ക്രിക്കറ്റ് താരം മുഹമ്മദ് ഷമി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി
കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷായുമായി ഷമി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.

ലഖ്‌നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിലെത്തിയാണ് ഷമി അദ്ദേഹത്തെ കണ്ടത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ യോഗി ആദിത്യനാഥ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഷമി ബിജെപിയിൽ ചേരുന്നതിന്റെ സൂചനയാണ് കൂടിക്കാഴ്ചയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
भारतीय क्रिकेट टीम के प्रख्यात गेंदबाज मोहम्मद शमी जी से आज लखनऊ स्थित सरकारी आवास पर शिष्टाचार भेंट हुई।@MdShami11 pic.twitter.com/M7DQl6VnGB
— Yogi Adityanath (@myogiadityanath) May 19, 2025
നിലവിൽ ഐപിഎല്ലിൽ കളിക്കുന്ന താരം ക്രിക്കറ്റിൽനിന്ന് വിരമിക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ അടിത്തിടെ പുറത്തുവന്നിരുന്നു. ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ചതിന് ശേഷം ഷമി രാഷ്ട്രീയത്തിൽ സജീവമാകുമെന്നും അഭ്യൂഹങ്ങളുണ്ട്. കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷായുമായി ഷമി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് താരമായ ഷമിക്ക് ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞിരുന്നില്ല. ഒമ്പത് മത്സരങ്ങളിൽ നിന്ന് ആറുവിക്കറ്റ് മാത്രമാണ് താരം നേടിയത്. ഹൈദരാബാദ് ഐപിഎല്ലിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു. അടുത്ത മാസം നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ ഷമി കളിക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല. 2023ൽ ഓസീസിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യക്കായി ടെസ്റ്റ് കളിച്ചത്.
Adjust Story Font
16

