവിന്‍റെ മരണശേഷം ഉപജീവനത്തിനായി സൊഹാഗിന്‍റെ മാതാവ് ആലിയ ബീഗം ധാക്കയിലേക്ക് താമസം മാറ്റിയിരുന്നു. ഫാത്തിമ ആണ് ലാൽ ചന്ദിന്‍റെ സഹോദരി , ഭാര്യ ലക്കി ബീഗം. സോഹൻ എന്ന മകനുമുണ്ട്.വർഷങ്ങളായി കടയിൽ നിന്ന് ഒരു ക്രിമിനൽ സംഘം പ്രതിമാസം 2 ലക്ഷം രൂപ ഭീഷണിപ്പെടുത്തി തട്ടിയെടുക്കാറുണ്ടെന്ന് സഹോദരിയും ഭാര്യയും പറഞ്ഞു. എന്നാൽ പണം നൽകാൻ സൊഹാഗ് വിസമ്മതിച്ചു. ബുധനാഴ്ച, ഗുണ്ടാസംഘം സൊഹാഗിനെ വിളിച്ചുവരുത്തി മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) യുടെ യുവജന വിഭാഗം വിഭാഗം പ്രവര്‍ത്തകരാണ് വ്യാപാരിയുടെ കൊലപാതകത്തിന് പിന്നിലെന്ന് ബംഗ്ലാദേശിലെ ബിഡിന്യൂസ്24 റിപ്പോർട്ട് ചെയ്തു. കൊലപാതകക്കുറ്റത്തിൽ പ്രതിചേർക്കപ്പെട്ട നാല് പ്രവർത്തകരെയും ഉടൻ പുറത്താക്കിയതായി പാർട്ടി അറിയിച്ചു.
Adjust Story Font
16

